Breaking News

*വിലക്കിയും വടിയെടുത്തും കമ്മിഷൻ: എന്താണ് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം? എന്തെല്ലാം ശ്രദ്ധിക്കണം?*

ന്യൂഡൽഹി :  കേരളം, തമിഴ്നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതോടെ, മാതൃകാപെരുമാറ്റച്ചട്ടവും നിലവിൽവന്നുകഴിഞ്ഞു. രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും അനുസരിക്കേണ്ട പെരുമാറ്റച്ചട്ടം എന്താണ്? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? അറിയാം വിശദമായി.

*എന്താണ് പെരുമാറ്റച്ചട്ടം?*

തിരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും മറ്റുള്ളവരും പിൻതുടരേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ മാർഗനിർദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചാണ് ഇതു തയാറാക്കുന്നത്. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പു കുറ്റകൃത്യങ്ങൾ, കള്ളവോട്ട്, പണം നൽകി വോട്ടർമാരെ സ്വാധീനിക്കൽ ഇതെല്ലാം തടയാൻ നടപടി സ്വീകരിക്കും. പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പുവരുത്തും. തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കുന്ന തീയതി മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവരും. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ തുടരും.

*എന്തൊക്കെയാണ് പ്രധാന പെരുമാറ്റച്ചടങ്ങൾ?*

∙ തിരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക സഹായം അനുവദിക്കാൻ ജനപ്രതിനിധികൾക്ക് കഴിയില്ല. സർക്കാർ ഫണ്ട് ഉപയോഗിച്ചു നിർമിക്കാൻ അനുമതി ലഭിച്ച പദ്ധതികളുടെ ജോലികൾ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം ആരംഭിക്കരുത്. നിർമാണം ആരംഭിച്ച ജോലികൾ നിർത്തിവയ്‌ക്കേണ്ടതില്ല.

∙ എംപിമാരുടെയോ എംഎൽഎമാരുടെയോ പ്രാദേശിക വികസന ഫണ്ടിൽനിന്ന് പുതിയ പദ്ധതികൾക്കു പണം അനുവദിക്കാൻ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സാധിക്കില്ല.

∙ പുതിയ പദ്ധതികൾക്ക് ശിലാസ്ഥാപനം നടത്താൻ ജനപ്രതിനിധികൾക്ക് കഴിയില്ല. അടിയന്തര പദ്ധതികൾക്ക് കമ്മിഷന്റെ അനുമതി വേണം. പൂർത്തിയായ പദ്ധതികൾക്കു പണം നൽകുന്നതിൽ തടസ്സമില്ല. ഉദ്യോഗസ്ഥർക്ക് മാത്രമായി പദ്ധതികളുടെ ഉദ്ഘാടനം നടത്താം.

∙ തിരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ കഴിയില്ല. മാറ്റണമെങ്കിൽ കമ്മിഷന്റെ അനുമതി വേണം.

∙ ജനപ്രതിനിധികൾ ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ പാടില്ല.

∙ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മന്ത്രിമാരോ ജനപ്രതിനിധികളോ ഔദ്യോഗിക വാഹനം ഉപയോഗിക്കരുത്.

∙ നേരത്തേ സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കം ചെയ്യേണ്ടതുണ്ട്.

∙ പൊതുപണമുപയോഗിച്ചു സ്ഥാപിച്ച എല്ലാ ബോർഡുകളും പ്രചാരണ സാമഗ്രികളും നീക്കം ചെയ്യണം.

∙ രക്തസാക്ഷിത്വ ദിനം, സദ്ഭാവനാദിനം, പ്രധാന നേതാക്കളുടെ ജന്മദിനാചരണം പോലുള്ള ചടങ്ങുകളിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ പങ്കെടുക്കുന്നതിൽ വിലക്കില്ല. അവരുടെ പ്രസംഗം ചടങ്ങിനു കാര്യമായ വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കണം.

∙ സർവകലാശാലയിലെയോ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയോ ബിരുദസമർപ്പണ ചടങ്ങുകളിൽ ഗവർണർക്കു മാത്രം പങ്കെടുക്കാം.

∙ തടവുപുള്ളികൾക്കു പരോൾ അനുവദിക്കുന്നത് അനിവാര്യമാണെന്നു സർക്കാരിനു ബോധ്യമായാൽ തിരഞ്ഞെടുപ്പു കമ്മിഷനുമായി ആലോചിച്ച് തീരുമാനമെടുക്കാം

*കമ്മിഷന്റെ അനുമതിയില്ലാതെ സർക്കാരിന് ചെയ്യാവുന്നത്*

പൾസ് പോളിയോ പോലുള്ളവയുടെ ബോധവൽക്കരണ പ്രചാരണം, കോടതി നിർദേശമുണ്ടെങ്കിൽ ആശ്രിത നിയമനം, ഒരു ഉദ്യോഗസ്ഥന് മറ്റൊരു ഉദ്യോഗസ്ഥന്റെ അധിക ചുമതല നൽകൽ, ദുരന്തമുണ്ടായാൽ പ്രകൃതിദുരന്ത ഫണ്ടിൽനിന്നു പണം എടുക്കുന്നതും ഉദ്യോഗസ്ഥസംഘത്തെ നിയമിക്കുന്നതും, ജീവനക്കാരുടെ വിരമിക്കൽ, ഡപ്യൂട്ടേഷൻ കാരണമുണ്ടായ ഒഴിവുകളിൽ ഡിപിസി യോഗം ചേരൽ, പൊതുസ്ഥാപനങ്ങളുടെ (ജലവിതരണം ഉൾപ്പെടെ) അറ്റകുറ്റപ്പണി, കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്തൽ, ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനം തുടങ്ങിയവ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ സർക്കാരിന് ചെയ്യാം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments