Breaking News

*അഞ്ച് മന്ത്രിമാർക്കു മത്സരം കടുപ്പം; ആശങ്കയിൽ ഇടതുമുന്നണി; നേതാക്കളെ കുഴയ്ക്കുന്ന മണ്ഡലങ്ങൾ ഇവ*

തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മന്ത്രി മാത്രമാണു തോറ്റതെങ്കിൽ ഇത്തവണ 5 മന്ത്രിമാരുടെ കാര്യത്തിലെങ്കിലും എൽഡിഎഫിൽ ആശങ്ക. ഒരു ഡസൻ മന്ത്രിമാർ തോൽക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പിനെ മുഖ്യമന്ത്രിയടക്കം ചിരിച്ചുതള്ളിയെങ്കിലും ചില മന്ത്രിമാർ കടുത്ത മത്സരം നേരിടുന്നെന്നാണു സിപിഎം വിലയിരുത്തൽ. ഏതെങ്കിലും മന്ത്രി തോൽക്കുമെന്ന് ഒരു ജില്ലയിൽനിന്നും പാർട്ടി ഘടകം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മന്ത്രിമാർക്ക് 5000ത്തിൽ താഴെ ഭൂരിപക്ഷം കണക്കാക്കിയ മണ്ഡലങ്ങളിൽ എന്തും സംഭവിക്കാമെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്. ചില മന്ത്രിമാരുടെ നില ഭദ്രമല്ലെന്ന വിലയിരുത്തൽ സിപിഐയുടെയും നേതൃയോഗത്തിലുണ്ടായിരുന്നു.

നേമത്തു വി.ശിവൻകുട്ടിക്കു 2000 വോട്ടിന്റെയും തൃത്താലയിൽ മന്ത്രി എം.ബി.രാജേഷിനു 3000 വോട്ടിന്റെയും മാത്രം ഭൂരിപക്ഷമാണു ജില്ലാ സെക്രട്ടേറിയറ്റുകൾ കണക്കാക്കിയത്. ഇതിനപ്പുറമുള്ള കണക്കിലേക്കു സംസ്ഥാന സെക്രട്ടേറിയറ്റും കടന്നില്ല. എന്നാൽ 2021ലും നേമം (3949), തൃത്താല (3016) മണ്ഡലങ്ങളിൽ ചെറിയ ഭൂരിപക്ഷത്തിൽ തന്നെയാണ് ഇരുവരും ജയിച്ചത് എന്നതിലാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

താനൂർ വിട്ടു തിരൂരിൽ മത്സരിച്ച വി.അബ്ദുറഹിമാൻ, സ്വന്തം നാട്ടിൽ വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണെങ്കിൽ കടുത്ത മത്സരമെന്നാണു മലപ്പുറത്തെ സിപിഎമ്മിന്റെ വിലയിരുത്തൽ. 10000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തുമെന്നു മു‍സ്‍ലിം ലീഗ് ഇവിടെ പ്രതീക്ഷവയ്ക്കുന്നുമുണ്ട്. സിറ്റിങ് സീറ്റായ താനൂരിൽ പാർട്ടി പ്രഖ്യാപിച്ചിട്ടും സ്വന്തം താൽപര്യത്തിൽ തിരൂരിലേക്കു മാറിയ അബ്ദുറഹിമാനു ജയിക്കേണ്ടതു പാർട്ടിക്കു മുന്നിലും അഭിമാനപ്രശ്നമാണ്.

കണ്ണൂരിൽ വ്യക്തിപരമായ സവിശേഷതകൊണ്ടു നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചു വരാറുള്ള രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇത്തവണ കടുപ്പമാണെന്നാണു സിപിഎം കാണുന്നത്. 1745 വോട്ടിനായിരുന്നു കഴിഞ്ഞ വിജയം. കടന്നപ്പള്ളി ഫാക്ടർ ഇക്കുറി പ്രവൃത്തിച്ചില്ലെന്നു വിശ്വസിക്കുന്ന യുഡിഎഫ് 6000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്.

ഇടുക്കിയിൽ റോഷി അഗസ്റ്റിനും കോൺഗ്രസിന്റെ റോയ് കെ.പൗലോസുമായി വാശിയേറിയ മത്സരമായിരുന്നുവെന്ന് ഇരു മുന്നണികളും സമ്മതിക്കുന്നു. റോഷി 5573 വോട്ടിനു 2021ൽ ജയിച്ച മണ്ഡലമാണ്. ഇത്തവണ സിപിഎം കൈമെയ് മറന്നു പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ ഏറെക്കാലത്തിനു ശേഷം കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെത്തിയത് 10000 വോട്ടിന്റെ വിജയം കൊണ്ടുവരുമെന്നു കോൺഗ്രസ് വിശ്വസിക്കുന്നു.

ഒന്നാം പിണറായി മന്ത്രിസഭയിലെ മുഖ്യമന്ത്രിയടക്കം 11 പേർ 2021ൽ മത്സരിച്ചതിൽ ജെ.മേഴ്സിക്കുട്ടിയമ്മ (കുണ്ടറ) മാത്രമാണു പരാജയപ്പെട്ടത്. കെ.ടി.ജലീലും (2561), കടന്നപ്പള്ളിയും (1745) ഒഴികെയുള്ള 9 പേർ 20000 വോട്ടിനു മുകളിൽ ഭൂരിപക്ഷം നേടിയാണു ജയിച്ചത്. 8 മന്ത്രിമാർ മത്സരിക്കാതെ മാറിനിന്നു. ഇത്തവണ കെ.കൃഷ്ണൻകുട്ടി ഒഴികെ എല്ലാ മന്ത്രിമാരും സ്ഥാനാർഥികളാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments