Breaking News

*കാസര്‍ഗോഡ് ജില്ലയിലെ എല്‍ഡിഎഫ് കോട്ടകള്‍ ഇളകുമോ..?*

തൃക്കരിപ്പൂർ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ എല്ലാ പാര്‍ട്ടികളും പതിനെട്ടടവും പയറ്റുകയാണ്. കാസർഗോഡ് ജില്ലയിലും പോരാട്ടം ശക്തമാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ മണ്ഡലങ്ങളുള്ള ജില്ലയാണ് കാസർഗോഡ്. കാസർഗോഡ് ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വിവിധ രാഷ്ട്രീയ പാർട്ടികള്‍ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് മുന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ജില്ലയില്‍ മുസ്‌ലിം ലീഗിനും കൃത്യമായ വളർച്ചയുണ്ടായിട്ടുണ്ട്. മൊത്തം 5 മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2016-ലെയും 2021-ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് രണ്ട് മണ്ഡലങ്ങളിലുമാണ് ജയിച്ചത്. യുഡിഎഫിന് കിട്ടിയ രണ്ടും ലീഗിന്‍റെ സീറ്റുകളുമാണ്. 2021-ല്‍ ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ച വോട്ടുകള്‍ സൂചിപ്പിക്കുന്ന രാഷ്ട്രീയചിത്രവും ഇത്തവണ ചര്‍ച്ചയായിട്ടുണ്ട്.

*2025-ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം*

തദ്ദേശ തിരഞ്ഞെടുപ്പില്‍ കാസർഗോഡ് പിടിച്ചുനില്‍ക്കാനായെന്നതാണ് എല്‍ഡിഎഫിന്‍റെ ആശ്വാസം. എന്നാല്‍ 2020-നെ അപേക്ഷിച്ച്‌ 2025ല്‍ ജില്ലയില്‍ യുഡിഎഫ് വലിയ മുന്നേറ്റം നടത്തിയപ്പോള്‍, പരമ്പരാഗതമായ എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളലുകള്‍ വീഴ്ത്താൻ അവർക്ക് സാധിച്ചു. ജില്ലാ പഞ്ചായത്തും നാല് ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും നിലനിർത്താനായതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ പിടിച്ചുനില്‍ക്കാനായെന്ന സിപിഎം വിലയിരുത്തല്‍. എന്നാല്‍, കാഞ്ഞങ്ങാട് നഗരസഭയിലും ബ്ലോക്കിലും കഷ്ടിച്ചാണ് ഭരണം നിലനിർത്താനായത്. ജില്ലാ പഞ്ചായത്തിലും അത്ര മികച്ച പ്രകടനമല്ല എല്‍ഡിഎഫിന് ഉണ്ടായത്. 9 ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് നേടിയപ്പോള്‍ 8 എണ്ണം യുഡിഎഫിന് ലഭിച്ചു. കൈവശമുണ്ടായിരുന്ന ഗ്രാമപഞ്ചായത്തുകള്‍ ചിലത് എല്‍ഡിഎഫിന് നഷ്ടപ്പെടുകയും ചെയ്തു. യുഡിഎഫ് 17 ഗ്രാമപഞ്ചായത്തുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന് 13 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ജില്ലയുടെ വടക്കൻ മേഖലയില്‍ പാർട്ടിയുടെ ശക്തി ചോർന്നു.

*2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം*

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് രണ്ട് മണ്ഡലങ്ങളിലുമാണ് ജയിച്ചത്. കാസർഗോഡും മഞ്ചേശ്വരവും ലീഗ് നിലനിർത്തിയപ്പോള്‍ ഉദുമയും തൃക്കരിപ്പൂരും സിപിഎമ്മും കാഞ്ഞങ്ങാട് സിപിഐയും നിലനിര്‍ത്തി. താരപരിവേഷത്തോടെ പ്രചാരണം നടത്തിയ ബിജെപി നേതാവ് കെ.സുരേന്ദ്രന് തുടർച്ചയായ മൂന്നാം തവണയും മഞ്ചേശ്വരത്ത് പരാജയമായിരുന്നു ഫലം. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ മത്സരിച്ച ഉദുമ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വൻ വിജയമായിരുന്നു ഉണ്ടായത്. ഇ.ചന്ദ്രശേഖരൻ തുടർച്ചയായ മൂന്നാം തവണയും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വിജയിക്കുകയും ചെയ്തു.

*2016-ലെ തെരഞ്ഞെടുപ്പ് ഫലം*

2016-ല്‍ ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഉദുമയും എല്‍ഡിഎഫിനൊപ്പവും കാസര്‍ഗോഡും മഞ്ചേശ്വരവും യുഡിഎഫിനൊപ്പവുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നര പതിറ്റാണ്ടത്തെ ഇടത് മുന്നേറ്റം അവസാനിപ്പിച്ച്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 40,438 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച്‌ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments