*പാങ്ങ് ജി.എൽ.പി സ്കൂൾ ദുരന്തം: കുട്ടികൾക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ; സംയുക്ത പ്രവർത്തനങ്ങൾക്ക് തീരുമാനം*
മലപ്പുറം : പാങ്ങ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും സഹപ്രവർത്തകരും മരണപ്പെട്ട ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകുന്നതിനായി വിവിധ വകുപ്പുകൾ ചേർന്ന് സമഗ്ര പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനം. ഉച്ചയ്ക്ക് 12.30ന് ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യക്ഷേമ വകുപ്പ്, ശിശുക്ഷേമ വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ജനപ്രതിനിധികൾ, അങ്കണവാടി-ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ജി.എൽ.പി സ്കൂളിലെ അധ്യാപകർ, പി.ടി.എ/എം.ടി.എ അംഗങ്ങൾ എന്നിവർക്ക് (ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് പാങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. ബുധനാഴ്ച മുതൽ 14 ദിവസത്തേക്ക് ദിവസേന രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൗൺസിലിംഗ് സേവനം ലഭ്യമാക്കും. കൂടാതെ, 24 മണിക്കൂറും ഫോൺ മുഖേന കൗൺസിലിംഗ് സൗകര്യവും ഒരുക്കുന്നതായിരിക്കും. സ്കൂളിലെ പാചക ജീവനക്കാരിയായിരുന്ന സാജിതക്കും ബസ് ജീവനക്കാരനായ നൗഷാദിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തര സഹായം അനുവദിക്കണമെന്നും ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. അബ്ദുസ്സലാം മാസ്റ്റർ ആവശ്യപ്പെട്ടു. സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തതായി അദ്ദേഹം അറിയിച്ചു. സ്കൂളിന്റെ താൽക്കാലിക ചുമതല സമീപത്തെ പാങ്ങ് ജി.യു.പി സ്കൂളിലെ പ്രധാന അധ്യാപകൻ പി.മുഹമ്മദ് കുട്ടിക്ക് നൽകുകയും, രണ്ടാഴ്ചയ്ക്കകം നാല് അധ്യാപകരെ നിയമിക്കുമെന്നും ഡി.ഡി.ഇ ഇൻചാർജ് സുനിത വ്യക്തമാക്കി. സ്കൂൾ തുറക്കുന്നതിന് മുമ്പായി എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സമിതിയും രൂപീകരിച്ചു. സമിതിയിൽ പി. അബ്ദുസ്സലാം മാസ്റ്റർ (പ്രസിഡന്റ്, കുറുവ ഗ്രാമപഞ്ചായത്ത്), ഡോ. ജയന്തി (ജില്ലാ മെഡിക്കൽ ഓഫീസർ), സുനിത (ഡി.ഡി.ഇ ഇൻചാർജ്), ധന്യ (ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ), ഡോ. അനൂപ് (എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസർ), ഷാജി കറ്റാശേരി (ശിശുക്ഷേമ സമിതി ജില്ലാ ഓഫീസർ), ഡോ. മർവ കുഞ്ഞീൻ (നോഡൽ ഓഫീസർ, മാനസികാരോഗ്യ പദ്ധതി), കെ.കെ അബ്ദുൽ അസീസ് (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി), ധന്യ (ആർ.ബി.എസ്.കെ വിഭാഗം), ഇ.കെ ഉമ്മുഹബീബ (മെമ്പർ, കുറുവ ഗ്രാമപഞ്ചായത്ത്), വിഷ്ണു ശശി (ഗ്രാമപഞ്ചായത്ത് സെക്രട്ടറി), ഡോ. ശംസുദ്ധീൻ (മെഡിക്കൽ ഓഫീസർ, എഫ്.എച്ച്.സി പാങ്ങ്), ശിഫ (ഐ.സി.ഡി.എസ് സൂപ്പർവൈസർ), അഹമ്മദ്കുട്ടി (എച്ച്.എം ഇൻചാർജ്, പാങ്ങ് ജി.എൽ.പി സ്കൂൾ) എന്നിവർ അംഗങ്ങളാണ്. വിദ്യാഭ്യാസ വകുപ്പ് ജോയിൻ ഡയറക്ടർ ഗിരിജയുടെ നേതൃത്വത്തിൽ രാവിലെ ഉദ്യോഗസ്ഥ സംഘം സ്കൂൾ സന്ദർശിക്കുകയും അതോടൊപ്പം മരണപ്പെട്ട വരുടെ കുടുംബാംഗങ്ങളെ സന്ദർശിപ്പിക്കുകയും ചെയ്തു ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് വർക്ക് തയ്യാറാക്കി തുടർനടപടികൾ സ്വീകരിച്ചു വരുന്നത് .
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments