എജുസൈൻ കരിയർ എക്സ്പോയ്ക്ക് കാസർകോട്ട് തുടക്കം
കാസർകോട് : വിദ്യാർഥികൾക്ക് ഉപരിപഠന-തൊഴിൽ സാധ്യതകളുടെ പുതിയ ലോകം തുറന്ന് വിദ്യാനഗറിൽ 'എജുസൈൻ' എജുക്കേഷൻ കരിയർ എക്സ്പോയ്ക്ക് തുടക്കമായി. വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പരിപാടി കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്തു. കരിയർ പ്ലാനിംഗും നൈപുണ്യ വികസനവും വിദ്യാർഥികൾക്കിടയിൽ ഒരു സംസ്കാരമായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയർ പ്ലാൻ തയ്യാറാക്കുന്നതിനായി വ്യക്തിഗത മെന്ററിംഗ് നൽകാൻ, വിവിധ മേഖലകളിൽ നിന്നുള്ള ഇരുന്നൂറിലധികം കരിയർ കൗൺസിലർമാരുടെ സേവനം ലഭ്യമാകുന്നു എന്നതാണ് എജുസൈനിന്റെ പ്രധാന സവിശേഷത. സയൻസ്, ടെക്നോളജി, മെഡിസിൻ മുതൽ മീഡിയ സ്റ്റഡീസും സംരംഭകത്വവും വരെയുള്ള വിപുലമായ പഠനശാഖകളെ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദേശ സർവകലാശാലകൾ, ഓൺലൈൻ കോഴ്സുകൾ, സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ച് വിദഗ്ധരിൽ നിന്ന് നേരിട്ടറിയാനും വെഫി അവസരമൊരുക്കുന്നു.
വിദ്യാഭ്യാസ വിദഗ്ധർ, കേന്ദ്ര സർവകലാശാലാ അധ്യാപകർ, വിദേശ സർവകലാശാലകളുടെയും വിവിധ ബഹുരാഷ്ട്ര കമ്പനികളുടെയും പ്രതിനിധികൾ തുടങ്ങിയവരുമായി സംവദിക്കാനും വിദ്യാർഥികൾക്ക് സൗകര്യമുണ്ട്. ഇതിനുപുറമെ, ജോബ് ഫെയർ, സ്കിൽ എജുക്കേഷൻ, എക്സ്പീരിയൻഷ്യൽ ലേണിംഗ് എന്നിവയ്ക്കായുള്ള പ്രത്യേക സെഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാം ദിവസമായ ശനിയാഴ്ച, പുതിയ കാലത്തെ തൊഴിൽ കുടിയേറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന 'ഗൾഫ് 2.0', കാസർകോടിന്റെ വിദ്യാഭ്യാസ പശ്ചാത്തലം വിലയിരുത്തുന്ന പാനൽ ചർച്ച എന്നിവ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ചിത്രം: കാസർകോട് വിദ്യാനഗറിൽ നടക്കുന്ന എഡ്യൂക്കേഷൻ കരിയർ എക്സ്പോ കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments