*സംസ്ഥാനത്ത് പോളിങിനിടെ വ്യാപക അക്രമം; ബൂത്തുകൾക്ക് മുന്നിൽ സംഘർഷം, വിവിധ ജില്ലകളിൽ ബൂത്ത് ഏജൻ്റുമാർക്ക് പരിക്കേറ്റു*
കോഴിക്കോട് : പോളിങ് ദിനത്തില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക അക്രമം. ധർമ്മടം, മട്ടന്നൂർ, തലശ്ശേരി, പയ്യന്നൂർ, പേരാവൂർ മണ്ഡലങ്ങളിലെ യുഡിഎഫ് ബൂത്ത് ഏജൻ്റുമാർക്ക് നേരെ ആക്രമണമുണ്ടായി. പരിക്കേറ്റ ബൂത്ത് ഏജൻ്റുമാർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സിപിഎം പ്രവർത്തകരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു. നാദാപുരത്തും ബാലുശേരിയിലും എൽഡിഎഫ് ആക്രമണത്തിൽ യുഡിഎഫ് ബൂത്ത് ഏജൻ്റുമാർക്ക് പരിക്കേറ്റു. ആക്രമണങ്ങളിൽ കണ്ണൂർ ജില്ലയിൽ നാല് യുഡിഎഫ് ബൂത്ത് ഏജൻ്റുമാർക്ക് പരിക്കേറ്റു. മട്ടന്നൂരിൽ കോൺഗ്രസ് മന്ദിരം അടിച്ചു തകർത്തു. തളിപ്പറമ്പ് മലപ്പട്ടത്ത് വോട്ട് ചെയ്യാൻ എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദനെ സിപിഎം പ്രവർത്തകർ കൂകിവിളിച്ചു.
തളിപ്പറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ ബൂത്ത് ഏജൻ്റുമാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായും പരാതിയുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിലെ മലപ്പട്ടത്ത് എൽഡിഎഫ് യുഡിഎഫ് സംഘർഷമുണ്ടായി. പരിക്കേറ്റ രണ്ട് യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ്, തൃക്കരിപ്പൂർ, പേരാമ്പ്ര, കുറ്റ്യാടി മണ്ഡലങ്ങളിലെ യുഡിഎഫ് ബൂത്ത് ഏജൻ്റുമാരെ എൽഡിഎഫ് പ്രവർത്തകർ മർദ്ദിച്ചതായും പരാതിയുണ്ട്. വാണിമേൽ നെടും പറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റിനെയും പഞ്ചായത്ത് യുഡിഫ് കൺവീനർ അടക്കം 6 യുഡിഎഫ് നേതാക്കളെയും സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. ഇവരെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി നടുപ്പൊയിലിൽ കള്ളവോട്ട് ചോദ്യം ചെയ്തതിന് യുഡിഎഫ് ബൂത്ത് ഏജൻ്റുമാരെ മർദിച്ചെന്നും പരാതി ഉയര്‍ന്നു. രാഹുൽ ചാലിൽ, ഷഫീക് എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരേയും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോട് ഉദിനൂരിൽ യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിനെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്നും പരാതിയുണ്ട്. നായ്ക്കുരണ പൊടി പ്രയോഗത്തിൽ പരിക്കേറ്റ ബൂത്ത് ഏജൻ്റ് രതിലയേയും മറ്റൊരു യുഡിഎഫ് പ്രവർത്തകയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ എൽഡിഎഫ് പ്രവർത്തകരെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ കേസെടുക്കാൻ ചീഫ് ഇലക്ഷൻ ഓഫീസർ നിർദേശം നൽകി. പേരാവൂര്‍ മണ്ഡലത്തിലെ യുഡിഎഫ് ബൂത്ത് ഏജന്റിനെ ആക്രമിച്ചതായും ദേഹത്ത് നായിക്കുരണ പൊടി വിതറിയെന്നും പരാതിയുണ്ട്. മുഴക്കുന്ന് ഗവ. യുപി സ്കൂളിലാണ് അതിക്രമം. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പേരാവൂരിലെ സ്ഥാനാർത്ഥി സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം പെരുമാതുറയിൽ ബൂത്തിനകത്ത് പാർട്ടി പ്രവർത്തകർ കയറിയതിനെ ചൊല്ലി എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലും സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പട്ടാമ്പിയിലെ എല്‍ഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ പോളിംഗ് ബൂത്ത് സന്ദർശിക്കുന്നതിനിടെയും സംഘർഷമുണ്ടായി. ബൂത്തിൽ വച്ച് വോട്ട് ചോദിച്ചു എന്ന് ആരോപിച്ചാണ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞത്. മദ്യപിച്ചെത്തിയ യുഡിഎഫ് പ്രവർത്തകർ തന്നെ ആക്രമിച്ചു എന്നാരോപിച്ച് മുഹ്സിൻ പരാതി നൽകി. അതേസമയം, പേരാമ്പ്രയിൽ പ്രായമുള്ള അയൽവാസിയെ വോട്ട് ചെയ്യാൻ കൊണ്ടുവന്ന സ്ത്രീയെ സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മർദ്ദിച്ചെന്ന് പരാതി ഉയര്‍ന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments