*‘വൈദ്യുതി കട്ട് ചെയ്തത് ഞങ്ങളല്ല...’ മറുപടി നൽകി മടുത്ത് സെക്ഷൻ ഓഫിസ് ജീവനക്കാർ*
‘ദയവായി മനസിലാക്കൂ..., ഈ ഓഫിസിൽ നിന്നല്ല വൈദ്യുതി കട്ടാക്കിയത്..., പ്ലീസ് സഹകരിക്കണം...’ ഉപഭോക്താക്കളോട് ഇത്ര താഴ്മയായി അടുത്തെങ്ങും കെ.എസ്.ഇ.ബി സെക്ഷൻ ജീവനക്കാർ പെരുമാറിയിട്ടില്ല. കടുത്ത വേനലിൽ അപ്രഖ്യാപിത പവർകട്ടും ലോഡ് ഷെഡിങും വന്നതോടെ സെക്ഷൻ ഓഫിസുകളിലെ ഫോണുകൾക്ക് വിശ്രമമില്ല. മുന്നറിയിപ്പില്ലാതെ വൈദ്യുതി പോയി, എപ്പോൾ വരും എന്നീ ചോദ്യങ്ങൾക്ക് മറുപടി നൽകി ജീവനക്കാർ മടുത്തു. വിളി വർധിച്ചതോടെ ഫോൺ റിസീവർ മാറ്റിവെക്കുന്ന തന്ത്രം പ്രയോഗിക്കുന്ന ഓഫിസുകളുമുണ്ട്. രാത്രികാല വൈദ്യുതി നിയന്ത്രണം സെക്ഷൻ ഓഫിസുകളിൽ പൊതുജനങ്ങളും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടാക്കുന്ന പശ്ചാത്തലത്തിൽ, കാരണം വ്യക്തമാക്കിയുള്ള വിശദീകരണവും ജീവനക്കാർ നൽകുന്നു. കെ.എസ്.ഇ.ബിയിൽ ജനറേഷൻ, ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ എന്നിങ്ങനെ മൂന്ന് വിഭാഗമുണ്ട്. കടുത്ത ചൂട് കാരണം പ്രതീക്ഷിച്ചതിലും 25 ശതമാനം ലോഡ് വർധിച്ചത് നിലവിലെ ലൈനുകൾക്ക് താങ്ങാൻ കഴിയില്ല. ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതി എത്തുന്നത് സബ് സ്റ്റേഷനുകളിൽ നിന്നാണ്. ഇത് ട്രാൻസ്മിഷൻ വിങ്ങിന് കീഴിലാണ്. സബ് സ്റ്റേഷനുകളിലേക്കുള്ള ലൈനിൽ ഓവർ ലോഡ് വരുന്ന സമയത്താണ് ഓരോ 11 കെ.വി ഫീഡറിലും 15 മിനിറ്റ് നിയന്ത്രണം വരുത്തുന്നത്. മറിച്ചായാൽ ലോഡ് താങ്ങാനാവാതെ 110 കെ.വി, 66 കെ.വി, 220 കെ.വി ലൈനുകൾ പൊട്ടിവീഴും. ഇത് ഗ്രിഡിനെ ബാധിച്ച് കേരളം മുഴുവൻ വൈദ്യുതി തടസപ്പെടാം. ഇതൊഴിവാക്കാനാണ് അപഖ്യാപിത ലോഡ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിവരം സെക്ഷൻ ഓഫിസിലുളളവർക്കും ആ സമയത്ത് മാത്രമാണ് ലഭിക്കുന്നത്. അതിനാൽ മുൻകൂട്ടി അറിയിപ്പ് നൽകാൻ കഴിയില്ല. നിയന്ത്രണം ലോഡ് കുറയുന്നത് വരെ തുടരും. എല്ലാവരും വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവന്നാൽ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ പറയുന്നു. വൈകീട്ട് ആറ് മുതൽ രാത്രി 12 വരെ അനാവശ്യ ലൈറ്റുകൾ ഓഫാക്കുക, വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാതിരിക്കുക, മോട്ടോർ പ്രവർത്തിപ്പിക്കാതിരിക്കുക, ഫ്രിഡ്ജ് ഓഫ് ചെയ്യുക എന്നിവ ചെയ്താൽ പ്രതിസന്ധി മറികടക്കാനാകുമെന്നുമാണ് നിർദേശം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments