*എല്‍ഡിഎഫ് പരാജയപ്പെട്ടാല്‍ ആരാകും പ്രതിപക്ഷ നേതാവ്..?*
കേരള ജനത ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി കഷ്ടിച്ച് ദിവസങ്ങൾ ബാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുപക്ഷെ എല്‍ഡിഎഫ് പരാജയപ്പെട്ടാല്‍ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചർച്ച സിപിഎമ്മില്‍ സജീവമാകുന്നു. തോറ്റ് പ്രതിപക്ഷ നിരയിലേക്ക് എത്തുന്ന മുന്നണിയേയും പാർട്ടിയേയും നയിക്കാൻ പിണറായി വിജയൻ തയാറാകുമോ എന്നതാണ് പാർട്ടിക്കുളളിലെ അടക്കിപ്പിടിച്ച ചോദ്യം. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ക്യാപ്റ്റനായി നയിച്ച പിണറായി വിജയൻ തന്നെയാണ് അതിന്റെ ഉത്തരവാദി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ജയിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പുളള പിണറായി വിജയൻ തോറ്റാല്‍ പ്രതിപക്ഷ നേതാവാകാൻ തയാറാകുമോ എന്നതാണ് ഇനി അറിയാനുളളത്. സിപിഎമ്മില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വിരാജിക്കുന്ന പിണറായി വിജയനോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന് ചോദിക്കാൻ സംസ്ഥാന നേതൃത്വത്തില്‍ ആരും മുതിരാനിടയില്ല. ദേശീയ നേതൃത്വത്തില്‍ നിന്ന് ജനറല്‍ സെക്രട്ടറി എം.എ ബേബിയായിരിക്കും ആ ദൗത്യം ഏറ്റെടുക്കുക. രാജ്യത്ത് അധികാരമുണ്ടായിരുന്ന ഒരേയൊരു സംസ്ഥാനത്ത് കൂടി ഭരണം നഷ്ടപ്പെട്ടാല്‍ പിണറായി വിജയനെ നേതൃസ്ഥാനത്ത് ഇരുത്തി പ്രതിപക്ഷത്തിരിക്കാൻ ദേശീയ നേതൃത്വം താല്പര്യപ്പെടില്ല. 2031-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി പുതിയ നേതൃത്വത്തെ കൊണ്ടുവരാനായിരിക്കും ദേശിയ നേതൃത്വം ശ്രമിക്കുക. അപ്പോള്‍ പിണറായി വിജയനെ തഴഞ്ഞ് നേതൃശ്രേണിയുടെ രണ്ടാംനിരയിലുളള കെ.എൻ ബാലഗോപാല്‍, പി.രാജീവ് എന്നിവരില്‍ ഒരാളെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്നാണ് സൂചന. കൊട്ടാരക്കരയില്‍ നിന്ന് ബാലഗോപാലും കളമശേരിയില്‍ നിന്ന് രാജീവും ജയിച്ചുവന്നാല്‍ നേതൃതലത്തിലേക്ക് ഉയർത്തപ്പെടുമെന്നതില്‍ തർക്കമില്ല. എന്തായാലും തിരഞ്ഞെടുപ്പില്‍ തോറ്റ് പോയാല്‍ സിപിഎമ്മില്‍ തലമുറമാറ്റം സംഭവിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നാല്‍, അത് പിണറായി വിജയൻ എന്ന കരുത്തനായ നേതാവിന്റെ രാഷ്ട്രീയ അസ്തമയമായിരിക്കും. തിരഞ്ഞെടുപ്പില്‍ മുന്നണിയെ നയിച്ച ശേഷം തോറ്റുപോയപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരിക്കുന്നത് പിണറായി വിജയന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ പോയാല്‍ പാർട്ടിക്കകത്തും പിണറായിയുടെ പ്രാമുഖ്യം കുറയും. കേരളത്തിലെ പാർട്ടിയേയും മുന്നണിയേയും നയിക്കുന്ന നേതാവെന്ന നിലയിലാണ് പ്രായപരിധി പിന്നിട്ട പിണറായി വിജയനെ ഇപ്പോഴും സിപിഎം പോളിറ്റ് ബ്യൂറോയിലും കേരളത്തിലെ സംസ്ഥാന സെക്രട്ടേറിയേറ്റിലും സംസ്ഥാന സമിതിയിലും തുടരാൻ അനുവദിച്ചിട്ടുളളത്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ മാറിനിന്നാല്‍ പാർട്ടിയുടെ നേതൃസമിതികളില്‍ നിന്നെല്ലാം പിണറായി പുറത്താകും. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അതുണ്ടായില്ലെങ്കിലും അടുത്ത പാർട്ടി കോണ്‍ഗ്രസില്‍ അത് സംഭവിക്കുമെന്ന് തീർച്ചയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരിക്കുകയും ചെയ്താല്‍ ധനമന്ത്രിയായിരിക്കുന്ന കെ.എൻ ബാലഗോപാല്‍ ആയിരിക്കും സ്വാഭാവികമായി നേതൃസ്ഥാനത്തേക്ക് എത്തുക. നിയമസഭയ്ക്കകത്ത് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഈ പരിചയസമ്പത്ത് അദ്ദേഹത്തിന് മുതല്‍ക്കൂട്ടാകും. വി.ഡി സതീശനെപ്പോലെ വാഗ്മിയായ ഒരു പ്രതിപക്ഷ നേതാവിനെ നേരിടാൻ കെ.എൻ ബാലഗോപാലിന്റെ മിതഭാഷിയായ, എന്നാല്‍ വസ്തുതകളില്‍ അധിഷ്ഠിതമായ ശൈലി സിപിഎമ്മിന് ഗുണകരമാകും. കടന്നാക്രമിക്കുന്നതിനേക്കാള്‍ യുക്തിഭദ്രമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്. ധനമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും അദ്ദേഹത്തിനുള്ള ധാരണ, നിയമസഭയിലെ സംവാദങ്ങളില്‍ പ്രതിപക്ഷത്തിന് മുൻതൂക്കം നല്‍കും. മുഖ്യമന്ത്രി പിണറായിയുടെയും പാർട്ടിയുടെയും ഒരുപോലെ വിശ്വാസമാർജ്ജിച്ച നേതാവാണ് അദ്ദേഹം. യുവതലമുറയ്ക്കും മുതിർന്നവർക്കും ഇടയില്‍ ഒരുപോലെ സ്വീകാര്യതയുള്ള കെഎൻബിക്ക് പാർട്ടിയില്‍ നിന്ന് ഗ്രൂപ്പിനതീതമായ പിന്തുണ ലഭിക്കും. നിയമസഭയില്‍ സർക്കാരിനെ ക്രിയാത്മകമായി വിമർശിക്കാനും ജനകീയ വിഷയങ്ങള്‍ വസ്തുതാപരമായി അവതരിപ്പിക്കാനും കെ.എൻ ബാലഗോപാലിനെപ്പോലൊരു നേതാവ് പ്രതിപക്ഷ നിരയിലുണ്ടാകുന്നത് ഇടതുപക്ഷത്തിന് ഊർജ്ജം നല്‍കും. എന്നിരുന്നാലും, പാർട്ടിയിലെ ആഭ്യന്തര ജനാധിപത്യവും തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകളും അനുസരിച്ചായിരിക്കും അന്തിമ തീരുമാനം. ബാലഗോപാല്‍ ജയിച്ച് വന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മറ്റു പേരുകള്‍ പരിഗണിക്കാനിടയില്ലെങ്കിലും അപ്രതീക്ഷിത പരാജയം സംഭവിച്ചാല്‍ കളമശേരിയില്‍ നിന്ന് ജയിച്ചുവരുന്ന പി.രാജീവിന് നറുക്ക് വീഴും. മികച്ച സംഘാടകൻ, ഭരണാധികാരി, സംഘടന-രാഷ്ട്രീയ പ്രവർത്തനത്തിലുളള മികവ് എന്നിവയാണ് പി.രാജീവിന്റെ അനുകൂല ഘടകങ്ങള്‍.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments