* വിഷുവിനും സ്വന്തം വീടില്ല;**മുണ്ടക്കൈ പുനരധിവാസത്തിൽ സർക്കാർ ഉറപ്പ് പാഴായി*
വയനാട് : മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിൽ വിഷുവിനു മുൻപ് 178 വീടുകൾ താമസയോഗ്യമാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് പാഴായി. ഇത്തവണത്തെ വിഷു പുതിയ വീടുകളിൽ ആഘോഷിക്കാമെന്ന പ്രതീക്ഷയിലായിരുന്ന ദുരന്തബാധിതർക്ക് ഇതോടെ നിരാശയായി ഫലം. പല വീടുകളുടെയും നിർമാണ പ്രവർത്തികൾ ഇനിയും പൂർത്തിയാകാത്തതാണ് പുനരധിവാസം വൈകാൻ കാരണമായത്.
ആദ്യഘട്ടത്തിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച 178 വീടുകളിൽ ഏകദേശം 40 എണ്ണത്തിന്റെ നിർമാണം മാത്രമാണ് നിലവിൽ പൂർത്തിയായിരിക്കുന്നത്. ഡ്രെയിനേജ് സംവിധാനം, മുറ്റത്തെ പണികൾ, ഗേറ്റുകൾ എന്നിവയുടെ നിർമാണം പല വീടുകളിലും ഇപ്പോഴും പുരോഗമിക്കുന്നതേയുള്ളൂ. പൂർത്തിയായ വീടുകളിൽ ഉടൻ താമസം തുടങ്ങാൻ അധികൃതർ നിർദേശിച്ചെങ്കിലും, നിർമാണം പൂർത്തിയാകാനുള്ള മറ്റ് വീടുകൾക്കിടയിൽ ഒറ്റപ്പെട്ട നിലയിൽ താമസിക്കാനുള്ള ബുദ്ധിമുട്ട് ദുരന്തബാധിതർ ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്. 178 വീടുകളും സജ്ജമായ ശേഷം ഒരുമിച്ച് താമസം തുടങ്ങാനാണ് ഇവരുടെ തീരുമാനം. വീടുകൾ വൈകുന്നതിനൊപ്പം സാമ്പത്തിക പ്രതിസന്ധിയും ദുരന്തബാധിതരെ വലയ്ക്കുന്നുണ്ട്. സർക്കാർ നൽകി വന്നിരുന്ന ദിനബത്ത കഴിഞ്ഞ ഒരു മാസമായി മുടങ്ങിയെന്നാണ് ഇവർ പരാതിപ്പെടുന്നത്. ഉരുൾപൊട്ടലിൽ തൊഴിലും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട തങ്ങളെ സംബന്ധിച്ചിടത്തോളം ഈ തുക മുടങ്ങുന്നത് വലിയ പ്രയാസമുണ്ടാക്കുന്നുവെന്ന് ഇവർ പറയുന്നു. ദിനബത്ത എത്രയും വേഗം ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വയനാട്ടിൽ കനത്ത കാലവർഷം തുടങ്ങുന്നതിന് മുൻപെങ്കിലും പുതിയ വീടുകളിലേക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങൾ. മഴ ശക്തമായാൽ ടൗൺഷിപ്പിലെ ബാക്കി പണികൾ പൂർത്തിയാക്കാൻ ഇനിയും തടസമുണ്ടാകുമെന്ന ആശങ്ക ഇവർ പങ്കുവെക്കുന്നു. മെയ് മാസത്തിനുള്ളിൽ പണികൾ തീർക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments