*എസ്.പി.സി സംസ്ഥാന ക്യാമ്പ് 'ഐക്യ 2026': കാസറഗോഡിന് ഇരട്ടനേട്ടം; മികച്ച ജില്ലക്കും പ്ലാറ്റൂണിനുമുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കി.*
തിരുവനന്തപുരം : സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്.പി.സി) സംസ്ഥാന സഹവാസ ക്യാമ്പായ 'ഐക്യ 2026'-ൽ മികച്ച പ്രകടനത്തോടെ കാസർകോട് ജില്ലയ്ക്ക് വീണ്ടും ഒന്നാം സ്ഥാനം. തിരുവനന്തപുരം വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്ന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പാസിംഗ് ഔട്ട് പരേഡിലാണ് കാസറഗോഡ് അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത്. മികച്ച എസ്.പി.സി ജില്ലയായും മികച്ച പ്ലാറ്റൂണായും കാസറഗോഡിനെ തെരഞ്ഞെടുത്തു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 30 പ്ലാറ്റൂണുകളിലായി 930 കുട്ടികളാണ് വർണ്ണാഭമായ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. പരേഡിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി റവാദ എ. ചന്ദ്രശേഖർ ഐ.പി.എസ്, എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഐ.പി.എസ്, എസ്.പി.സി സംസ്ഥാന നോഡൽ ഓഫീസർ അജിതാബീഗം ഐ.പി.എസ് എന്നിവരും പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ 'തൂഫാൻ' പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആഭ്യന്തരമന്ത്രി കേഡറ്റുകളോട് ആഹ്വാനം ചെയ്തു. കൂടാതെ, എസ്.പി.സി പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ജില്ലയ്ക്ക് അടുത്ത വർഷം മുതൽ 'ഹോം മിനിസ്റ്റേഴ്സ് ട്രോഫി' നൽകുമെന്ന സുപ്രധാന പ്രഖ്യാപനവും അദ്ദേഹം നടത്തി.
കാസറഗോഡ് ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡി ഐ.പി.എസ്, അഡീഷണൽ എസ്.പി സി.എം. ദേവദാസൻ എന്നിവരുടെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോടെയാണ് കാസറഗോഡ് ടീം ക്യാമ്പിൽ പങ്കെടുത്തത്. എസ്.പി.സി അഡീഷണൽ നോഡൽ ഓഫീസർ തമ്പാൻ ടി, സോഷ്യൽ പോലീസിംഗ് കോ-ഓർഡിനേറ്റർ രാമകൃഷ്ണൻ പി.കെ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ആനന്ദകൃഷ്ണൻ പി.കെ, പ്രദീപൻ കോതോളി, അമൃത കെ, അപർണ എം.എസ്, ശ്യാം കൃഷ്ണൻ, നിതീഷ് എന്നിവർക്കും അധ്യാപകരായ ഹരികൃഷ്ണൻ ഇ.ജെ, ഹസീന ടി, ധന്യ എം എന്നിവർക്കും കീഴിൽ 42 വിദ്യാർത്ഥികളാണ് കാസറഗോഡിനെ പ്രതിനിധീകരിച്ച് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തത്. സംഘാടകമികവുകൊണ്ടും മികച്ച അച്ചടക്കം കൊണ്ടും കാസറഗോഡ് ടീം ക്യാമ്പിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments