Breaking News

*‘ചോറു കൊടുക്കുമ്പോൾ കുഞ്ഞ് കരഞ്ഞു, തല ഭിത്തിയിലിടിച്ചു കൊന്നു’: പ്രതിയുടെ മൊഴി; കയ്യേറ്റം ചെയ്ത് നാട്ടുകാർ, പ്രതിയുടെ കാർ നാട്ടുകാർ അടിച്ചു തകർത്തു.*

തിരുവനന്തപുരം : പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ അർഷിദിനെ കൊലപ്പെടുത്തിയത് ചോറു കൊടുക്കുമ്പോൾ കരഞ്ഞതിനാലെന്ന് അമ്മയുടെ സുഹൃത്ത് അഷ്കറിന്റെ മൊഴി. കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാർക്കിനു സമീപം ‘അർച്ചിത’ത്തിൽ വാടകയ്ക്കു താമസിക്കുന്ന അഖിലയുടെ മകനാണ് അർഷിദ്. അഖിലയെയും അഷ്കറിനെയും ഇന്നലെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ ശരീരത്തിൽ മരണകാരണമായ മർദനങ്ങൾ ഉൾപ്പെടെ 51 മുറിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി.

കഴിഞ്ഞദിവസം അറസ്റ്റിലായ അഷ്‌കറിനെ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് വൻ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയിരുന്നത്. സുരക്ഷയ്ക്കായി വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, പ്രതിയെ പോലീസ് പുറത്തിറക്കിയതിന് പിന്നാലെ നാട്ടുകാർക്ക് ഇയാൾക്ക് നേരേ പാഞ്ഞടുത്തു. 'എന്ത് ക്രൂരതയാടാ കുഞ്ഞിനോട് കാട്ടിയത്' എന്നുപറഞ്ഞ് സ്ത്രീകളടക്കമുള്ള പ്രതിക്കുനേരേ ആക്രോശിച്ചു. ഒടുവിൽ പോലീസ് അതിവേഗത്തിൽ പ്രതിയുമായി വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ, അഷ്‌കർ ഉപയോഗിക്കുന്ന കാറും നാട്ടുകാർ അടിച്ചുതകർത്തിരുന്നു.

ദേഷ്യം വന്നപ്പോൾ കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചതായി അഷ്കർ പൊലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ ബോധം നഷ്ടമായി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലൈറ്റർ ഉപയോഗിച്ചാണ് കുഞ്ഞിനെ പൊള്ളിച്ചതെന്നും അഷ്കർ പറഞ്ഞു. തെളിവെടുപ്പിനെത്തിച്ച അഷ്കറിനെ നാട്ടുകാർ കയ്യേറ്റം ചെയ്തു. അഷ്കർ ആദ്യ ഭാര്യയെയും ക്രൂരമായി ഉപദ്രവിച്ചിരുന്നതായി ഭാര്യയുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയെ അഷ്കർ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മുന്നറിയിപ്പുകൾ നൽകിയിരുന്നതായും നാട്ടുകാർ പറഞ്ഞു. ഒരു മാസം മുൻപാണ് കുട്ടിയുമൊത്ത് അഖില അഷ്കറിനൊപ്പം താമസിച്ചു തുടങ്ങിയത്. 2 വർഷം മുൻപ്, അഖില മൂന്നു മാസം ഗർഭിണിയായിരുന്നപ്പോഴാണ് ഭർത്താവ് എസ്.അഖിൽ ജീവനൊടുക്കിയത്. തുടർന്ന് അഖില, ഡ്രൈവറായ അഷ്കറിനൊപ്പം താമസം തുടങ്ങി. പിന്നീട് കുട്ടിയെയും ഒപ്പം കൂട്ടി.

വെള്ളിയാഴ്ച വൈകിട്ടാണ് അവശനിലയിലായ അർഷിദിനെ പനവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്എടി ആശുപത്രിയിലും അഷ്കർ എത്തിച്ചത്. എസ്എടിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. നാലരയോടെ ആഹാരം കഴിച്ചശേഷം ഉറങ്ങാൻ കിടന്നപ്പോൾ ചുമയ്ക്കുകയും ഛർദിക്കുകയും ചെയ്ത് അവശ നിലയിലായെന്നാണ് അഷ്കർ പൊലീസിനു മൊഴിനൽകിയത്. ഈ സമയം അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് അഖിലിന്റെ പച്ച കടുവപ്പാറയിലെ വീട്ടിൽ സംസ്കരിച്ചു.

കഴിഞ്ഞ ആറുമാസമായി അഷ്‌കറും അഖിലയും കുഞ്ഞും ഇവിടെയാണ് താമസമെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, അയൽക്കാരുമായോ നാട്ടുകാരുമായോ അധികം ബന്ധം പുലർത്തിയിരുന്നില്ല. ഇടയ്ക്ക് വീട്ടിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേൾക്കാമായിരുന്നു. അടുത്തിടെ കുഞ്ഞിന്റെ രണ്ടു കൈകളിലും പ്ലാസ്റ്ററിട്ടത് ചിലർ കണ്ടു. തുടർന്ന് അഷ്‌കറിനോട് കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. കുഞ്ഞ് വീണതാണോ എന്ന് ചോദിച്ചിട്ടും ഇയാൾ ഒന്നും പറഞ്ഞില്ല. ഇതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിത്തുടങ്ങിയത്. പിന്നീട് നാട്ടുകാരിൽ ചിലരാണ് അഖിലയുടെ ആദ്യഭർത്താവായ അഖിലിന്റെ വീട്ടുകാരെ വിവരമറിയിച്ചത്.

അതിനിടെ, അഖിലയും അഷ്‌കറും കഴിഞ്ഞ ദിവസം കുഞ്ഞിന്റെ വസ്ത്രങ്ങൾ കത്തിക്കാൻ ശ്രമിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അഖില എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പും പാതിക്കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എന്നാൽ, ഇതേക്കുറിച്ച് പോലീസ് കൂടുതൽവിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

നെടുമങ്ങാട്ടെ കുഞ്ഞിന്റെ കൊലപാതകം നെഞ്ചുലയ്ക്കുന്ന സംഭവമാണെന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. സർക്കാർ വളരെ ഗൗരവത്തോടെയാണ് ഇത് കാണുന്നത്. നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ട്. പ്രതികൾ ശിക്ഷിക്കപ്പെടണം. പഴുതുകളില്ലാത്ത നിയമനടപടികൾ സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments