വഖഫ് ബോർഡ് പിരിച്ചു വിട്ട് മുനമ്പം ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കം ചെറുക്കണം - ഐ.എൻ.എൽ
കോഴിക്കോട് : എറണാകുളം മുനമ്പത്ത് 404 ഏക്കർ വഖഫ് ഭൂമി, ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ട് ഫാറൂഖ് കോളേജിന് നൽകിയ വഖഫ് സ്വത്ത് പിടിച്ചെടുക്കാൻ അണിയറയിൽ ആരംഭിച്ച ആസൂത്രിത നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന് ഐ.എൻ.എൽ.
വഖഫ് സംരക്ഷണ കൂട്ടായ്മകൾ മുൻകൈ എടുത്താണ് കേന്ദ്ര വഖഫ് ബോർഡ് നിശ്ചയിച്ച മേയ് 17ന് മുമ്പായി ഉമീദ് പോർട്ടലിൽ മുനമ്പം വഖഫ് വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റതോടെയാണ് തങ്ങൾക്ക് അനുകൂലമായ തീരുമാനത്തിന് വേണ്ടി മുനമ്പം വഖഫ് ഭൂമി കൈയേറിയവരും അവർക്ക് വേണ്ടി പ്രക്ഷോഭത്തിന് ഇറങ്ങിയവരും വലിയ പ്രതീക്ഷയോടെ അണിയറ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും സർക്കാർ വിചാരിച്ചാൽ 10 മിനിറ്റിനുള്ളിൽ തർക്കം പരിഹരിക്കാവുന്നതേയുള്ളുവെന്നും കാലങ്ങളായി ആവർത്തിച്ചു കൊണ്ടിരിക്കുന്ന വി.ഡി സതീശൻ്റെ സ്ഥാനാരോഹണത്തോടെ ലക്ഷ്യത്തോട് അടുക്കുകയാണെന്ന കണക്കുകൂട്ടലോടെ പല തലങ്ങളിലും സമ്മർദ്ദം ചെലുത്തുന്നുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ഭൂമി വഖഫ് സ്വത്തായി നിലനിർത്തുകയും ചെയ്തത് പലരെയും അലോസരപ്പെടുത്തുന്നുണ്ട്. മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന ഉറച്ച നിലപാടിലായിരുന്നു ഇടത് സർക്കാർ. കെ.എസ് ഹംസയെ ചെയർമാനാക്കി പുനഃസംഘടിപ്പിക്കപ്പെട്ട വഖഫ് ബോർഡും ഇതെ നിലപാടിൽ തന്നെയാണ്. അതുകൊണ്ട് കുറുക്കുവഴിയിലൂടെ ബോർഡ് പിരിച്ചുവിട്ട് എങ്ങനെയെങ്കിലും ഭൂമി തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം. ഈ വിഭാഗത്തിന് മുഖ്യമന്ത്രി സതീശന്റെ പൂർണ്ണ പിന്തുണയുമുണ്ട്. അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് എന്ന കുടിയേറിയവർക്കായി വാദിക്കുന്ന കൂട്ടായ്മയാണ് വഖഫ് ബോർഡ് പിരിച്ചുവിട്ട് കാര്യങ്ങൾ എളുപ്പമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുനമ്പം ഭൂമി സംരക്ഷണ സമിതിയും ബോർഡ് പുനഃസംഘടിപ്പിച്ച് തങ്ങളുടെ മുന്നിലുള്ള കടമ്പ എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സംസ്ഥാന വഖഫ് ബോർഡ് സെൻട്രൽ സ്റ്റാറ്റ്യൂട്ടർ പദവിയുള്ള ഒരു സ്ഥാപനമാണെന്നും അത് തൊട്ടാൽ സംസ്ഥാന സർക്കാരിൻ്റെ കൈ പൊള്ളുമെന്നും ഈ വിഭാഗം മനപ്പൂർവം വിസ്മരിക്കുകയാണ്. ഈ വിഷയത്തിൽ ഏത് ദിശയിൽ നീങ്ങിയാലും സാമുദായിക സംഘർഷം ഉയരുമെന്നിരിക്കെ മുഖ്യമന്ത്രി സതീശൻ മുസ്‌ലിം ലീഗിന്റെ സഹായമാവും തേടാൻ പോകുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന സതീശന്റെ വാദം ഏറ്റുപറഞ്ഞ ലീഗ് പ്രസിഡണ്ട് സ്വാദിഖലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും അധികാരത്തിലിരിക്കെ, വഖഫിനെ തള്ളിപ്പറഞ്ഞ് ഭൂമി കയ്യേറ്റക്കാർക്ക് അനുകൂലമായി തീരുമാനമെടുത്താൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. അതുകൊണ്ട് രാജ്യത്തുടനീളം ബി.ജെ.പി സർക്കാറുകൾ വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ ആസൂത്രിത നീക്കങ്ങളിൽ ഏർപ്പെട്ടിരിക്കെ, കേരളത്തിലും അതാവർത്തിക്കാൻ ശ്രമിക്കുകയാണെങ്കിൽ എല്ലാ മതേതര വിശ്വാസികളും കൂട്ടായി ചെറുത്തു തോൽപ്പിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments