*മുനമ്പം വഖഫ് ഭൂമി തന്നെ, വഖഫ് ആധാരം കണ്ടവർക്കും,വായിച്ചവർക്കും അത് അറിയാം,സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ*
തിരുവനന്തപുരം : മുനമ്പം ഭൂമി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി വിഡി സതീശൻ്റെ പ്രതികരണത്തിന് മറുപടിയുമായി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ. മുഖ്യമന്ത്രിയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഇല്ലാതെ പ്രതികരിക്കേണ്ട വിഷയമല്ല ഇതെന്നും കെ എസ് ഹംസ റിപ്പോർട്ടറിനോട് പറഞ്ഞു.
സാധാരണ നടപടി ക്രമത്തിന്റെ ഭാഗമായാണ് വഖഫ് ബോർഡ് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. നിയമങ്ങൾ നന്നായി അറിയുന്ന ആളാണ് വിഡി സതീശന്‍. രണ്ടു മാസം മുമ്പ് മുനമ്പം വഖഫ് ഭൂമിയാണെന്ന് സ്ഥിരീകരിച്ച് സുപ്രീം കോടതി ഉത്തരവ് വന്നതാണ്. മെയ് 17 ന് മുമ്പ് മുഴുവൻ വഖഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ എൻട്രി ചെയ്യണമെന്ന് കേന്ദ്രത്തിന്റെ നിർദേശം ഉണ്ടായിരുന്നു. തിടുക്കം കൂട്ടി രജിസ്റ്റർ ചെയ്തതല്ല.അവസാന ഘട്ടത്തിലാണ് രജിസ്റ്റർ ചെയ്തത്. പോവുന്ന പോക്കിൽ ചെയ്തത് ഒന്നും അല്ലയെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം വഖഫ് ഭൂമി തന്നെയാണ്. വഖഫ് ആധാരം കണ്ടവർക്കും, വായിച്ചവർക്കും അത് അറിയാം.
ഇത് എല്ലാം കണ്ടുപിടിച്ചത് യുഡിഎഫ് ഭരണകാലത്താണ്. പത്ത് മിനിറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയുന്ന ഒരു പ്രശ്നമല്ലിതെന്നും മുഖ്യമന്ത്രി വിഡി സതീശൻ പ്രസംഗിച്ചപ്പോൾ വൈകാരികമായി പറഞ്ഞതാകാമെന്നും ഹംസ പറഞ്ഞു. ഇത്രയും സങ്കീർണമായ പ്രശ്നം എങ്ങനെ പത്തു മിനുട്ട് കൊണ്ട് പരിഹരിക്കാനാകും? മുനമ്പത്തെ മനുഷ്യർ കുടിയിറക്കപെടുമോ ഇല്ലയോ എന്നൊക്കെ രണ്ടാം ഘട്ടത്തിൽ വരുന്ന വിഷയമാണ്. ആദ്യ ഘട്ടത്തിൽ ഇത് വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനിക്കലാണെന്നും ഹംസ വ്യക്തമാക്കി.
ഹൈവേ നിർമ്മാണത്തിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ അവിടെയുള്ള ജനങ്ങൾ കുടിയിറക്കപ്പെടുമോ എന്ന ഭീതിയൊക്കെ ഉണ്ടാകാറുണ്ട്. പക്ഷെ ഹൈവേ നിർമ്മിക്കുന്നതാണ് ആദ്യത്തെ തീരുമാനം, പിന്നെ അടുത്ത വഴി കണ്ടെത്താറുണ്ട്. മുനമ്പത്തെ പാവം മനുഷ്യർ വഞ്ചിക്കപ്പെട്ടതാണ്. വഖഫിന്റെ ഭൂമി തെറ്റിദ്ധരിപ്പിച്ച് അവർക്ക് വിറ്റത് ഫാറൂഖ് കോളേജാണ്. ഫാറൂഖ് കോളേജിന് വേണ്ടി മുൻ കോൺഗ്രസ് നേതാവായ ടിവി പോളാണ് അന്ന് വിറ്റത്. യഥാർത്ഥ കുറ്റക്കാർ ഫാറൂഖ് കോളേജ് അധികൃതരും അന്നത്തെ കോൺഗ്രസ് നേതൃത്വവുമാണ്. വഖഫ് ബോർഡ് പൂർണമായും മുനമ്പത്തെ ജനങ്ങളോടൊപ്പമാണ്. കേരളത്തിലെ 59000 വഖഫ് സ്വത്തുക്കൾ എൻട്രി ചെയ്തതിന്റെ കൂട്ടത്തിലാണ് മുനമ്പം ഭൂമിയും എൻട്രി ചെയ്തത്. രാജ്യത്ത് നിലവിലുള്ള നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
പോർട്ടലിൽ രജിസ്റ്റർ ചെയ്തതത് രാഷ്ട്രീയ പ്രേരിതം എന്ന ആരോപണം വില കുറഞ്ഞ ആരോപണമാണെന്നും ഹംസ റിപ്പോർട്ടറിനോട് പറഞ്ഞു. വഖഫ് ബോർഡിൻറെത് അഞ്ചുവർഷമാണ് കാലാവധി. വഖഫ് ബോർഡിനെ പിരിച്ചു വിടാൻ സംസ്ഥാന സർക്കാരിന് ഒരു അധികാരവും ഇല്ല. വഖഫ് ബോർഡ് ചെയർമാൻ എന്ന നിലയിൽ ഒരു തരത്തിലുള്ള ഭയമോ വെല്ലുവിളിയോ ഇല്ല. പിരിച്ചുവിടാനൊന്നും സാധിക്കില്ല. വസ്തുവിന് കരം അടക്കാൻ സാധിക്കുമോ എന്നത് പറയേണ്ടത് സംസ്ഥാന സർക്കാരാണെന്നും ഹംസ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ പോകുന്ന പോക്കില്‍ ആ ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഈ സര്‍ക്കാരിന് എട്ടിന്റെ പണി തന്നുവെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചത്. മുൻ സർക്കാർ നിയമിച്ച വഖഫ് ബോർഡാണ് മുനമ്പത്തെ പ്രശ്നം സങ്കീർണ്ണമാക്കിയതെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വഖഫ് ബോർഡ് ഭൂമി വഖഫായി രജിസ്റ്റർ ചെയ്തെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കഴിഞ്ഞ സർക്കാർ നിയമിച്ച വഖഫ് ബോർഡ് യുഡിഎഫ് സർക്കാരിനെ കുഴപ്പത്തിലാക്കാൻ ശ്രമിച്ചെന്നും വി ഡി സതീശൻ ആരോപിച്ചു. രണ്ട് വിഭാഗങ്ങളെ ശത്രുതയിലാക്കാൻ എൽഡിഎഫ് കൂട്ടുനിന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുനമ്പത്ത് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments