Breaking News

*ഒരു കുടുംബത്തിന് വർഷം 25 ലക്ഷം രൂപയുടെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു:*

തിരുവനന്തപുരം : മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകും.

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയർത്തിക്കാട്ടിയ എറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. കേരളത്തിന്റെ ആരോഗ്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാധാരണക്കാരുടെ കണ്ണീരൊപ്പിയ പദ്ധതിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ കാരുണ്യ.

ആ കാരുണ്യത്തിന്റെ സ്മരണകളെ വീണ്ടും ഉണർത്തിക്കൊണ്ടാണ് യുഡിഎഫ് പുതിയ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചത്. വോട്ടർമാർക്കിടയിൽ ഇത് വലിയ ചർച്ചയായിരുന്നു. സാധാരണക്കാരുടെ ചികിത്സാച്ചെലവുകൾക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മധ്യവർഗത്തെയും ദരിദ്രരെയും ഒരുപോലെ ഭയപ്പെടുത്തുന്ന ഒന്നാണ് ഇന്നത്തെ കാലത്തെ ഭീമമായ ചികിത്സാച്ചെലവുകൾ. അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു കാൻസറോ, ഹൃദ്രോഗമോ, വാഹനാപകടമോ മതി ഒരു ഇടത്തരം കുടുംബത്തിന്റെ ജീവിതസമ്പാദ്യം മുഴുവൻ ഇല്ലാതാക്കാൻ. നിലവിലുള്ള പല സർക്കാർ ഇൻഷുറൻസ് പദ്ധതികളും സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കോ ദീർഘകാല ചികിത്സകൾക്കോ പൂർണമായും പര്യാപ്തമല്ല എന്നതാണ് യാഥാർഥ്യം. ഇത് മനസിലാക്കിയാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 

സ്വകാര്യ ആശുപത്രികളിലെ വിലകൂടിയ പരിശോധനകളും ഐസിയു സൗകര്യങ്ങളും കാൻസർ ചികിത്സയും ഉൾപ്പെടെ ഈ ഒറ്റ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെടില്ല എന്ന ഉറപ്പുനൽകുന്ന ജീവൻ രക്ഷാകവചമായി ഈ പദ്ധതി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണമെങ്കിൽ ഇൻഷുറൻസ് കമ്പനികൾക്ക് സർക്കാർ കോടിക്കണക്കിന് രൂപ പ്രീമിയം ഇനത്തിൽ കൃത്യമായി അടയ്ക്കേണ്ടതുണ്ട്.

No comments