*ഇന്നലെ മൂന്ന്, ഇന്ന് ഒന്ന്: അണ്ണാഡിഎംകെയിൽ വിമത എംഎൽഎമാരുടെ കൂട്ട രാജി*
ചെന്നൈ : തമിഴ്നാട്ടിൽ എംഎൽഎമാരുടെ രാജി തുടരുന്നു. അണ്ണാഡിഎംകെ വിമത വിഭാഗം എംഎൽഎ, അംബാസമുദ്രം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എസക്കി സുബ്ബയ്യയാണ് സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. ഇന്നലെ മൂന്ന് അണ്ണാ ഡിഎംകെ എംഎൽഎമാർ രാജിവച്ചിരുന്നു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്.ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി.സത്യഭാമ എന്നിവരാണ് ഇന്നലെ രാജിവച്ചത്.
5 വർഷത്തിനിടെ അമ്മ ഉണവകത്തിനായി ഡിഎംകെ സർക്കാർ ഒന്നും ചെയ്തില്ലെന്നും ടിവികെ അധികാരത്തിൽ എത്തിയതിനുശേഷം ശക്തമായ നടപടി സ്വീകരിച്ചെന്നും രാജിവച്ച എംഎൽഎ മരഗതം കുമാരവേൽ പറഞ്ഞു. തന്റെ മണ്ഡലമായ ചെങ്കൽപെട്ട് ജില്ലയിലെ മധുരാന്തകത്തിലും കൂടെ രാജി സമർപ്പിച്ച എംഎൽഎ എസ്.ജയകുമാറിന്റെ മണ്ഡലമായ ഈറോഡ് ജില്ലയിലെ പെരുന്തുറൈയിലും എംഎൽഎമാരായിട്ടും കാര്യമായ വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞില്ല. ഭരണമില്ലാതെ ജനങ്ങളുടെ ആവശ്യങ്ങൾ നടത്താൻ കഴിയില്ലെന്നും ജനങ്ങൾക്കു വേണ്ടിയാണു രാജിവച്ചതെന്നും മരഗതം പറഞ്ഞു. ഇന്നലെ രാവിലെ ഒരു വിഭാഗം വിമതപക്ഷ നേതാക്കൾ സ്പീക്കറെ കണ്ടു തങ്ങളുടെ പിന്തുണ ടിവികെക്കു തന്നെയാണെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണു രാജിയുണ്ടായത്. രാജിവച്ചവർ സ്പീക്കറെ കണ്ടു രാജിക്കത്തു നൽകിയതിനു പിന്നാലെ മന്ത്രി ആദവ് അർജുന സെക്രട്ടേറിയറ്റ് ഓഫിസിൽ ഇവരെ സ്വീകരിച്ചു. തുടർന്നു മുഖ്യമന്ത്രി സി.ജോസഫ് വിജയിനെ കണ്ടതായാണു സൂചന.
രാജിവച്ചവർ ഉൾപ്പെടെ 25 എംഎൽഎമാരാണു വിശ്വാസ വോട്ടെടുപ്പിൽ ടിവികെക്കു വോട്ട് ചെയ്തത്. 47 എംഎൽഎമാരുള്ള അണ്ണാഡിഎംകെ വിശ്വാസ വോട്ടിനെ തുടർന്നു ഔദ്യോഗിക വിഭാഗം– 22, വിമത വിഭാഗ– 25 എന്നിങ്ങനെ പിരിഞ്ഞിരുന്നു. തുടർന്നു വിമത വിഭാഗത്തിൽനിന്നു കെ.സി.വീരമണി ആദ്യം ഔദ്യോഗിക വിഭാഗത്തിൽ തിരിച്ചെത്തി. തുടർന്നു ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി പാർട്ടി സ്ഥാനങ്ങളിൽനിന്നു വിമതവിഭാഗത്തെ അനുകൂലിക്കുന്നവരെ പുറത്താക്കി. 27 ജില്ലാ സെക്രട്ടറിമാർക്കു സ്ഥാനം നഷ്ടമായി.
മന്ത്രിസഭാ രൂപീകരണം വരെ കാത്തിരുന്ന ശേഷം തുടർ നടപടികളുമായി മുന്നോട്ടു പോകാമെന്നായിരുന്നു വിമത വിഭാഗത്തിന്റെ തീരുമാനം. എന്നാൽ, ഇന്നലെ രാവിലെയോടെ അണ്ണാഡിഎംകെയിൽ വൻ നീക്കങ്ങളാണുണ്ടായത്. എടപ്പാടിയുടെ വീട്ടിലേക്കു വിമത വിഭാഗത്തിൽനിന്നു 4 എംഎൽഎമാർ എത്തി പിന്തുണ അറിയിച്ചു. പൻറുട്ടി എംഎൽഎ കെ.മോഹൻ, ആർക്കോട്ട് എംഎൽഎ എസ്.എം.സുകുമാർ, കാങ്കേയം എംഎൽഎ എൻഎസ്എൻ നടരാജ്, ശങ്കരൻകോവിൽ എംഎൽഎ ഡോ. ദിലീപൻ ജയ്ശങ്കർ, അന്തിയൂർ എംഎൽഎ പി.ഹരിഭാസ്കർ എന്നിവരാണ് ഔദ്യോഗിക പക്ഷത്തു തിരിച്ചെത്തിയത്.
5 എംഎൽഎമാർ ഔദ്യോഗിക പക്ഷത്തേക്കു പോയതോടെ സ്പീക്കർ ജെ.സി.ഡി.പ്രഭാകറെ കണ്ട വിമതവിഭാഗം നേതാക്കളായ കെ.പി.അൻപഴകൻ, സി.വിജയഭാസ്കർ എന്നിവർ പിന്തുണ ടിവികെക്കു തന്നെയെന്ന് അറിയിച്ചു. ഇതിനു ശേഷമായിരുന്നു തമിഴക രാഷ്ട്രീയത്തെ ഞെട്ടിച്ച രാജി. അണ്ണാഡിഎംകെയിലെ ഔദ്യോഗിക വിഭാഗത്തിൽ 28 എംഎൽഎമാരാണ് ഇപ്പോഴുള്ളത്. എംഎൽഎമാരുടെ രാജി കൂടി കഴിഞ്ഞതോടെ വിമതവിഭാഗം 15 ആയി ചുരുങ്ങി. തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതോടെയാണു പാർട്ടിയിൽ പൊട്ടിത്തെറി രൂക്ഷമായത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments