*ആദ്യം ഗ്യാസ്, അടുത്തത് പെട്രോളും ഡീസലും; ജനങ്ങൾക്ക് ലഭിച്ച ഇലക്ഷൻ ബില്ലാണിത്’; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി*
ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിൻ്റെ വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇലക്ഷന് പിന്നാലെ ജനങ്ങൾ വലിയ തോതിലുള്ള വിലക്കയറ്റം നേരിടേണ്ടി വരുമെന്ന് താൻ മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. ഗ്യാസ് വില കൂട്ടിയതിന് പിന്നാലെ ഇനി പെട്രോൾ, ഡീസൽ വിലയും ഉടൻ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാൻ പറഞ്ഞതാണ് – തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിൻ്റെ ചൂടറിയും. ഇന്ന്, വാണിജ്യ സിലിണ്ടറിന് 993 രൂപ കൂടി ചെലവേറിയതായി. ഇത് ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ്. ഇതാണ് ഇലക്ഷൻ ബില്ല്. ഫെബ്രുവരി മുതൽ ഇതുവരെ 1380 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മൂന്ന് മാസം വിലയിൽ ഉണ്ടായ കുതിച്ചുചാട്ടം 81 ശതമാനമാണ്”- രാഹുൽ ഗാന്ധി പറഞ്ഞു.
വിലക്കയറ്റത്തിൻ്റെ ആഘാതം ചായക്കടക്കാരും ഹോട്ടലുകാരും ബേക്കറിക്കാരും മധുരപലഹാരക്കടക്കാരും അനുഭവിക്കുമെന്നും വീട്ടുചെലവിനെയും ബാധിക്കുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായതിന് പിന്നാലെ കേന്ദ്രസർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ആശ്വാസം കഴിഞ്ഞുവെന്നും വിലക്കയറ്റത്തിൻ്റെ ചൂട് വരുന്നുണ്ടെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
വാണിജ്യ സിലിണ്ടർ വില വർധനവിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിലക്കയറ്റക്കാരൻ മോദി’യെന്ന് പരിഹസിച്ച കോൺഗ്രസ്, കേന്ദ്രസർക്കാർ തുടർച്ചയായി വാണിജ്യ സിലിണ്ടറിൻ്റെ വില കൂട്ടി വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. മാസാദ്യമായ ഇന്ന് 993 രൂപയുടെ വർധനവ് ആണ് വാണിജ്യ സിലിണ്ടർ വിലയിൽ ഉണ്ടായത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments