Breaking News

*പ്രതികരിച്ച് കെഎസ്ആർടിസി, വിദ്യാർത്ഥി പാസ് പുതുക്കൽ ഫീസ് 10ൽ നിന്ന് 110 രൂപയാക്കിയെന്ന പ്രചരണത്തിന് മറുപടി; 'ശരിക്കും 10 രൂപ കുറഞ്ഞു'*

കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വസ്തുതാവിരുദ്ധമാണെന്ന് കെഎസ്ആർടിസി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണിത്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമായി ഓരോ അധ്യയന വർഷാരംഭത്തിലും ആകെ 110 രൂപ ഈടാക്കിയിരുന്നതാണ്. ഇതിൽ 100 രൂപ പ്രോസസ്സിംഗ് ഫീസായും (സർവീസ് ചാർജ്, സോഫ്റ്റ്‌വെയർ പരിപാലന ചെലവ് തുടങ്ങിയവ) 10 രൂപ കാർഡിന്റെയും അനുബന്ധ സ്റ്റേഷനറി സാമഗ്രികളുടെയും ചെലവായും ഉൾപ്പെട്ടിരുന്നുവെന്നും കെഎസ്ആർടിസി പ്രതികരിച്ചു.

വിദ്യാർത്ഥികൾക്കായി ആർഎഫ്ഐഡി (RFID) അടിസ്ഥാനത്തിലുള്ള സ്മാർട്ട് കാർഡ് സംവിധാനം നടപ്പിലാക്കിയതോടെ പേപ്പർ കാർഡുകൾക്ക് പകരം ആർഎഫ്ഐഡി കാർഡുകൾ സൗജന്യമായി നൽകുകയും, നിലവിലുള്ള കാർഡുകൾ തന്നെ തുടർന്നും പുനരുപയോഗിക്കുന്ന സംവിധാനത്തിലേക്ക് മാറുകയും ചെയ്തിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.

ഇതോടെ പുതിയ കാർഡോ അനുബന്ധ സ്റ്റേഷനറി സാമഗ്രികളോ നൽകേണ്ട സാഹചര്യമില്ലാത്തതിനാൽ, മുമ്പ് ഈടാക്കിയിരുന്ന 10 രൂപ സ്റ്റേഷനറി ചാർജ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ നിലവിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്ന് 100 രൂപ പ്രോസസ്സിംഗ് ഫീസ് മാത്രമാണ് കൺസഷൻ പുതുക്കലിനായി ഈടാക്കുന്നത്. അതിനാൽ, വിദ്യാർത്ഥി കൺസഷൻ പുതുക്കൽ ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയാക്കി വർധിപ്പിച്ചുവെന്ന പ്രചാരണം യാഥാർത്ഥ്യവിരുദ്ധമാണ്. മറിച്ച്, മുൻപ് ഈടാക്കിയിരുന്ന ആകെ 110 രൂപയിൽ നിന്ന് 100 രൂപയായി തുക കുറയ്ക്കുകയും ആർഎഫ്ഐഡി കാർഡുകൾ സൗജന്യമായി നൽകുകയും ചെയ്തിട്ടുള്ളതാണ് നിലവിലെ യഥാർത്ഥ സ്ഥിതിയെന്നും കെഎസ്ആർടിസി കൂട്ടിച്ചേർത്തു.

വിദ്യാർത്ഥി സമൂഹത്തിന് കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും കൺസഷൻ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനും കെഎസ്ആർടിസി പ്രതിജ്ഞാബദ്ധമാണ്. വസ്തുതാവിരുദ്ധമായ വാർത്തകളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും തെറ്റിദ്ധരിക്കപ്പെടരുതെന്ന് കെഎസ്ആർടിസി അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments