ഓപ്പറേഷൻ തൂഫാൻ'; മേൽപറമ്പിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വൻ ലഹരി നിർമ്മാണ കേന്ദ്രം പിടികൂടി: 15,000 പാക്കറ്റ് 'കൂൾ ലിപ്', മെഷീനുകൾ എന്നിവയുമായി രണ്ട് പേർ വലയിൽ
മേൽപറമ്പ : കേരള സർക്കാരിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവ് 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി മേൽപറമ്പ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം പിടികൂടി. സംഭവസ്ഥലത്തു നിന്നും വിൽപ്പനയ്ക്കായി തയ്യറാക്കിവെച്ച 15,000 പാക്കറ്റ് നിരോധിച്ച പുകയില ഉൽപ്പന്നങ്ങളും ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങളും പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചൂരി കലിയങ്ങാട് റോഡ് സ്വദേശി ജാഫർ ഷെരീഫ് സി.എം. (34), നീർച്ചാൽ ഗോലിയടുക്ക ഹൗസിൽ മുഹമ്മദ് ഹാരിഷ് (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ബാര ഗ്രാമത്തിലെ മയിലാട്ടിയിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന *"QURAISHI, XPRESS"* എന്ന ബോർഡ് വെച്ച വാടക കെട്ടിടത്തിലാണ് അനധികൃതമായി പുകയില ഉൽപ്പന്നങ്ങളുടെ നിർമ്മാണം നടന്നിരുന്നത്. ഈ കെട്ടിടത്തിൽ വൻതോതിൽ നിരോധിച്ച പുകയില ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതായി മേൽപറമ്പ സബ് ഇൻസ്പെക്ടർ അഖിൽ ടി.ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. കോടതി അനുമതിക്കായി കാത്തുനിന്നാൽ പ്രതികൾ തൊണ്ടിമുതലുകൾ ഒളിപ്പിക്കാനോ കടത്താനോ സാധ്യതയുള്ളതിനാൽ പോലീസ് സംഘം അടിയന്തരമായി സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
23.06.2026 തീയ്യതി വൈകുന്നേരം 17.45 ഓടെ പോലീസ് സംഘം കെട്ടിടത്തിന് സമീപമെത്തിയപ്പോൾ തെക്കുഭാഗത്തെ നാലാമത്തെ ഷട്ടർ തുറന്നിട്ട നിലയിലായിരുന്നു. ഉള്ളിൽ നിന്നും പുകയിലയുടെ രൂക്ഷഗന്ധം ഉയർന്നതിനെ തുടർന്ന് പോലീസ് അടുത്തേക്ക് നീങ്ങിയതോടെ മുറിയിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് സംഘം ഇവരെ പിന്തുടർന്ന് കീഴടക്കുകയായിരുന്നു.
കെട്ടിടത്തിനുള്ളിലെ രഹസ്യ മുറിയിൽ പാക്കിംഗ് മെഷീനുകൾ ഉപയോഗിച്ച് പുകയില ഉൽപ്പന്നങ്ങൾ ചെറിയ പാക്കറ്റുകളിലാക്കുന്ന ജോലികളിലായിരുന്നു പ്രതികൾ. വിപണിയിൽ ഏറെ ആവശ്യക്കാരുള്ള *'Cool Lip'* ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ വ്യാജ ഒഴിഞ്ഞ കവറുകളും, പ്രതികൾ അനധികൃതമായി നിർമ്മിച്ച 15,000 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളും, ഇവ നിർമ്മിക്കാനുപയോഗിക്കുന്ന പുകയില, മറ്റ് പാക്കിംഗ് സാമഗ്രികൾ, പാക്കിംഗ് മെഷീനുകൾ എന്നിവ കസ്റ്റയിൽ എടുത്തു .
മേൽപറമ്പ എസ് ഐ അഖിൽ ടി., ഷൈജു, സി.പി.ഒ.മാരായ സൂരജ്, പ്രദീപൻ, എ.എസ്.ഐ. (ഡ്രൈവർ) ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. പ്രതികൾക്കെതിരെ മേൽപറമ്പ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments