Breaking News

*എഡിജിപി അജിത് കുമാറിന് കുരുക്ക് മുറുകുന്നു...*

നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് മേല്‍ പിടിമുറുക്കി പ്രത്യേക അന്വേഷണ സംഘം. കേസ് അട്ടിമറിക്കാന്‍ എഡിജിപി നേരിട്ട് ഇടപെട്ടെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്ന നിര്‍ണ്ണായക തെളിവുകളാണ് ഇപ്പോള്‍ എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. മര്‍ദ്ദനക്കേസ് അന്വേഷിച്ചിരുന്ന മുന്‍ അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിയതായും എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയതായും എസ്ഐടി സ്ഥിരീകരിച്ചു കഴിഞ്ഞു. ഇവര്‍ തിരുവനന്തപുരത്തെ പേരൂര്‍ക്കട പോലീസ് ക്ലബ്ബില്‍ എത്തിയതിന്റെ കൃത്യമായ തെളിവുകളാണ് അന്വേഷണ സംഘം ശേഖരിച്ചിരിക്കുന്നത്. പോലീസ് ക്ലബ്ബിലെ ഔദ്യോഗിക രജിസ്റ്ററില്‍ ഈ ഉദ്യോഗസ്ഥരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റിലാണ് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥര്‍ ക്ലബ്ബിലെത്തിയത്. ഈ സമയം എഡിജിപി എം.ആര്‍ അജിത് കുമാറും തിരുവനന്തപുരത്ത് തന്നെയുണ്ടായിരുന്നു. അജിത് കുമാറിന്റെ ഇടപെടല്‍ പൂര്‍ണ്ണമായും സ്ഥിരീകരിക്കുന്നതിനായി എഡിജിപിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ എസ്ഐടി ഇപ്പോള്‍ അരിച്ചുപെറുക്കി പരിശോധിച്ചു വരികയാണ്. കേസ് അട്ടിമറിയിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന്റെ ഭാഗമായി അന്വേഷണം എഡിജിപിയുടെ ഓഫീസിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. അജിത് കുമാറിന്റെ ഓഫീസിലെ മുന്‍ ജീവനക്കാരുടെ ഉള്‍പ്പെടെ മൊഴി എടുക്കാനാണ് എസ്ഐടിയുടെ നീക്കം. ഇതിനു പുറമെ അന്ന് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാന്‍ ഉപയോഗിച്ച ലാത്തികള്‍ കണ്ടെത്തി ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനും തീരുമാനമായിട്ടുണ്ട്. പ്രതികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിലൂടെ മര്‍ദ്ദനം അഴിച്ചുവിടാന്‍ മുകളില്‍ നിന്ന് ആരെങ്കിലും നിര്‍ദ്ദേശം നല്‍കിയിരുന്നോ എന്ന് വ്യക്തമാകുമെന്നാണ് കരുതുന്നത്. അതിനിടെ, കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച്‌ അന്വേഷണ സംഘം ആലപ്പുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. പ്രതികളെ രക്ഷിച്ചെടുക്കാന്‍ വേണ്ടി കേസ് ഡയറി തന്നെ അട്ടിമറിച്ചതായും, പോലീസിന് അനുകൂലമായ വ്യാജ നറേറ്റീവ് സൃഷ്ടിക്കാന്‍ ഉന്നത തലത്തില്‍ വ്യാജ രേഖകള്‍ ചമച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസാണെന്നാണ് എസ്ഐടി കണ്ടെത്തല്‍. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയിലാണ് അജിത് കുമാറിന്റെ പങ്ക് കൃത്യമായി വിവരിക്കുന്നത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ഫോട്ടോഗ്രാഫര്‍ എടുത്ത ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് മുന്‍പ് നല്‍കിയ റഫര്‍ റിപ്പോര്‍ട്ടിലെ പ്രസ്താവന പൂര്‍ണ്ണമായും കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. താന്‍ അങ്ങനെയൊരു മര്‍ദ്ദന ദൃശ്യവും പകര്‍ത്തിയിട്ടില്ലെന്ന് പോലീസ് ഫോട്ടോഗ്രാഫര്‍ തന്നെ ഇപ്പോള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇല്ലാത്ത ദൃശ്യങ്ങളുടെ പേര് പറഞ്ഞ് കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ എഡിജിപിയുടെ ഓഫീസ് ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. കേസില്‍ ഗുരുതര വീഴ്ച വരുത്തിയ ഗ്രേഡ് എസ്.ഐമാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശയുണ്ടാകുമെന്നും സൂചനയുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments