Breaking News

*പരിസ്ഥിതി ദിനം: കാസർഗോഡ് നെല്ലിക്കുന്ന് കടപ്പുറത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ മനുഷ്യമതിൽ*

കാസർഗോഡ് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലാതല സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പ്രൊജക്റ്റിന്റെ ആഭിമുഖ്യത്തിൽ "സേവ് എർത്ത് സേവ് ജനറേഷൻ" എന്ന സന്ദേശമുയർത്തി വിപുലമായ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. കസബ പരിധിയിലെ നെല്ലിക്കുന്ന് കടപ്പുറത്ത് നടന്ന ചടങ്ങിൽ കേഡറ്റുകളും പൊതുജനങ്ങളും ചേർന്ന് കൂറ്റൻ മനുഷ്യമതിൽ തീർത്തു. ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡി ഐ.പി.എസ് വൃക്ഷ തൈ നട്ട് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

എ.എസ്.പി അച്യുത് അശോക് ഐ.പി.എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാസർഗോഡ് നഗരസഭാ ചെയർപേഴ്സൺ ഷാഹിന സലിം മുഖ്യാതിഥിയായിരുന്നു. നഗരസഭാ ആരോഗ്യ-ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, മറ്റ് ജനപ്രതിനിധികൾ, കുറുമ്പ ഭഗവതി ക്ഷേത്ര ഭാരവാഹികൾ, '75 മേറ്റ്സ്' ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. തൻവീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ, കാസർഗോഡ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, തളങ്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം കേഡറ്റുകളാണ് പരിപാടിയുടെ ഭാഗമായത്.

കസബ കടപ്പുറത്തെ തിരഞ്ഞെടുക്കപ്പെട്ട മേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ കുട്ടികളുടെ നേതൃത്വത്തിൽ ശേഖരിക്കുകയും, തുടർന്ന് നഗരസഭയുടെ വാഹനത്തിൽ ശാസ്ത്രീയമായ നിർമാർജനത്തിനായി കൊണ്ടുപോവുകയും ചെയ്തു. നട്ടുപിടിപ്പിച്ച ചെടികൾക്ക് കന്നുകാലികളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി '75 മേറ്റ്സ്' പ്രവർത്തകരുടെ നേതൃത്വത്തിൽ ചുറ്റും ഗ്രില്ലുകൾ സ്ഥാപിച്ചു. പങ്കെടുത്ത കുട്ടികൾക്കും ജനങ്ങൾക്കുമുള്ള ലഘുഭക്ഷണ സൗകര്യങ്ങൾ കുറുമ്പ ഭഗവതി ക്ഷേത്രം ഭാരവാഹികൾ ഒരുക്കി.

ജില്ലാതല ഉദ്ഘാടനത്തിന് പുറമെ കാസർകോട് ജില്ലയിലെ 45 എസ്.പി.സി സ്കൂളുകളിലും സമാനമായ രീതിയിൽ പരിസ്ഥിതി ദിനാചരണം നടന്നു. സ്കൂൾ പരിസരങ്ങളിലെ കുളങ്ങൾ, തോടുകൾ, അരുവികൾ, കാവുകൾ തുടങ്ങിയവ സന്ദർശിച്ച് കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുക, പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കുക തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേഡറ്റുകൾ ഏറ്റെടുത്തത്. ഇത്തരം വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ എസ്.പി.സി പദ്ധതി കൂടുതൽ ജനകീയമാക്കാനും സന്ദേശം പൊതുസമൂഹത്തിൽ എത്തിക്കാനുമാണ് കാസർഗോഡ് സോഷ്യൽ പോലീസിംഗ് ഡിവിഷൻ ലക്ഷ്യമിടുന്നത്.

എസ്.പി.സി പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പുതിയ ബാച്ചിലേക്ക് കുട്ടികളെ ചേർക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സംസ്ഥാന ഡയറക്ടറേറ്റ് അറിയിച്ചു. താല്പര്യമുള്ള വിദ്യാർത്ഥികൾ *2026 ജൂൺ 9-ന് മുൻപായി* അപേക്ഷകൾ സമർപ്പിക്കണം.

തിരഞ്ഞെടുപ്പ് രീതി : എഴുത്തുപരീക്ഷയുടെയും കായികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും അർഹരായ കേഡറ്റുകളെ തിരഞ്ഞെടുക്കുന്നത്.
അംഗബലം : ജൻഡർ ന്യൂട്രാലിറ്റി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒരു സ്കൂളിൽ നിന്നും 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും ഉൾപ്പെടെ ആകെ 44 പേർക്കാണ് പ്രവേശനം ലഭിക്കുക.
പരിശീലനം : തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ ആഴ്ചയിലും ബുധൻ, ശനി ദിവസങ്ങളിലായിരിക്കും പരിശീലനം നൽകുക.
ചുമതലകൾ: പദ്ധതി നടത്തിപ്പിനായി ഓരോ സ്കൂളിൽ നിന്നും രണ്ട് അധ്യാപകരെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി (ഹോണററി സബ് ഇൻസ്പെക്ടർ റാങ്ക്) നിയമിക്കും. കുട്ടികൾക്ക് മികച്ച കായിക പരിശീലനം നൽകുന്നതിനായി അതത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള രണ്ട് ഡ്രിൽ ഇൻസ്ട്രക്ടർമാരെയും നിയോഗിക്കുന്നതാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments