Breaking News

മധുവാഹിനി പുഴയ്ക്ക് കുറുകെ കമ്പാർ – പേരാൽക്കണ്ണൂർ പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി

കാസർഗോഡ് : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എ. അബ്ദുള്ള കുഞ്ഞി ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി K. M. Shajiയ്ക്ക് മധുവാഹിനി പുഴയ്ക്ക് കുറുകെ കമ്പാർ – പേരാൽക്കണ്ണൂർ പാലം നിർമ്മിച്ചു നൽകണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു.
പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ ഈ പാലം യാഥാർഥ്യമായാൽ ഗതാഗത മേഖലയിലും പ്രദേശത്തിന്റെ സമഗ്ര വികസനത്തിലും വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ കമ്പാറിൽ നിന്നും പേരാൽക്കണ്ണൂരിലേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ ജനങ്ങൾ ഏകദേശം 16 കിലോമീറ്റർ വരെ ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യമാണ്. എന്നാൽ മധുവാഹിനി പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുകയാണെങ്കിൽ ഈ ദൂരം ഏകദേശം 2 കിലോമീറ്ററായി കുറയുകയും യാത്രാസമയവും ചെലവും ഗണ്യമായി ലാഭിക്കാനാവുകയും ചെയ്യും.
നിർദിഷ്ട പാലം മൊഗ്രാൽ പുത്തൂർ, കുമ്പള, പുത്തിഗ, ബദിയടുക്ക എന്നീ നാല് പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന വികസന പദ്ധതിയായിരിക്കും. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കർഷകർക്കും വ്യാപാരികൾക്കും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് ഈ പാലം നേരിട്ട് പ്രയോജനപ്പെടും.
മധുവാഹിനി പുഴയ്ക്ക് കുറുകെ പാലം യാഥാർഥ്യമാകുന്നതോടെ ഗതാഗത സൗകര്യം മെച്ചപ്പെടുന്നതിന് പുറമെ പ്രദേശത്തിന്റെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ വളർച്ചയ്ക്കും പുതിയ അവസരങ്ങൾ തുറന്നുകിട്ടുമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമായ ഈ പാലം അടിയന്തരമായി അനുവദിച്ച് പദ്ധതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ അഭ്യർഥന. പ്രദേശത്തിന്റെ വികസന ചരിത്രത്തിൽ നിർണായകമായ ഒരു നാഴികക്കല്ലായി ഈ പാലം മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments