വിമാന താവളത്തിൽ എത്തിയത് നാട്ടിലേക്കുള്ള യാത്രക്കായി.
കുവൈത്ത് സിറ്റി : കുവൈത്ത് വിമാന താവളത്തിലെ ടെർമിനൽ ഒന്നിന് നേരെ ഇന്നലെ കാലത്തുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മധ്യ പ്രദേശ് സ്വദേശി മൻസൂർ അഹമദ് റഹ്മാൻ (55) വിമാന താവളത്തിൽ എത്തിയത് നാട്ടിലേക്കുള്ള യാത്രക്കായി. കുവൈത്തിൽ നിന്നും ഇന്ന് കാലത്ത് ബഹ്റൈൻ വഴി മുംബയിലേക്ക് പോകുന്ന GF 214 നമ്പർ ഗൾഫ് എയർ വിമാനത്തിലെ യാത്രക്കാരൻ ആയിരുന്നു ഇദ്ദേഹം.ടെർമിനൽ ഒന്നിൽ ചെക്കിങ് നടപടികൾ പൂർത്തിയാക്കി വരുന്നതിന് ഇടയിലാണ് മരണത്തിന്റെ രൂപത്തിൽ എത്തിയ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു ഇദ്ദേഹത്തിന് ജീവൻ നഷ്ടമായത്. ജൂൺ ഒന്ന് മുതൽ ടെർമിനൽ ഒന്ന് വഴി വിദേശ വിമാന കമ്പനികളുടെ പ്രവർത്തനം പുനരാരംഭിക്കുവാനുള്ള പ്രഖ്യാപനത്തിന് പിന്നാലെ മെയ് 30 നാണ് ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ മറ്റൊരു ലോകത്തേക്കുള്ള യാത്രയായിരുന്നു വിധി ഇദ്ദേഹത്തിനു ഒരുക്കി വെച്ചത്. വിമാന താവളത്തിൽ ഇദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്ന മറ്റു ചില യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മൻസൂർ അഹമദ് റഹ്മാന്റെ ദാരുണ മരണത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയും കുവൈത്ത് ഭരണ കൂടവും അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃത ദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങൾ ഇന്ത്യൻ സ്ഥാനപതിയുടെ നേരിട്ടുള്ള മേൽ നോട്ടത്തിൽ പുരോഗമിക്കുകയാണ്
റഹീം ആരിക്കാടി.


No comments