Breaking News

അധികാരം അഹങ്കാരത്തിന്റെ അടയാളമാക്കരുത് - പിഡിപി

തിരുവനന്തപുരം : അധികാരം കിട്ടിയാല്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് നടപ്പിലാക്കാനുള്ള അവസരമായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാക്കുകള്‍ കേവലം വാഗ്ദാനങ്ങള്‍ മാത്രമായും വിരുദ്ധമായ തീരുമാനങ്ങള്‍ നയങ്ങളായും രൂപപ്പെടുന്നത് കാപട്യത്തിന്റെ ലക്ഷണമാണ്. മതേതര കേരളമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ വര്‍ഗീയതയും വിദ്വേഷവും വംശീയ ഉന്മൂലനവും അജണ്ടയായി സ്വീകരിച്ച സംഘ്പരിവാറുമായി സന്ധിയാകുന്ന കാഴ്ച ദൈനംദിനം കണ്ടുവരികയാണ്. ഇത് ജനവഞ്ചനയും ഇരട്ടത്താപ്പുമാണ്. പിഎംശ്രീ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കില്ല എന്ന് ആയിരം വട്ടം ആവര്‍ത്തിച്ച് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഭരണം കിട്ടി ഒരാഴ്ച പിന്നിടുന്നതിന് മുന്നേ നിലപാട് മാറ്റിയത് സംഘ്പരിവാര്‍ പ്രീണനമാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ കാവിവല്‍ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ ഉപയോഗിച്ച് നടപ്പിലാക്കുമ്പോള്‍ ഒരു പ്രതിഷേധം പോലും രേഖപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. എങ്ങിനെയും ഫണ്ടുണ്ടാക്കുക എന്നതല്ല ജനപക്ഷ ഭരണമെന്നും കേരളത്തിന്റെ മതനിരപേക്ഷ നിലപാട് നിലനിര്‍ത്തുക എന്നത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. 

സംസ്ഥാനത്തിന്റെ അധികാര ഉദ്യോഗമേഖലകളിലെ സുപ്രധാന പദവികളിലേക്ക് സംഘ്പരിവാര്‍ നോമിനികളെ നിയോഗിക്കുകയും പൊതുമേഖലയും സംബദ് വ്യവസ്ഥയും കോര്‍പറേറ്റുകള്‍ക്ക് വിറ്റഴിക്കുകയും ചെയ്യുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ ബജറ്റില്‍ പോലും ഇടം പിടിച്ചിട്ടുള്ളത്. ഇത് സംസ്ഥാനത്തിന്റെ ഭാവി തകര്‍ക്കുന്ന നിലപാടുകളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിഎംശ്രീ പദ്ധതിയില്‍ നിന്ന് കേരളം പിന്മാറുക , സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്ന ഗവര്‍ണറുടെ  നിലപാടിനെ ചെറുക്കുക , സുപ്രധാനപദവികളില്‍ സംഘ്പരിവാറുകാരെ പ്രതിഷ്ഠിക്കുന്നത് തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പിഡിപി നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈസ്ചെയര്‍മാന്‍ വര്‍ക്കലരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എം.അലിയാര്‍ , മൈലക്കാട് ഷാ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ അനില്‍കുമാര്‍ ഹരിപ്പാട്, അഷറഫ് വാഴക്കാല, റസാഖ് മണ്ണടി,ഹബീബ് റഹ്മാന്‍ പന്തളം, മൊയ്തീന്‍ ചെംബോത്തറ,  പിടിയുസി സംസ്ഥാന പ്രസിഡന്റ് ബി.എന്‍.ശശികുമാര്‍ , വിമന്‍സ് ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ശശികുമാരി വര്‍ക്കല, സെക്രട്ടറിയേറ്റ് അംഗങ്ങളായ നടയറ ജബ്ബാര്‍, അജീര്‍ കിള്ളി ,ജമാല്‍ കുഞ്ഞുണ്ണിക്കര , റ്റി.എം.രാജ ,ജില്ല പ്രസിഡന്റ് അഷറഫ് നഗരൂര്‍, ജില്ല സെക്രട്ടറി നിയാസ് വര്‍ക്കല, ട്രഷറര്‍ റഊഫ് ബീമാപള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments