*മുഖ്യമന്ത്രി ഞങ്ങള്‍ക്കൊരുപുതിയ വീട് വെച്ചുതരണം*
മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഭയമില്ലാതെ സുരക്ഷിതമായി ഉറങ്ങണമെന്ന ആറുവയസ്സുകാരി റുവാനിയുടെ ആഗ്രഹം സഫലമാകുന്നു. തങ്ങള്‍ക്ക് സുരക്ഷിതമായ ഒരു വീട് വേണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമന്ത്രി വി.ഡി സതീശനോട് അഭ്യര്‍ത്ഥിച്ച റുവാനിയുടെ കുടുംബത്തെ മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ചു. കുടുംബത്തോട് സംസാരിച്ച മുഖ്യമന്ത്രി, അവര്‍ക്കായി പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന ഉറപ്പ് നല്‍കുകയായിരുന്നു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ ഈ കൊച്ചുമിടുക്കിയുടെ സങ്കടം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് സഹായ വാഗ്ദാനവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് അടിയന്തരമായി ഇടപെട്ടത്. വിഴിഞ്ഞം എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ റുവാനി മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം നിലവില്‍ അതീവ കഷ്ടപ്പാടിലാണ് കഴിയുന്നത്. വിഴിഞ്ഞത്തിന് സമീപമുള്ള ഒരു ചെറിയ ചായ്പ്പിലാണ് ഈ നാലംഗ കുടുംബത്തിന്റെ താമസം. അടച്ചുറപ്പുള്ള വാതിലുകളോ ശരിയായ ശുചിമുറിയോ പോലുമില്ലാത്ത ഈ പഴയ വീട്ടില്‍ മഴ പെയ്യുമ്പോള്‍ ചോര്‍ന്നൊലിക്കുന്നത് കാരണം ഒട്ടും ഉറങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു റുവാനിയുടെ സങ്കടം. ഇതിനൊപ്പം മഴക്കാലത്ത് ഇഴജന്തുക്കളുടെയും പ്രാണികളുടെയും ശല്യം രൂക്ഷമാണെന്ന് കുഞ്ഞിന്റെ അമ്മയും പറയുന്നു. ഓരോ ദിവസവും കടുത്ത ഭയത്തോടെയാണ് ഈ കുടുംബം രാത്രികള്‍ തള്ളിനീക്കുന്നത്. മുഖ്യമന്ത്രി ഞങ്ങള്‍ക്ക് ഒരു പുതിയ വീട് വെച്ചുതരണം, അതില്‍ ഞങ്ങള്‍ക്ക് ഉറങ്ങണം. ഞാന്‍ പഠിച്ചു വലുതാകുമ്പോള്‍ ജോലി കിട്ടി ഈ പൈസ തിരികെ തരാം എന്ന റുവാനിയുടെ നിഷ്‌കളങ്കമായ വാക്കുകളാണ് സമൂഹമാധ്യമങ്ങളുടെയും മുഖ്യമന്ത്രിയുടെയും ഹൃദയം കവര്‍ന്നത്. കുഞ്ഞിന്റെ സങ്കടം പൊതുസമൂഹം അറിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഭാവിയില്‍ കടം വീട്ടാമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കുന്ന ഈ ആറുവയസ്സുകാരിയുടെ വീഡിയോ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുന്നുണ്ട്. ഓട്ടോ ഡ്രൈവറായ പിതാവ് റീഗലിന്റെ തുച്ഛമായ വരുമാനം മാത്രമാണ് റുവാനിയുടെ കുടുംബത്തിന്റെ ഏക ആശ്രയം. മുന്‍പ് അധ്യാപകര്‍ മുന്‍കൈ എടുത്ത് വാങ്ങി നല്‍കിയ രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് ഇട്ട ഒരു ചെറിയ മുറിയിലാണ് ഇവര്‍ കഴിയുന്നത്. ഇതിനുമുന്‍പ് സ്വന്തമായി ഒരു വീടിനായി പലതവണ അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ യാതൊരു നടപടികളും ഉണ്ടായിരുന്നില്ല. എന്നാല്‍, അന്തിയുറങ്ങാന്‍ സുരക്ഷിതമായ ഒരു വീടെന്ന ഈ കുഞ്ഞുങ്ങളുടെ വലിയ ആഗ്രഹം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതിന്റെ ആശ്വാസത്തിലാണ് റുവാനിയുടെ കുടുംബം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments