*തൊഴിലുറപ്പ് നിയമം മാറുന്നു: നാളെ മുതൽ സ്വകാര്യനിലം ഒരുക്കലില്ല; പിഎംഎവൈ വീട് പണിയാം*
നാളെ ആരംഭിക്കുന്ന വിബിജി റാം ജി പദ്ധതിയിൽ സ്വകാര്യ വ്യക്തികളുടേതടക്കം കൃഷിഭൂമിയിലെ ഭൂവികസന ജോലികൾ അനുവദിക്കില്ല. എന്നാൽ, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കു കീഴിൽ സ്വകാര്യ വ്യക്തികൾക്കു വീട് നിർമാണം പോലുള്ള പദ്ധതികൾക്ക് അനുമതിയുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ, കേരളത്തിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിൽ അവർ ഭൂനികുതി രസീത് സമർപ്പിച്ച് അപേക്ഷിച്ചാൽ നിലമൊരുക്കൽ, കാടുവെട്ടിത്തെളിക്കൽ തുടങ്ങിയ പ്രവൃത്തികൾ ചെയ്തിരുന്നു. ഇനി ജലസംരക്ഷണ പ്രവർത്തനങ്ങൾ മാത്രമേ ചെയ്യാനാകൂ.
പുതിയ പദ്ധതിക്കു കീഴിൽ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ കരടു പട്ടിക കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യം, ജീവനോപാധി അടിസ്ഥാനസൗകര്യം, ദുരന്തനിവാരണം എന്നീ വിഭാഗങ്ങളിലാണു പ്രവൃത്തികൾ. അങ്കണവാടി, ഗ്രാമീണ ആരോഗ്യകേന്ദ്രം, വിശ്രമത്തിനായുള്ള പന്തൽ, ഗവ. സ്കൂളുകൾക്കും മറ്റും ചുറ്റുമതിലോ ശുചിമുറികളോ നിർമിക്കൽ അല്ലെങ്കിൽ അറ്റകുറ്റപ്പണി തുടങ്ങിയവ കരടിലുണ്ട്.
കനാലുകളും ഓവുചാലുകളും, മണ്ണിടിച്ചിൽ തടയാൻ ഭിത്തി, ചെറിയ തടയണ, നീർത്തടം, കനാൽ, മഴക്കുഴികൾ തുടങ്ങിയവയുടെ നിർമാണം, കുഴൽക്കിണർ പുനരുദ്ധാരണം, കിണർ കുഴിക്കുക, ജലസ്രോതസ്സുകളുടെ സംരക്ഷണം, വനവൽക്കരണം– കാട്ടുതീ തടയൽ, ടാറും ഇന്റർലോക്കും മണ്ണും ഉപയോഗിച്ചുള്ള റോഡ് നിർമാണം എന്നിവയും പട്ടികയിലുണ്ട്.
മാലിന്യസംസ്കരണത്തിലൂടെ വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾ എടുത്തുപറയുന്നു. കംപോസ്റ്റ് കുഴി, വേർതിരിക്കുന്ന ഷെഡ്, ജൈവവളം ശേഖരിക്കാനുള്ള സംവിധാനം തുടങ്ങിയവയുടെ നിർമാണം ഉൾപ്പെടും. കാർഷികമേഖലയിൽ കാലികൾക്കുള്ള വെള്ളത്തൊട്ടി, മലഞ്ചെരിവുകളിലെ കൃഷിക്കായി നീളത്തിലുള്ള കുഴിയെടുപ്പ്, കാർഷിക – ഗ്രാമീണ ഉൽപന്ന വിൽപനകേന്ദ്രങ്ങളുടെ നിർമാണത്തിനു പുറമേ പ്ലാന്റേഷൻ, മത്സ്യം വളർത്തൽ മേഖലകളിലെ ചെറുകിട നിർമാണങ്ങളും നടീൽ പ്രവൃത്തികളും അനുവദിക്കും. ശ്മശാന നിർമാണവും അറ്റകുറ്റപ്പണിയും ഏറ്റെടുക്കാം.
അതേ സമയം, കായിക അധ്വാനം വേണ്ട പ്രവൃത്തികളാണ് പുതിയ പദ്ധതിയിലുള്ളത്. കേരളത്തിൽ ആകെ റജിസ്റ്റർ ചെയ്ത 22 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളിൽ 40 ശതമാനവും 60 വയസ്സിനു മുകളിലുള്ളവരായതിനാൽ ഇതു പ്രയാസമാകുമെന്നാണു വിലയിരുത്തൽ. പുതിയ പദ്ധതിയിൽ കൂലി കേന്ദ്ര സർക്കാർ തീരുമാനിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments