Breaking News

സാമ്പത്തിക പ്രതിസന്ധി മറയാക്കി അപൂര്‍വ ധാതു ഖനനവും ഊര്‍ജ്ജ മേഖലയും കുത്തകവല്‍ക്കരിക്കാനുള്ള നീക്കം അപകടകരം: സിപിഎ ലത്തീഫ്

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി മറയാക്കി സംസ്ഥാനത്തിന്റെ തന്ത്രപ്രധാനമായ അപൂര്‍വ ധാതു ഖനന മേഖലയും ഊര്‍ജ മേഖലയും കുത്തകവല്‍ക്കരിക്കാനും സ്വകാര്യ നിക്ഷേപത്തിനായി തുറന്നുകൊടുക്കാനുമുള്ള ധവളപത്രത്തിലെ ശുപാര്‍ശകള്‍ അത്യന്തം അപകടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ജനകീയ താല്‍പ്പര്യങ്ങളെയും പരിസ്ഥിതിയെയും പാടെ അവഗണിച്ചുകൊണ്ട്, കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ പൊതുസമ്പത്ത് വിട്ടുകൊടുക്കുന്ന നീക്കം സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയെ തകര്‍ക്കും. കോര്‍പ്പറേറ്റ് പ്രീണന നയങ്ങളുടെ ഭാഗമാണ് ഈ ധവളപത്രമെന്ന് വ്യക്തമായിരിക്കുകയാണ്.
കേരളത്തിന്റെ തീരപ്രദേശങ്ങളിലെ കരിമണല്‍ ഉള്‍പ്പെടെയുള്ള അപൂര്‍വ ധാതുക്കള്‍ രാജ്യത്തിന്റെ തന്നെ തന്ത്രപ്രധാനമായ പൊതുസമ്പത്താണ്. ദീര്‍ഘകാലമായി പൊതുമേഖലയില്‍ നിലനിര്‍ത്തി സംരക്ഷിച്ചുപോരുന്ന ഈ മേഖലയിലേക്ക് സ്വകാര്യ ലോബികളെ ക്ഷണിച്ചുവരുത്തുന്നത് വരുംതലമുറയോട് ചെയ്യുന്ന ചതിയാണ്. തീരദേശത്തെ പരിസ്ഥിതി തകര്‍ക്കാനും ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കാനും മാത്രമേ ഈ തീരുമാനം ഉപകരിക്കൂ.

അതുപോലെതന്നെ, ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കേണ്ട ഊര്‍ജ മേഖലയിലെ സ്വകാര്യ നിക്ഷേപ പ്രോത്സാഹനം സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന നടപടിയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരം അവയെ തകര്‍ക്കാനും ഊര്‍ജ വിപണിയില്‍ സ്വകാര്യ കുത്തകകളുടെ അപ്രമാദിത്യം ഉറപ്പാക്കാനും മാത്രമേ ഇത്തരം നിര്‍ദ്ദേശങ്ങള്‍ വഴിതുറക്കൂ.

ധവളപത്രത്തിലെ ഈ വിനാശകരമായ നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments