ലഹരിമൂത്ത് കുഞ്ഞിന് നേരെ ക്രൂരത; കുഞ്ഞിനെ വായുവിലെറിഞ്ഞ് യുവാവിന്റെ അഭ്യാസപ്രകടനം; നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
തിരുന്നാവായ : ലഹരിക്ക് അടിമപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന് നേരെ അതിക്രൂരമായ അതിക്രമം കാട്ടിയ യുവാവിനെ നാട്ടുകാർ കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ വൈകിട്ട് തൃപ്രങ്ങോട് കൈനിക്കരയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇവിടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവാവാണ് സ്വന്തം കുഞ്ഞിനോട് ഈ ക്രൂരത കാട്ടിയത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പ്രതിയുടെ ഭാര്യ മറ്റ് കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോയ സമയത്താണ് ഇയാൾ കുഞ്ഞുമൊത്ത് ക്വാർട്ടേഴ്സിന് പുറത്തേക്ക് ഇറങ്ങിയത്. തുടർന്ന് കടുത്ത ലഹരിയിലായിരുന്ന ഇയാൾ ഒരു വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞിനെ വായുവിലേക്ക് മുകളിലേക്കും താഴേക്കും എറിഞ്ഞ് ക്രൂരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയായിരുന്നു.
വഴിയിലൂടെ വന്ന നാട്ടുകാരാണ് ഈ ദൃശ്യം ആദ്യം കാണുന്നത്. കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിലുള്ള പ്രകടനം കണ്ടതോടെ നാട്ടുകാർ സമയോചിതമായി ഇടപെടുകയും യുവാവിനെ തടഞ്ഞ് കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ കുഞ്ഞിനെ കുളിപ്പിച്ചു വൃത്തിയാക്കി ഭക്ഷണവും നൽകി.
തുടർന്ന് സ്ഥലത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടുകയും വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നാട്ടുകാർ തടഞ്ഞുവെച്ച ശേഷവും ഇയാൾ ലഹരി മൂത്ത് അഭ്യാസപ്രകടനങ്ങൾ തുടർന്നിരുന്നു.
പ്രതി കഞ്ചാവ്, എം ഡി എം എ തുടങ്ങിയ മാരക ലഹരിമരുന്നുകളുടെ വിൽപ്പനക്കാരനും ഉപയോക്താവുമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാൾ മുൻപും സ്വന്തം കുട്ടിയെ പൊള്ളലേൽപ്പിച്ച കേസിൽ പ്രതിയായിട്ടുണ്ട് എന്ന് നാട്ടുകാർ പറയുന്നു. പ്രതിയുടെ ക്രൂരത കാരണം മൂത്ത കുട്ടി നിലവിൽ വലിയമ്മയുടെ കൂടെയാണ് താമസിക്കുന്നത്.
സംഭവമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനും കുടുംബത്തിനും ആവശ്യമായ കൗൺസിലിംഗും മറ്റ് നിയമനടപടികളും ചൈൽഡ് ലൈൻ ഉറപ്പുവരുത്തും. ലഹരി വിപത്ത് ഒരു കുടുംബത്തെയും കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെയും എത്രത്തോളം ദോഷകരമായി ബാധിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവായി മാറിയിരിക്കുകയാണ് ഈ സംഭവം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments