*വിവാഹമോചിതയ്ക്ക് ഭര്‍ത്താവിനേക്കാള്‍ വരുമാനമുണ്ടെങ്കില്‍ ജീവനാംശം ഇല്ല*
ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനം ഉള്ളപ്പോഴും ഭർത്താവിനേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുമ്പോഴും കോടതികള്‍ ജീവനാംശം അനുവദിക്കാൻ പാടില്ലെന്ന് ഹൈക്കോടതി. കുട്ടികളെ സംരക്ഷിക്കേണ്ട ചുമതലയോ മറ്റ് സാമ്പത്തിക ബാധ്യതകളോ ഇല്ലാതിരിക്കുകയും, ഭർത്താവിനേക്കാള്‍ സാമ്പത്തിക ഭദ്രതയുള്ളവളായിരിക്കുകയും ചെയ്യുമ്പോള്‍ ഭാര്യയെ സംരക്ഷിക്കേണ്ടത് ഭർത്താവിന്റെ കടമയാണെന്ന കാരണത്താല്‍ മാത്രം കോടതികള്‍ ജീവനാംശം നല്‍കാൻ ഉത്തരവിടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഭാര്യയ്ക്ക് പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശം നല്‍കാൻ വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ 37-കാരനായ ഭർത്താവ് സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ട് ജസ്റ്റിസാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഈ കേസില്‍ ഭാര്യയുടെ വരുമാനം ഭർത്താവിനേക്കാള്‍ കൂടുതലാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനമുള്ള ഭാര്യയ്ക്ക് സ്വന്തമായി ജീവിക്കാൻ സാധിക്കും. അതിനാല്‍, പ്രതിമാസം 60,646 രൂപ മാത്രം വരുമാനമുള്ള ഭർത്താവ് തന്റെ ശമ്പളത്തില്‍ നിന്ന് 20,000 രൂപ വീതം ഭാര്യയ്ക്ക് നല്‍കണമെന്ന് വിചാരണ കോടതി ഉത്തരവിടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഗാർഹിക പീഡന നിരോധന നിയമം, ഹിന്ദു ദത്തെടുക്കലും ജീവനാംശവും നല്‍കല്‍ നിയമം, സിആർപിസി എന്നിവയിലെ വ്യവസ്ഥകള്‍ മുൻനിർത്തി ഹർജി നല്‍കി എന്ന കാരണത്താല്‍ മാത്രം കോടതികള്‍ നേരിട്ട് ജീവനാംശം അനുവദിക്കരുതെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. ഭർത്താവിന്റെ ജീവിതനിലവാരത്തിനനുസരിച്ച് ജീവിക്കാൻ ഭാര്യയ്ക്ക് മറ്റ് സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലെന്ന് തെളിയിക്കപ്പെടുമ്പോള്‍ മാത്രമാണ് കോടതികള്‍ ജീവനാംശം അനുവദിക്കേണ്ടത്. 2024-ല്‍ വിവാഹിതരായ ദമ്പതികള്‍ രണ്ട് മാസം മാത്രമാണ് ഒന്നിച്ച് താമസിച്ചതെന്ന് ഭർത്താവിന്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. ടിഡിഎസ് രേഖകള്‍ പ്രകാരം ഭാര്യയ്ക്ക് പ്രതിമാസം 1.64 ലക്ഷം രൂപയാണ് ശമ്പളം. ഇവർക്ക് കുട്ടികളില്ല. അതേസമയം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭർത്താവിന് 57,000 രൂപ മാത്രമാണ് ശമ്പളം ലഭിക്കുന്നത്. എന്നാല്‍ ഈ വസ്തുതകള്‍ പരിഗണിക്കാതെയാണ് വിചാരണ കോടതി ഉത്തരവിട്ടതെന്നും അദ്ദേഹം വാദിച്ചു. വിവാഹ ആവശ്യങ്ങള്‍ക്കായി വാങ്ങിയ കടങ്ങള്‍ വീട്ടാനുള്ളതിനാലാണ് ഇടക്കാല ജീവനാംശം ആവശ്യപ്പെട്ടതെന്നായിരുന്നു ഭാര്യയുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ കടം വാങ്ങിയതിന്റെയോ തിരിച്ചടയ്ക്കാനുള്ള തുകയുടെയോ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തില്‍ ഭാര്യ വ്യക്തമാക്കിയിട്ടില്ലെന്ന് ഇരുപക്ഷത്തിന്റെയും വരുമാന-ആസ്തി വിവരങ്ങള്‍ പരിശോധിച്ച ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി ഉത്തരവിട്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments