Breaking News

ഓപ്പറേഷൻ തൂഫാൻ: ബേക്കൂറിൽ വൻ മയക്കുമരുന്ന് വേട്ട; 112 ഗ്രാം MDMA-യുമായി രണ്ട് പേർ പിടിയിൽ.

കാസറഗോഡ് : സംസ്ഥാനവ്യാപകമായി ലഹരിക്കെതിരെ പോലീസ് നടത്തിവരുന്ന 'ഓപ്പറേഷൻ തൂഫാൻ'-ന്റെ ഭാഗമായി മഞ്ചേശ്വരം പോലീസ് നടത്തിയ കർശന പരിശോധനയിൽ, ബേക്കൂർ ഗ്രാമത്തിൽ വൻ മയക്കുമരുന്ന് വേട്ട. ആദർശ് നഗർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരോധിക്കപ്പെട്ട മാരക മയക്കുമരുന്നായ 112.170 ഗ്രാം MDMA-യുമായി രണ്ട് യുവാക്കളെ പോലീസ് സംഘം പിടികൂടി. കയ്യാർ ജോഡ്കൽ സ്വദേശി ഫാറൂഖ് മുഹമ്മദ്(44), മംഗൽപാടി പച്ചമ്പള്ള ദീനാർ നഗർ സ്വദേശി മൊയ്‌ദീൻ കുഞ്ഞി(41) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഉപയോഗിച്ച KL 14 AD 0090 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 8.20-ഓടെയാണ് സംഭവം. ജോഡുകൽ ആദർശ് നഗറിലെ JKV ക്ലബ്ബിന് മുൻപിലുള്ള ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തിരുന്ന പ്രതികളെ പോലീസ് സംഘം ശ്രദ്ധിക്കുകയായിരുന്നു. പോലീസിനെ കണ്ടയുടൻ കാറിൽ നിന്ന് പുറത്തിറങ്ങിയ ഒന്നാം പ്രതിയായ ഫാറൂഖ് മുഹമ്മദ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും, കൈവശമുണ്ടായിരുന്ന രണ്ട് പൊതികൾ സമീപത്തെ കാട്ടിലേക്ക് വലിച്ചെറിയുകയുമായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടാം പ്രതി മൊയ്തീൻ കുഞ്ഞിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പൊതികളിൽ മാരകമായ MDMA ആണെന്ന് സ്ഥിരീകരിച്ചു.  പരിശോധനയിൽ പിടിച്ചെടുത്ത 112.170 ഗ്രാം MDMA, വാഹനം എന്നിവ ഉൾപ്പെടെയുള്ള മുതലുകൾ  പോലീസ് ബന്തവസ്സിലെടുത്തു. അറസ്റ്റിലായ പ്രതികൾക്കെതിരെ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസെടുത്ത് മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടർ ഉമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

No comments