*ബിജുവിന്റെ വീട്ടിലേക്ക് ദീപക് എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; 12 മിനിറ്റിൽ കൊലപാതകം*
കോഴിക്കോട് : പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജുവിനെ (38) ബന്ധുവായ മാങ്കാവ് കുറ്റിയിൽതാഴം തെക്കിനേടത്ത് മീത്തൽ ദീപക് (21) കൊലപ്പെടുത്തിയത് 12 മിനിറ്റിനുള്ളിൽ എന്നു സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബിജുവിന്റെ വീടിന്റെ പരിസരത്തേക്ക് പ്രതിയായ ദീപക് പോകുന്നതും വരുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സ്കൂട്ടറിൽ എത്തിയ പ്രതി 12 മിനിറ്റിനുള്ളിൽ കൃത്യം നടത്തിയെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ദീപക്കിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിനു പിന്നിലുള്ള ഒറ്റമുറി വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. പുലർച്ചെ മൂന്നു മണിയോടെ പശുവിനെ കറക്കാൻ മകനെ വിളിക്കാൻ എത്തിയ അമ്മയാണ് കിടപ്പുമുറിയിലെ കട്ടിലിനു മുകളിൽ രക്തത്തിൽ കുളിച്ചു മരിച്ച നിലയിൽ ബിജുവിനെ കണ്ടെത്തിയത്.
വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ബിജുവിന്റെ കഴുത്തിൽ മാത്രം 18 കുത്തേറ്റതായും കണ്ടെത്തി.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ ടൗൺ എസിപി കെ.വി.പ്രമോദിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അതിവേഗം അന്വേഷണം നടത്തി 48 മണിക്കൂറിനുള്ളിൽ പ്രതിയെ വലയിലാക്കിയത്. ബിജുവുമായി ബന്ധപ്പെട്ട നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയും ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്ത ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
∙ എത്തിയത് അച്ഛന്റെ സ്കൂട്ടറിൽ
അന്വേഷണത്തിന്റെ ഭാഗമായി പരിസരത്തെ അൻപതോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നിരവധി പേരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വന്തമായി വാഹനം ഇല്ലാത്ത പ്രതി കൊലപാതകത്തിനായി ബിജുവിന്റെ വീട്ടിൽ എത്തിയത് അച്ഛന്റെ സ്കൂട്ടറിൽ ആണെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൃത്യത്തിനു ശേഷം പ്രതി മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. വെളുത്ത ടീഷർട്ട് ധരിച്ചാണ് പ്രതി എത്തുന്നത്.
https://chat.whatsapp.com/GZnWblIamd5CRjsbTOQeDo?s=cl&p=a&ilr=4
കൃത്യം നടക്കുമ്പോൾ ദീപക് ധരിച്ച വസ്ത്രങ്ങൾ കത്തിച്ച നിലയിൽ പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ബിജുവിന്റെ മൊബൈൽ ഫോണും ബിജുവിന്റെ സ്കൂട്ടറിന്റെ താക്കോലും പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയതും അന്വേഷണത്തിൽ നിർണായകമായി. ദീപക്കിന്റെ വീട്ടിൽ തലയിണയ്ക്ക് അടിയിൽ നിന്നാണ് ബിജുവിന്റെ ഫോൺ കണ്ടെത്തിയത്. ബിജുവിന്റെ ഫോണിന്റെ സിം കാർഡ് ഊരിയ പ്രതി പിന്നീട് അത് ഫോണിൽ തിരിച്ചിട്ടത് ലൊക്കേഷൻ വിവരങ്ങൾ നിരന്തരം വിലയിരുത്തി വന്ന സൈബർ പൊലീസ് സംഘത്തിന് പ്രതിയുടെ സ്ഥലം കണ്ടെത്തുന്നതിലും നിർണായകമായി.
∙ ചികിത്സയ്ക്ക് നിർബന്ധിച്ചു; പകയായി
ലഹരിക്ക് അടിമയായിരുന്ന പ്രതിയെ ചികിത്സയ്ക്ക് വിധേയനാക്കാൻ ബിജു മുൻകൈയെടുത്ത് നടത്തി നീക്കമാണ് പകയ്ക്ക് ഇടയാക്കിയതെന്നാണ് സൂചന. മൂന്നു വർഷം മുൻപ് പ്രതിയും ബിജുവും തമ്മിൽ അടിപിടിയുണ്ടായതായും ബന്ധുക്കളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചു. ദീപക്കിനെ ചികിത്സയ്ക്കായി എത്തിച്ച ലഹരിവിമുക്ത കേന്ദ്രം, മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ നടത്തിയ സ്ഥാപനം എന്നിവിടങ്ങളിലും പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു.
ബിജുവിന്റെ സംസ്കാരച്ചടങ്ങിൽ ആദ്യം ദീപക് എത്തിയില്ലെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി എത്തുകയായിരുന്നു. സംസ്കാരച്ചടങ്ങിൽ എത്തിയ ദീപക്കിന്റെ കൈവിരലുകളിൽ മുറിവുണ്ടായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ ബിജുവിന്റെ തല മതിലിൽ ഇടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് കൈവിരലുകൾക്ക് പരുക്കേറ്റതെന്ന് പ്രതി സമ്മതിച്ചു.
ദീപക്കിന് എതിരെ കഞ്ചാവ് ഉപയോഗിച്ചതിന് കേസ് ഉണ്ട്. ബിഎ ബിരുദം പൂർത്തിയാക്കിയ ദീപക് യുട്യൂബിൽ നിരന്തരം ബോക്സിങ് മത്സരങ്ങൾ കാണാറുണ്ടായിരുന്നു. ഒരിക്കൽ അയൽവാസി വീട്ടിലെത്തിയപ്പോൾ ബോക്സിങ് രീതിയിൽ അയാളെ മർദിച്ചിരുന്നു. അയൽവാസികളായ രണ്ടു പേരെ മർദിച്ചത് സംബന്ധിച്ച് കസബ സ്റ്റേഷനിൽ ഒരു പരാതിയും പ്രതിക്കെതിരെ ഉണ്ട്. ഇവ രക്ഷിതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കുകയായിരുന്നു.
∙ സംശയമുന നീണ്ടത് ലഹരിസംഘങ്ങളിൽ
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ബിജുവും സ്ഥലത്തെ ചില ലഹരിവിൽപനക്കാരുമായുണ്ടായ തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന സംശയം നാട്ടുകാരും ബന്ധുക്കളും പ്രകടിപ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് ദീപക്കിനെ കുടുക്കിയത്. പ്രതിയുടെ ശരീരത്തിലെ മുറിവുകൾ, കൊല്ലപ്പെട്ട ബിജുവുമായി ഉണ്ടായിരുന്ന വ്യക്തിവൈരാഗ്യം സംബന്ധിച്ച് ചിലർ നൽകിയ സൂചനകൾ തുടങ്ങിയവയും അന്വേഷണസംഘം വിലയിരുത്തി. ശാസ്ത്രീയ തെളിവുകൾ കൂടി വച്ച് നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
കസബ ഇൻസ്പെക്ടർ പി.ജെ. ജിമ്മി, എസ്ഐ നിമിൻ കെ. ദിവാകരൻ, എഎസ്ഐമാരായ സജേഷ്, രഘുനാഥ്, എസ്‌സിപിഒമാരായ പി. ദീപു, കെ. ഷിജിത്ത്, സിപിഒ വിപിൻരാജ്,സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ. സുജിത്ത്, സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് അംഗങ്ങളായ ഒ. മോഹൻദാസ്, അബ്ദുൽ റഹ്‌മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസാൻവീട്, ഷാഫി പറമ്പത്ത്, ഷഹീർ, രാകേഷ്, സൈബർ വിദഗ്ധൻ ഷെഫിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments