*കള്ളാടിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം; കമ്പനി നൽകുന്നത് 6 ലക്ഷം*
കൽപ്പറ്റ : കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ രൂപപ്പെട്ട മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാൻ കമ്പനിക്ക് നിർദ്ദേശം നൽകിയതായി കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ്. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തിൽ റോഡിന് ഇരുവശങ്ങളിലേക്ക് ഇടിഞ്ഞ മണ്ണ്, കൂട്ടിയിട്ട മണ്ണ് എന്നിവ മാറ്റാനാണ് കമ്പനിക്ക് നിർദ്ദേശം നൽകിയത്.
അതേസമയം അപകടമേഖലയിൽ പരിശോധന നടത്താൻ വിദഗ്ധ സമിതി ഇന്ന് ജില്ലയിലെത്തും. വിദഗ്ധ സമിതി എത്തിയ ശേഷം മേഖലയിലെ മണ്ണ് പരിശോധിച്ച് ഏത് രീതിയിൽ, ഏത് സമയത്ത്, എവിടെ നിന്നും മണ്ണ് നീക്കം ചെയ്യണം, സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ആശ്വാസ ധനസഹായമായി സർക്കാർ രണ്ട് ലക്ഷം രൂപയും കമ്പനി രണ്ടര ലക്ഷം രൂപയും അനുവദിക്കും. ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലുള്ള മൂന്നുപേർക്ക് കമ്പനി അധിക തുക നൽകും. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര-സ്ഥിരമായ സാമ്പത്തിക സഹായം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ 10 ദിവസത്തിനകം തുക അക്കൗണ്ടുകളിലേക്ക് നൽകാൻ നിർദ്ദേശം നൽകി.
ചൂരൽമലയിൽ നിന്നും മേപ്പാടി ഭാഗങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ എത്തിക്കുന്നതിന് സ്കൂൾ ബസ്, കെ.എസ്.ആർ.ടി.സി സൗകര്യം ഉറപ്പാക്കും. ഇതിനുപുറമെ ചൂരൽമല ഭാഗത്ത് നിന്ന് ജീപ്പ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ മീനാക്ഷിപുഴയുടെ ഇരു വശങ്ങളിലും ചെക്ക് പോസ്റ്റ് ആരംഭിക്കും. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ആളുകളെ സുരക്ഷിതമായി കടത്തിവിടുന്നതിന് അഗ്നിശമന സേന - പോലീസ് ഉദ്യോഗസ്ഥർ, കമ്പനി പ്രതിനിധികളെ ചുമതലപ്പെടുത്തി.
മണ്ണിടിച്ചിലിൽ മീനാക്ഷി പാലത്തിനു താഴെ ഭാഗത്തുള്ള വീട് ഭാഗികമായി തകർന്നതിനാൽ ഉടമസ്ഥർക്ക് പകരം വീട് കണ്ടെത്താൻ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ ചുമതലപ്പെടുത്തി.
മഴ ശക്തമാവുന്ന സാഹചര്യങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് നിർദ്ദേശം നൽകി. ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷൻ നൽകും.
അപകടത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ കുടിവെള്ളം തടസ്സപ്പെട്ട സാഹചര്യത്തിൽ ഭൂജല വകുപ്പിനോട് പ്രദേശത്ത് ആവശ്യമായ പരിശോധന നടത്താനും കുഴൽ കിണർ, അനുബന്ധ സൗകര്യങ്ങൾ ഉറപ്പാക്കുന്നത് വരെ വാട്ടർ അതോറിറ്റി മുഖേന പ്രദേശത്തേക്ക് വെള്ളം ലഭ്യമാക്കുന്നതിന് കൃത്യമായ ഏകോപനം നടത്താൻ പഞ്ചായത്തിനും മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. മീനാക്ഷി പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് കൈവരികൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. പുഴയുടെ നവീകരണ പ്രവൃത്തികൾ നടത്താൻ ജലസേചന വകുപ്പിന് ചുമതല നൽകി.
മണ്ണിടിച്ചിൽ അപകടത്തെ തുടർന്ന് കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തിയതിനാൽ പ്രദേശത്തെ തിരച്ചിൽ അവസാനിപ്പിച്ചു. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പോലീസ്, സിവിൽ ഡിഫൻസ് വളണ്ടിയേഴ്‌സ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ മികച്ച ഏകോപനത്തോടെയുള്ള തീവ്രമായ തിരച്ചിലാണ് ആറ് ദിവസങ്ങളിലായി മേഖലയിൽ നടന്നതെന്ന് അവലോകന യോഗത്തിൽ മന്ത്രി ടി സിദ്ദീഖ് പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments