Breaking News

*നാല് ദിവസത്തെ വിങ്ങലിനൊടുവിൽ ചാലിയാറിൽ ഒഴുക്കിൽപ്പെട്ട യാഷിക്കിന്റെ മൃതദേഹം കണ്ടെത്തി.*

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മമ്പാട് ബീമ്പുങ്ങൽ സ്വദേശി പനയംതെടിക യാഷിക്കിന്റെ (33) മൃതദേഹം കണ്ടെത്തി. നാലാം ദിവസം അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ഇന്ന് അല്പം മുൻപ് എടവണ്ണ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെടുത്തത്.

ഗായകൻ കൂടിയായ യുവാവിന്റെ വിയോഗവാർത്ത നാടിനെ ആകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ചാലിയാർ പുഴയിൽ വെച്ച് യാഷിക് ഒഴുക്കിൽപ്പെടുന്നത്.

കനത്ത മഴയെ തുടർന്ന് പുഴയിലൂടെ കുത്തിയൊലിച്ച് ഒഴുകി വന്ന കൂറ്റൻ മരം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിലാണ് യാഷിക്കും സുഹൃത്തുക്കളും അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് യാഷിക്കിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അനീസ്, സാജിദ് എന്നിവർ അതിസാഹസികമായി പുഴയിൽ നീന്തിക്കയറി രക്ഷപ്പെട്ടിരുന്നു.

എന്നാൽ, ഒഴുകിവന്ന മരത്തിൽ പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പൂർണ്ണമായും അവശനായ യാഷിക് ശക്തമായ ഒഴുക്കിൽപ്പെട്ട് താഴേക്ക് പോവുകയായിരുന്നു. നിലമ്പൂർ, തിരുവാലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ, ഇ.ആർ.എഫ് രക്ഷാപ്രവർത്തകർ, പോലീസ്, ജനപ്രതിനിധികൾ, ട്രോമാകെയർ വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ ഓടായിക്കൽ കടവ് മുതൽ കവണക്കല്ല് റഗുലേറ്റർ വരെയുള്ള കിലോമീറ്ററുകളോളം ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ സമാനതകളില്ലാത്ത തിരച്ചിൽ നടത്തിയിരുന്നു.

ഇന്നലെ മൃതദേഹത്തിന് സമാനമായ രൂപം കീഴുപറമ്പ് ഭാഗത്ത് ഒഴുകിപ്പോകുന്നത് കണ്ടതായി നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആ ഭാഗങ്ങളിലും മണന്തലക്കടവിലും ഇന്നലെയും ഇന്നുമായി വ്യാപക പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് എടവണ്ണ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തുന്നത്.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments