*കൗൺസിലർമാർക്ക് തിരുവനന്തപുരത്ത് ബിജെപിയുടെ സ്വീകരണം: ചിത്രങ്ങൾ പുറത്തു വന്നതോടെ സിപിഎമ്മിലും ലീഗിലും വിവാദം*
കോഴിക്കോട് : കോർപറേഷൻ പ്രതിനിധി സംഘം തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ സ്വീകരണം ഏറ്റുവാങ്ങിയത് വിവാദത്തിൽ. മേയർ ഒ.സദാശിവൻ അടക്കമുള്ള കോർപറേഷൻ കൗൺസിലർമാരുടെ പ്രത്യേക സംഘം ബിജെപി മേയർ വി.വി.രാജേഷിന്റെ സ്വീകരണം ഏറ്റുവാങ്ങിയതാണു വിവാദമാകുന്നത്. മേയർ ഒ.സദാശിവനെ വി.വി.രാജേഷ് ഷാൾ അണിയിച്ചു സ്വീകരിക്കുന്നത് അടക്കമുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെ സിപിഎമ്മിൽ നിന്ന് എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. എൽഡിഎഫ് പ്രതിനിധികൾക്കൊപ്പം മുസ്‍ലിം ലീഗ് നേതാവ് എസ്.വി.മുഹമ്മദ് ഷമീൽ തങ്ങളും സ്വീകരണത്തിൽ പങ്കെടുത്തത് ലീഗിലും വലിയ ചർച്ചയായിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്കെതിരായ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കത്തിനു കഴിഞ്ഞ ദിവസം സിപിഎം പിന്തുണ നൽകിയിരുന്നില്ല. ഇതിനിടെയാണ് കോഴിക്കോട്ടെ മേയർ അടക്കമുള്ളവർ തിരുവനന്തപുരത്തെത്തി ബിജെപി മേയറുടെ സ്വീകരണം ഏറ്റുവാങ്ങിയത്. കോർപറേഷന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയും കാണാനാണു സംഘം തിരുവനന്തപുരത്തേക്കു പോയത്. ഇവരെ കണ്ടു മടങ്ങുന്നതിനിടെയാണു തിരുവനന്തപുരം കോർപറേഷനിലെത്തിയത്.
മേയർ ഒ.സദാശിവൻ, വിവിധ പാർട്ടികളെ പ്രതിനിധീകരിച്ചു ബിജെപി കൗൺസിലർ നവ്യ ഹരിദാസ് , സിപിഎം നേതാവ് കെ.രാജീവ്, സിപിഐ നേതാവ് സാറ ജാഫർ , മുസ് ലിം ലീഗിൽ നിന്ന് എസ്.വി.ഷമീൽ തങ്ങൾ എന്നിവരാണു സ്വീകരണം ഏറ്റുവാങ്ങിയ സംഘത്തിലുണ്ടായിരുന്നത്.മേയർ വി.വി.രാജേഷിന്റെ ക്ഷണം അനുസരിച്ച് സംഘം പ്രഭാതഭക്ഷണവും കഴിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനുള്ള ക്ഷണവും വി.വി.രാജേഷ് നൽകിയിട്ടുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ മേയർ ഒ. സദാശിവൻ തയാറായില്ല. മുൻ മേയർ ബീന ഫിലിപ് മേയറായിരിക്കെ ബിജെപി അനുകൂല സംഘടനയുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തത് വിവാദമായിരുന്നു. തുടർന്ന് ബീന ഫിലിപ്പിനെ സിപിഎം ശാസിച്ചിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments