*മോദിയുടെ കരുത്തൻ പ്രതിച്ഛായയിൽ വിള്ളലുകൾ വീണുതുടങ്ങി', വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ*
ദില്ലി : ദില്ലിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുമ്പോൾ നരേന്ദ്ര മോദി സർക്കാർ സമ്മർദ്ദത്തിലാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെരാജി ആവശ്യപ്പെട്ട് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക് ജൂൺ 28-ന് നിരാഹാര സമരം ആരംഭിച്ചതോടെയാണ് ദില്ലി പ്രക്ഷോഭം അന്തർദേശീയ മാധ്യമങ്ങളിൽ വാർത്തയായി തുടങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ തുടങ്ങി തെരുവിൽ പടർന്ന പ്രതിഷേധം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ പറയുന്നു. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയും ദില്ലിയുടെ ഹൃദയഭാഗത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചതും ബംഗ്ലാദേശിലെയും നേപ്പാളിലെയും ശ്രീലങ്കയിലെയും സർക്കാരുകളെ അട്ടിമറിച്ച ജെൻസി പ്രക്ഷോഭങ്ങളുമായും അന്തർദേശീയ മാധ്യമങ്ങൾ താരതമ്യം ചെയ്യുന്നു.
ഇന്ത്യൻ തലസ്ഥാന നഗരത്തിലെ തെരുവുകളിൽ എന്തുകൊണ്ട് രാഷ്ട്രീയ രോഷം അണപൊട്ടിയൊഴുകുന്നു? യുവജനങ്ങൾ ഉയർത്തുന്ന ആവശ്യങ്ങൾ മോദി സർക്കാരിന് വലിയ വെല്ലുവിളിയാകുന്നു, തുടങ്ങിയ തലക്കെട്ടുകളിലാണ് സിഎൻഎന്നും ബിബിസിയും അൽജസീറയും റോയിറ്റേഴ്സും, ബ്ലൂംബെർഗും ദില്ലി പ്രക്ഷോഭത്തെ അവതരിപ്പിക്കുന്നത്. ഡൽഹിയിലെ തെരുവുകളിൽ സർക്കാരിനെതിരായ പ്രക്ഷോഭം അരങ്ങേറുമ്പോൾ, പ്രധാനമന്ത്രിക്ക് സംസാരിക്കാതിരിക്കാൻ കഴിയുന്നതെങ്ങനെയെന്ന് ന്യൂയോർക്ക് ടൈംസ് ചോദിക്കുന്നു. മോദിയുടെ കരുത്തൻ എന്ന പ്രതിച്ഛായയിൽ വിള്ളലുകൾ വീണുതുടങ്ങിയേക്കാമെന്നും ന്യൂയോർക്ക് ടൈംസ് എഴുതി.
No comments