*തലസ്ഥാനത്തെ ഞെട്ടിച്ച രാഹുലിന്റെ സീക്രട്ട് ഓപറേഷൻ; കേന്ദ്രസർക്കാർ പ്രതീക്ഷിക്കാത്ത ചടുലനീക്കം*
ന്യൂഡൽഹി : മോദി ഭരിച്ച ഒരു വ്യാഴവട്ടക്കാലത്തിനിടെ, ഡൽഹിയുടെ രാഷ്ട്രീയ ചരിത്രത്തിലുണ്ടായ ഏറ്റവും സസ്‌പെൻസ് നിറച്ച രണ്ടുദിനങ്ങൾ. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) വിതച്ച സമരവീര്യം ഏറ്റെടുത്ത്, അതിന് തികച്ചും പുതിയ രാഷ്ട്രീയമാനം നൽകുകയായിരുന്നു ഇന്ന് കോൺഗ്രസ്. തുടക്കത്തിൽ താനേ അണഞ്ഞുപോകുമെന്ന പ്രതീക്ഷയിൽ കേന്ദ്രം പരമാവധി അവഗണിച്ച സമരം പക്ഷേ, ഒരു വലിയ കൊടുങ്കാറ്റായി പടർന്നുപന്തലിക്കുകയായിരുന്നു. ഒടുവിൽ പാർലമെന്ററി കീഴ്വഴക്കങ്ങളേപ്പോലും അമ്പരപ്പിച്ചുകൊണ്ട്, ആ പ്രക്ഷോഭജ്വാല ചെന്നെത്തിനിന്നത് സാക്ഷാൽ പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി ആരംഭിച്ച പ്രക്ഷോഭത്തെ തുടക്കത്തിൽ കേന്ദ്രം തീർത്തും നിസ്സാരവത്കരിച്ചു. പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്ചുക് ഉൾപ്പെടെയുള്ളവർ നിരാഹാരമിരുന്നപ്പോഴും, ഇതെല്ലാം സ്വയം അടങ്ങിക്കൊള്ളുമെന്ന് വിശ്വസിച്ചു, അല്ലെങ്കിൽ അതിനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ജെൻ-സി പ്രക്ഷോഭം സർക്കാർ വിചാരിച്ച രീതിയിലായിരുന്നില്ല മുന്നോട്ടുപോയത്. നാൾക്കുനാൾ ആളുകൂടി. ആദ്യഘട്ടങ്ങളിൽ നിയന്ത്രണവിധേയമെന്ന് തോന്നിച്ച സമരം, സഭ തുടങ്ങിയതോടെ പാർലമെന്റിന്റെ വാതിൽക്കൽവരെയെത്തി. പാർലമെന്റ് വർഷകാല സമ്മേളനം നടക്കാനിരിക്കേ, സോനം വാങ്ചുകിനെ പന്തലിൽനിന്ന് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതെല്ലാം ഈ സമരാവേശത്തിന് തീവ്രതയേകി. ഡൽഹി പോലീസ് ചെയ്ത വലിയ മണ്ടത്തരമായിരുന്നു ആ അറസ്റ്റെന്ന് വിലയിരുത്തുന്നവരുണ്ട്.
പിന്നാലെ കഴിഞ്ഞദിവസം പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സി.ജെ.പി. സമരത്തിനുനേരെ നടത്തിയ ക്രൂരമായ ലാത്തിച്ചാർജും കണ്ണീർവാതകപ്രയോഗവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഇതോടെ, വിഷയം ആഗോള ശ്രദ്ധയാകർഷിക്കുന്ന തലത്തിലേക്ക് വളർന്നു. ഇത് സർക്കാരിനെ രാഷ്ട്രീയമായി കൂടുതൽ പ്രതിരോധത്തിലാക്കി. എങ്കിലും ഇതെല്ലാം അധികം വൈകാതെ കെട്ടടങ്ങുമെന്ന ഒരാത്മവിശ്വാസം സർക്കാരിനുണ്ടായിരുന്നു.
സി.ജെ.പി. സമരത്തിന്റെ ജനശ്രദ്ധ തിരിച്ചറിഞ്ഞ കോൺഗ്രസ് നേതൃത്വം, പരമ്പരാഗതമായി തങ്ങൾ സ്വീകരിച്ചുപോരാറുള്ള പത്രസമ്മേളനങ്ങളും മുൻകൂട്ടിയറിയിച്ചുള്ള പ്രക്ഷോഭ രീതികളും മാറ്റി, പകരം തികച്ചും അപ്രതീക്ഷിതമായൊരു നീക്കത്തിന് തുടക്കമിട്ടു. തിങ്കളാഴ്ചത്തെ സമരത്തിനുശേഷം വിജയ് ചൗക്കിലേക്ക് മാർച്ച് നടത്താനുള്ള കോൺഗ്രസിന്റെ ആദ്യനീക്കം പോലീസ് അറിഞ്ഞ് തടഞ്ഞിരുന്നു. ഇതോടെയാണ് പദ്ധതി മാറ്റിപ്പിടിച്ചത്.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ 84-ാം ജന്മദിനാഘോഷം എന്ന വ്യാജേന ഇരുപത്തഞ്ചോളം എം.പി.മാരേയും മുതിർന്ന നേതാക്കളേയും രാജാജി മാർഗിലേക്ക് ക്ഷണിച്ചു. തങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് അവിടെയെത്തിയ എം.പി.മാർക്കുപാലും അറിവുണ്ടായിരുന്നില്ല. ആഘോഷങ്ങൾ പൂർത്തിയായ ഉടൻ, രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ നേതാക്കൾ പെട്ടെന്ന് വാഹനങ്ങളിൽ പ്രധാനമന്ത്രിയുടെ വസതിയായ 7, ലോക് കല്യാൺ മാർഗിലേക്ക് തിരിച്ചു. അവിടെയൊരു സമരം സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ലെന്നതിനാൽ ഡൽഹി പോലീസ് അക്ഷരാർഥത്തിൽ അമ്പരന്നു.
ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് തൊട്ടടുത്തെത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചമാരംഭിച്ചത്. പെട്ടെന്നുണ്ടായ ഈ റോഡുപരോധം പോലീസിനേയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരേയും ആശയക്കുഴപ്പത്തിലാക്കി. സ്ഥിതിഗതികൾ ശാന്തമാക്കാൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നേരിട്ടെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. ധർമേന്ദ്രപ്രധാന്റെ രാജിയും പാർലമെന്റിൽ ചർച്ചയും വേണമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിന്നതോടെ അനുനയനീക്കം പരാജയപ്പെട്ടു.
ഒടുവിൽ വൈകീട്ട് 6.40-ഓടെ രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. രാഹുൽഗാന്ധിക്ക് മുഖത്ത് പരിക്കേൽക്കുന്ന സാഹചര്യംവരെയുണ്ടായി. കേരളത്തിൽനിന്നുള്ള മന്ത്രി പി.സി. വിഷ്ണുനാഥ്, എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ളവരേയും പോലീസ് ക്രൂരമായ നീക്കത്തിലൂടെ കസ്റ്റഡിയിലെടുത്തിരുന്നു.
സി.ജെ.പി. കൊളുത്തിവെച്ചത് കോൺഗ്രസ് കൂടി ഏറ്റെടുത്ത് വിജയിപ്പിച്ചതോടെ, രാജ്യത്തെ യുവാക്കളുടെ ആശങ്കകളെ, കേന്ദ്രത്തിന് ഇനി തിരിഞ്ഞുനോക്കാതെ തരമില്ല എന്ന തലത്തിലെത്തിച്ചിരിക്കുന്നു. വളരെ ലളിതമെന്നു കരുതി നിസ്സാരവത്കരിച്ച ഒരു സമരം, രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വരെ എത്തിയ സ്ഥിതിക്ക്, വിഷയം കേന്ദ്രം ഗൗരവതരമായിത്തന്നെ പരിഗണിക്കേണ്ടിവരും. രാഹുൽ ഗാന്ധിയെ അടക്കം വലിച്ചിഴച്ചുകൊണ്ടുപോയി പരിക്കേൽപ്പിച്ച സ്ഥിതിക്ക്, വരുംദിവസങ്ങളിൽ രാജ്യമാകെ കോൺഗ്രസ് പ്രതിഷേധം വ്യാപിക്കുമെന്നുറപ്പാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments