Breaking News

*നിതിന്‍ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. റാം പൊലീസ് പിടിയില്‍*

കണ്ണൂര്‍ : അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തിലെ മുഖ്യപ്രതി ഡോ. എം കെ റാം പൊലീസ് പിടിയില്‍. കര്‍ണാടകയിലെ കുടകില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയോടെയായിരുന്നു റാമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. ക്രൈംബ്രാഞ്ച് എസ്പി ഉടന്‍ ഓഫീസില്‍ എത്തും. ഒളിവ് ജീവിതത്തില്‍ പ്രതി മൊബൈല്‍ ഫോണ്‍ ഇയാള്‍ ഉപയോഗിച്ചിരുന്നില്ല. മൂന്ന് പേരുടെ സഹായം ഒളി സങ്കേതത്തില്‍ ഇയാള്‍ക്ക് ലഭിച്ചിരുന്നു. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെ റാമിനായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് രണ്ട് നീതിയാണ്. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ എഡിജിപി എച്ച് വെങ്കിടേഷിനെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിയെ പിടിക്കാത്തതില്‍ ഉത്തരവാദി എഡിജിപി എച്ച് വെങ്കിടേഷാണെന്ന് ഹൈക്കോടതി പറഞ്ഞു. പരാതി വന്നാല്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത്. ക്ലാസ് മുറിയില്‍വെച്ച് നിതിന്‍ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ചായിരുന്നു നിതിനെ അധ്യാപകന്‍ അധിക്ഷേപിച്ചത്. അധ്യാപകനെതിരെ അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ നടക്കുക മറ്റൊന്നാകുമായിരുന്നുവെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

No comments