Breaking News

*മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം: കെ. യു.ഡബ്ലു.ജെ.*

തിരുവനന്തപുരം : ഭരണകൂടത്തിന് അനിഷ്ടമുള്ള വാർത്തകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. 
റിപ്പോർട്ടർ ടിവി, കൈരളി ന്യൂസ് തുടങ്ങിയ വാർത്താ സ്ഥാപനങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന വാർത്തകളും അവയുടെ സോഷ്യൽ മീഡിയ കാർഡുകളും സർക്കാർ സംവിധാനങ്ങൾ വഴി പരാതികൾ നൽകി മെറ്റ പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യുകയാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. മാധ്യമ സെൻസറിങ്ങിന് തുല്യമായ ഇത്തരം നടപടികൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. അപ്രഖ്യാപിത മാധ്യമ നിയന്ത്രണത്തെ കുറിച്ച്  വിശദീകരിക്കാൻ സർക്കാർ തയ്യാറാവണം.  


മാധ്യമങ്ങൾ പ്രതിപക്ഷ ശബ്ദമാണ് ഉയർത്തുന്നതെന്നും അവർ ഉന്നയിക്കുന്നത് ജനങ്ങളുടെ ചോദ്യങ്ങൾ ആണെന്നുമുള്ള  വിഖ്യാത രാഷ്ട്രീയ ചിന്തകരുടെ നിരീക്ഷണം ലോകമെങ്ങും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. മറിച്ചുള്ള സമീപനം ജനാധിപത്യമല്ല, ഏകാധിപത്യമാണ്. ഒരു വാർത്ത സർക്കാറിന് ഇഷ്ടപ്പെട്ടില്ല എന്നതുകൊണ്ട് മാത്രം സർക്കാർ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുന്നത് ഫാഷിസ്റ്റ് നടപടി ആണ്. വാർത്ത തെറ്റാണെങ്കിൽ നിയമപരമായ സംവിധാനങ്ങളിലൂടെ പരാതി നൽകാനും തിരുത്തൽ ആവശ്യപ്പെടാനും നിയമനടപടി സ്വീകരിക്കാനും ആർക്കും അവകാശമുണ്ട്. എന്നാൽ, സർക്കാർ സംവിധാനങ്ങളുടെ സ്വാധീനം ഉപയോഗിച്ച് വാർത്തകൾ തടയുന്നത് മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.

വിമർശനാത്മകമായ വാർത്ത പ്രസിദ്ധീകരിക്കാനുള്ള മാധ്യമങ്ങളുടെ അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്.  ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്ന ത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. വാർത്ത തെറ്റാണെങ്കിൽ വസ്തുതകൾ മുന്നോട്ടുവച്ച് മറുപടി നൽകുകയാണ് ജനാധിപത്യപരമായ വഴി. വാർത്താവിലക്ക്  സ്ഥാപനങ്ങളുടെ നിലനിൽപ്പിനേയും അതുവഴി തൊഴിലാളികളുടെ ജീവിതത്തെയും ബാധിക്കുന്നതിനാൽ ഗുരുതരമായ മനുഷ്യാവകാശ പ്രശ്നം കൂടിയാണ്. അതുകൊണ്ട് തന്നെ
ജനാധിപത്യ വിരുദ്ധമായ നടപടി അടിയന്തരമായി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments