Breaking News

*കേന്ദ്രം വാക്കുപാലിച്ചില്ല; വീണ്ടും സമരത്തിനിറങ്ങാന്‍ സിജെപി*

ന്യൂഡല്‍ഹി : ജന്തര്‍ മന്തറില്‍ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി. കേന്ദ്രം വാഗ്ദാനങ്ങളില്‍ നിന്ന് പിന്മാറുന്നത് രാജ്യത്തെ യുവാക്കളോടുള്ള വിശ്വാസവഞ്ചനയാണ്. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ ജന്തര്‍ മന്തറിലേതിന് സമാനമായ മറ്റൊരു സമരത്തിന് തയ്യാറാകുമെന്നും സിജെപി മുന്നറിയിപ്പ് നല്‍കി.

വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട പട്ടിക സര്‍ക്കാര്‍ ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് സിജെപി ആരോപിച്ചു. സമരം അവസാനിപ്പിക്കുന്നതിന് മുമ്പ് നല്‍കിയ ഉറപ്പുകളില്‍ നിന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പിന്മാറാന്‍ ശ്രമിക്കുകയാണെന്ന് സിജെപി സഹ കണ്‍വീനര്‍ സൗരവ് ദാസ്, ലീഗല്‍ അഫയേഴ്‌സ് ലീഡ് രത്‌ന സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കും, കേന്ദ്ര സര്‍ക്കാരും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ പിന്‍വലിക്കും, ഭാവിയില്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ല തുടങ്ങിയ ഉറപ്പുകളാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് സിജെപി പറഞ്ഞു. പരീക്ഷാ പരിഷ്‌കരണത്തിനായുള്ള തങ്ങളുടെ അഞ്ച് നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി നേതൃത്വം പറഞ്ഞു.

നാളെ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് സിജെപി അറിയിച്ചു. രാജ്യത്തെ വിദ്യാര്‍ഥികളും യുവാക്കളും സംഘടനയെ പിന്തുണക്കുന്നവരും അടുത്ത നീക്കത്തിനായി തയ്യാറായിരിക്കണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി നേടിയെടുക്കാന്‍ സമരത്തിന് കഴിഞ്ഞെങ്കിലും യുവാക്കള്‍ക്ക് നല്‍കിയ ഓരോ ഉറപ്പും നടപ്പാക്കുന്നതുവരെ പിന്നോട്ടില്ലെന്ന് സിജെപി വ്യക്തമാക്കി.

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ നടപടിയെടുക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂണ്‍ 20ന് സിജെപി ആരംഭിച്ച സമരം ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ജൂലൈ 25നാണ് അവസാനിച്ചത്. ഒരു മാസമായിട്ടും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തതോടെയാണ് സംഘടന വീണ്ടും സമരപാതയിലേക്ക് തിരിയുന്നത്.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments