*ഹോർമുസ് നിങ്ങളുടേതെങ്കിൽ കാലിഫോർണിയ ഞങ്ങളുടേത്'; ട്രംപിന് മറുപടിയുമായി ഇറാൻ*
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ പുതിയ പ്രദേശമായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അതേ നാണയത്തിൽ മറുപടി നൽകി ഇറാൻ. അമേരിക്കയിലെ കാലിഫോർണിയയെ തങ്ങളുടെ പുതിയ പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടാണ് അമേരിക്കൻ പ്രകോപനത്തിന് ഇറാൻ തിരിച്ചടി നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതിൻ്റെ സൂചനയായാണ് ഈ പുതിയ സംഭവവികാസങ്ങളെ നിരീക്ഷകർ വിലയിരുത്തുന്നത്.
യുദ്ധാനന്തരം ഹോർമുസ് കടലിടുക്ക് അമേരിക്കൻ നിയന്ത്രണത്തിലാക്കുമെന്ന് നേരത്തെ ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിനെ 'പുതിയ യുഎസ് പ്രദേശം' എന്ന് രേഖപ്പെടുത്തിയ മാപ്പ് അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ട്രംപിന്റെ ഈ വിവാദ പോസ്റ്റ് പിന്നീട് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും റീപോസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇതിന് മറുപടിയായാണ് ഹൈദരാബാദിലെ ഇറാൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ അമേരിക്കയുടെ മാപ്പ് പങ്കുവെച്ചുകൊണ്ട് ഇറാൻ രംഗത്തെത്തിയത്. ഈ മാപ്പിൽ കാലിഫോർണിയയെ നീല നിറത്തിൽ പ്രത്യേകം അടയാളപ്പെടുത്തുകയും 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പുതിയ പ്രദേശം' എന്ന് കുറിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ചുള്ള ട്രംപിന്റെ മിഥ്യാധാരണകൾ ഉടൻ തിരുത്തപ്പെടുമെന്നും അല്ലെങ്കിൽ ഈ മിഥ്യാധാരണക്കാരനെ തങ്ങൾ തിരുത്തുമെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരിബാബിരി വ്യക്തമാക്കി.
No comments