Breaking News

*ഫിറ്റ്നസിന് ഇനി 'വിയർക്കും'; വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഡിജിറ്റലാകുന്നു; ഈ മാസം മുതൽ ആരംഭിക്കും*

കൊല്ലം : എൻജിനിലും ബോഡിയിലും പഞ്ച് ചെയ്തിരിക്കുന്ന നമ്പറുകൾ മാത്രം ശരിയെന്ന് ഉറപ്പുവരുത്തി വാഹങ്ങൾക്ക് ഫിറ്റ്നസ് നൽകുന്ന പതിവ് രീതി ഇനിയില്ല. സംസ്ഥാനത്തെ വാഹന ഫിറ്റ്‌നസ് പരിശോധനകൾ പൂർണമായും ഡിജിറ്റലാകുകയാണ്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾ (എ.ടി.എസ്) തുടങ്ങുന്നത്. ഇവ ഇൗ  മാസം പ്രവർത്തനം ആരംഭിക്കും. വാഹനങ്ങളുടെ ബ്രേക്കിന്റെ കൃത്യത അളക്കുന്നതിനുള്ള ഓട്ടോമേറ്റഡ് ബ്രേക്ക് ടെസ്റ്റും എൻജിൻ്റെ ശബ്ദം, ഷോക്അബ്സോർബറുടെ ശേഷി എന്നിവയടക്കം വിലയിരുത്തുന്നതിനുള്ള സംവിധാനത്തോടെയാണ് ഇത്തരം സ്റ്റേഷനുകൾ സജ്ജമാകുന്നത്. 
 കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം (സി.എം.വി.ആർ) ആണ് എ.ടി.എസ് പ്രവർത്തിക്കുക. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് നടത്തിവന്ന പരമ്പരാഗത ഫിറ്റ്നസ് പരിശോധനകൾക്ക് പകരമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സംവിധാനം. ഒന്നര ഏക്കർ ഭൂമിയിലാണ് ഓരോ എ.ടി.എസും പ്രവർത്തിക്കുക. പതിനായിരം ചതുരശ്ര അടിയാണ് വിസ്തീർണം.  വാഹനം സെൻസർ സംവിധാനമുള്ള ട്രാക്കിലേക്ക് പ്രവേശിപ്പിച്ചാൽ 10 മിനിട്ടിനുള്ളിൽ പരിശോധന പൂർത്തിയാകും. പരിശോധനാ ഫലങ്ങൾ തത്സമയം തന്നെ ഡിജിറ്റൽ റിപ്പോർട്ടായി ലഭ്യമാകും. വാഹനത്തിന്റെ റോഡ് സുരക്ഷയും യന്ത്രക്ഷമതയും ഉറപ്പാക്കുന്ന തരത്തിൽ ആറ് പ്രധാന ഭാഗമാണ് എ.ടി.എസ് പരിശോധനയിലുള്ളത്. എ.എഫ്.എം.എസ് പോർട്ടൽ വഴി മുൻകൂട്ടി തീയതിയും സമയവും എടുത്തശേഷം ടെസ്റ്റിന് വാഹനങ്ങൾ ഹാജരാക്കണം.

സുതാര്യത ലക്ഷ്യം

വാഹനങ്ങളുടെ യഥാർഥ അവസ്ഥ വിലയിരുത്തുന്നതിനൊപ്പം കാര്യക്ഷമതയും ഉറപ്പാക്കാൻ എ.ടി.എസ് വഴിയുള്ള പരിശോധനയ്ക്ക് കഴിയും. ഇതുവഴി റോഡ് അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. 
ഹൈ റെസല്യൂഷൻ കാമറകളും സെൻസറുകളും വഴി ലഭിക്കുന്ന വിവരങ്ങൾ നേരിട്ട് കേന്ദ്ര സർക്കാരിന്റെ 'വാഹൻ' സെർവറിലേക്ക് കൈമാറും. റിപ്പോർട്ട് ജനറേറ്റ് ചെയ്യുന്നതുവരെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനാൽ ബാഹ്യ ഇടപെടലുകൾ സാധ്യമല്ല എന്നാണ് അവകാശവാദം. ടെസ്റ്റ് പാസായില്ലെങ്കിൽ പിഴവുകൾ തിരുത്തി റീ ടെസ്റ്റിന് അവസരമുണ്ടാകും. പരിശോധനയിലെ കൃത്യത ഉറപ്പാക്കാൻ ആറുമാസത്തിലൊരിക്കൽ പ്രത്യേക ഓഡിറ്റിങ് നടത്തും. എ.ടി.എസിൽ നിന്ന് ലഭിക്കുന്ന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾക്ക് ഇന്ത്യയിലെവിടെയും സാധുതയുണ്ടായിരിക്കും.

പരിശോധനകൾ പലവിധം

1.ബ്രേക്കിന്റെ കൃത്യത അളക്കുന്നതിനുള്ള ഓട്ടോമേറ്റഡ് ബ്രേക്ക് ടെസ്റ്റ്
2.പരിസ്ഥിതി മാനദണ്ഡങ്ങൾ അനുസരിച്ച് പുക പരിശോധന
3.വാഹനത്തിന്റെ ഷോക് അബ്‌സോർബറുകളുടെ ശേഷി വിലയിരുത്തുന്ന സസ്‌പെൻഷൻ ടെസ്റ്റ്
4.ടയറുകളുടെ ദിശ പരിശോധിക്കുന്ന സ്റ്റിയറിങ് അലൈൻമെന്റ് ടെസ്റ്റ്
5.വേഗത രേഖപ്പെടുത്തുന്നതിലെ കൃത്യത ഉറപ്പാക്കുന്ന സ്പീഡോമീറ്റർ പരിശോധന
6.വാഹനത്തിന്റെ അടിഭാഗങ്ങൾ നിരീക്ഷിക്കുന്ന അണ്ടർ ബോഡി ടെസ്റ്റ്
7.സൈഡ് സ്ലിപ്പ് ടെസ്റ്റ്, ഹെഡ് ലൈറ്റ് ബീം  ടെസ്റ്റ്, നോയ്സ് ടെസ്റ്റ് എന്നിവയുമുണ്ടാകും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments