Breaking News

*മുഹമ്മദ് യാസര്‍ അറഫാത്തിന്റെ മരണം ഭരണകൂട കൊലപാതകം: ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്‌സ്*

കോഴിക്കോട് : യുഎപിഎ ചുമത്തി ഭരണകൂടം ജയിലിലടച്ച മുഹമ്മദ് യാസര്‍ അറഫാത്തിന്റെ മരണം ഭരണകൂട കൊലപാതകമാണെന്ന് ജസ്റ്റിസ് ഫോര്‍ ഫ്രസണേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. യുഎപിഎ, എന്‍എസ്എ നിയമങ്ങളിലൂടെ ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തപ്പെട്ട ജനതയെയും വേട്ടയാടുന്ന ഭരണകൂട നടപടികളില്‍ പ്രതിഷേധിക്കണമെന്നും മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും നിരുപാധികം വിട്ടയക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിചാരണ തടവുകാരനായിരുന്ന മുഹമ്മദ് യാസര്‍ അറഫാത്തിന്റെ മരണം ഭരണകൂട ഭീകരത ഒന്നുകൂടി വ്യക്തമാക്കുന്നു. ആര്‍എസ്എസ് പ്രചാരകനായിരുന്ന ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ആണ് മുഹമ്മദ് യാസര്‍ അറഫാത്ത് അറസ്റ്റിലാകുന്നത്. കഴിഞ്ഞ നാലുവര്‍ഷം കുപ്രസിദ്ധമായ വിയ്യൂര്‍ അതിസുരക്ഷ ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞു വരുകയായിരുന്നു അദ്ദേഹം. യുഎപിഎ നിയമപ്രകാരം എടുത്ത കേസ് എന്‍ഐഎ ആണ് അന്വേഷിച്ചിരുന്നത്. 2022 ഏപ്രില്‍ 16 നാണ് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. 60 ലധികം ആളുകളെയാണ് ആ കേസില്‍ പ്രതിയാക്കിയത്. ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവരാണ് പ്രതികളില്‍ മഹാഭൂരിപക്ഷം. ശ്രീനിവാസന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്നത് മാത്രമാണ് മുഹമ്മദ് യാസര്‍ അറഫാത്തിന്റെ പേരില്‍ ചുമത്തിയിരുന്ന കുറ്റം. 2022 ഏപ്രില്‍ 15ന് സുബൈര്‍ എന്ന എസ് ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസന്‍ കൊലചെയ്യപ്പെടുന്നത്. പക്ഷെ, സുബൈറിന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുവാനോ എന്‍ഐഎക്ക് അന്വേഷണം കൈമാറുവാനോ ഹിന്ദുത്വ ഫാഷിസത്തിന്റെ പ്രതിനിധികളായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ല. സുബൈര്‍ വധത്തിലെപ്പോലെ ശ്രീനിവാസന്‍ വധത്തിലും യുഎപിഎ ചുമത്താതിരുന്നിരുന്നുവെങ്കില്‍ മുഹമ്മദ് യാസര്‍ അറഫാത്തിന് വളരെ പെട്ടെന്ന് തന്നെ ജാമ്യം ലഭിക്കുമായിരുന്നു. അദ്ദേഹത്തിനെതിരെ ആരോപിച്ചിരുന്ന കുറ്റകൃത്യത്തിന്റെ ഗൗരവം അത്രയ്ക്ക് ലഘുവായിരുന്നു. പക്ഷെ, യുഎപിഎ ചുമത്തിയതിനാലാണ് മുഹമ്മദ് യാസര്‍ അറഫാത്തിന് കഴിഞ്ഞ നാലു വര്‍ഷമായി തടവില്‍ കഴിയേണ്ടി വന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടു കൂടി ജാമ്യമോ, കൃത്യമായ ചികിത്സയോ ലഭിക്കാതിരുന്നതും.യുഎപിഎ നിയമം ഉപയോഗിച്ചുകൊണ്ട് ഭരണകൂടം കൊലപ്പെടുത്തിയ മുഹമ്മദ് യാസര്‍ അറഫത്തിന്റെ മരണത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് ജസ്റ്റിസ് ഫോര്‍ പ്രിസണേര്‍സ് ആവശ്യപ്പെടുന്നു.

ജനാധിപത്യത്തിന്റെ നാമമാത്രമായ സാധ്യതകള്‍ കൂടി ഇല്ലാതാക്കുന്ന തരത്തിലേക്ക് രാജ്യത്തെ ഭരണവര്‍ഗങ്ങള്‍ പരിപൂര്‍ണ്ണമായി മാറിക്കഴിഞ്ഞിരിക്കുന്നു. നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായ മുതലാളിത്തവും, അതിന്റെ ഭരണ രൂപങ്ങളും ഉദാര ജനാധിപത്യത്തിന്റെ മുഖംമൂടികള്‍ ലോക വ്യാപകമായിത്തന്നെ അഴിച്ചു കളഞ്ഞിരിക്കുകയാണ്. ഹിന്ദുത്വ ഫാഷിസത്തിനെ കൂട്ടുപിടിച്ചുകൊണ്ടാണ് ഇന്ത്യയില്‍ അടിച്ചമര്‍ത്തപ്പെട്ട മഹാ ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് മേല്‍ ആഗോള മുതലാളിത്തത്തിന്റെ ദാസന്മാരായ ഇന്ത്യന്‍ ഭരണവര്‍ഗ്ഗം അതിന്റെ തേര്‍വാഴ്ച നടത്തിക്കൊണ്ടിരിക്കുന്നത്.UAPA, NSA, AFSPA പോലെയുള്ള കൊലയാളി നിയമങ്ങളാണ് അടിച്ചമര്‍ത്തലനായി പ്രധാനമായും ഉപയോഗിക്കുന്നത്. UAPA നിയമം ഉപയോഗിച്ചുകൊണ്ട് ഭരണകൂടം കൊലപ്പെടുത്തിയ സ്റ്റാന്‍ സ്വാമി ഇന്ത്യന്‍ മനസ്സാക്ഷിയുടെ ഒരു മുറിവായി ഇപ്പോഴും നിലനില്‍ക്കുന്നു. ഇത്തരം ജനദ്രോഹ നിയമങ്ങള്‍ക്കെതിരേ ശക്തമായ ജനകീയ പ്രതിഷേധങ്ങളാണ് രാജ്യത്തെമ്പാടും സമീപകാലത്തായി ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായ ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ അവസാനത്തെ കച്ചിത്തുരുമ്പായി യുഎപിഎ അടക്കമുള്ള കൊലയാളി നിയമങ്ങള്‍ തുടര്‍ച്ചയായി പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്.

UAPA, AFSPA, NSA അടക്കമുള്ള കൊലയാളി നിയമങ്ങള്‍ ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നടപടികളില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണമെന്നും, മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും നിരുപാധികം വിട്ടയക്കണമെന്നും ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്‌സ് ആവശ്യപ്പെട്ടു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments