*സവർക്കറെക്കുറിച്ചുള്ള ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്ക് സ്റ്റേയില്ല*
കൊച്ചി : സ്കൂളിലെ ക്വിസ് മത്സരത്തിൽ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം നൽകിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത സർക്കാർ നടപടിക്ക് സ്റ്റേയില്ല. സസ്പെൻഷന്റെ കൃത്യമായ കാരണം അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. വീഴ്ച്ചയുണ്ടെങ്കിൽ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹർജി പരിഗണിക്കവേ കോടതി ആദ്യം ചൂണ്ടിക്കാട്ടി. എന്നാൽ, ചോദ്യം തെറ്റാണെങ്കിൽ സസ്പെൻഷന്റെ ആവശ്യമുണ്ടോയെന്ന് ജസ്റ്റിസ് വിജു ഏബ്രഹാം ചോദിച്ചു.
അച്ചടക്ക നടപടിയിലേക്ക് കടന്നാൽ പോരേയെന്നും സസ്‌പെന്‍ഷന്‍ ശിക്ഷാനടപടിയാണോ എന്നും കോടതി ആരാഞ്ഞു. സസ്പെൻഷൻ അച്ചടക്ക നടപടിയുടെ ഭാഗമാണെന്നായിരുന്നു സർക്കാർ മറുപടി. തുടർന്നാണ് വീണ്ടും ഹർജി പരിഗണിക്കുന്ന തിങ്കളാഴ്ച നടപടിയുടെ കൃത്യമായ കാരണം വിശദീകരിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. സസ്പെൻഷൻ സ്റ്റേ ചെയ്യണോ എന്നതിൽ കോടതി അന്ന് വാദം കേൾക്കും.
വിവാദ ചോദ്യത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്താണ് കാസർകോട് പള്ളത്തടുക്ക എയുപി സ്‌കൂൾ അധ്യാപകൻ ഗുരുപ്രസാദ് റായ് ഹൈക്കോടതിയെ സമീപിച്ചത്. സസ്‌പെൻഷനും അച്ചടക്ക നടപടിയും നിയമവിരുദ്ധമെന്നാണ് ഹർജിയിലെ വാദം. ചോദ്യം ചരിത്രപരമായി തെറ്റാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെന്നും ഗുരുപ്രസാദ് ചൂണ്ടിക്കാട്ടി
കാസർകോട് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിൽ നടന്ന എൽപി വിഭാഗം ‘സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസ് 2026’ മത്സരത്തിലെ ഒരു ചോദ്യവും ഉത്തരവുമാണ് ഈ കേസിനാധാരം. ‘ബ്രിട്ടിഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആര്?’ എന്ന ചോദ്യത്തിന് ‘വി.ഡി.സവർക്കർ’ എന്നായിരുന്നു ഉത്തരസൂചികയിൽ നല്‍കിയിരുന്നത്. തുടർന്നാണ് എയുപിഎസ് പള്ളത്തടുക്കയിലെ യുപിഎസ്ടി അധ്യാപകനായ ഗുരുപ്രസാദ് റായിയെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അച്ചടക്ക നടപടികൾ ആരംഭിക്കുകയും ചെയ്തത്. ഇതിനെതിരെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
സസ്പെൻഡ് ചെയ്തുള്ള നടപടി ക്രമങ്ങൾ നിയമപരമല്ല, മന്ത്രിയുടെ വാക്കാലുള്ള നിർദേശം അനുസരിച്ചുള്ള നടപടി റൂൾസ് ഓഫ് ബിസിനസ് ലംഘനമാണ് തുടങ്ങിയ കാര്യങ്ങളാണ് സസ്പെൻഷൻ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കേസിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ സസ്പെൻഷനും തുടർന്നുള്ള എല്ലാ അച്ചടക്ക നടപടികളും സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments