Breaking News

*പൊലീസിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 3 തവണ, ഫോൺ ഉപയോഗിക്കാതെ 46 ദിവസം; കമ്മത്ത് ലൈനിലെ ഒന്നരക്കോടി രൂപയുടെ ആഭരണ തട്ടിപ്പു കേസിലെ പ്രതി പിടിയിൽ*

കോഴിക്കോട് : തലനാരിഴയ്ക്ക് പൊലീസിന്റെ ട്രാപ്പിൽ നിന്നു രക്ഷപ്പെട്ടു 46 ദിവസം ഫോൺ ഉപയോഗിക്കാതെ മുങ്ങി നടന്ന, കമ്മത്ത് ലൈനിലെ ഒന്നരക്കോടി രൂപയുടെ ആഭരണ തട്ടിപ്പു കേസിലെ പ്രതി സഫർനാസ് പിടിയിലായത് സുഹൃത്തുക്കളുടെ ഫോൺ സംഭാഷണത്തെ തുടർന്ന്. മൂന്നു തവണ പൊലീസിന്റെ കണ്ണെത്തും ദൂരത്തു നിന്നു രക്ഷപ്പെട്ട പ്രതി യാത്രയ്ക്കിടയിൽ പരിചയപ്പെട്ടവരുടെയും നാട്ടിലെ സുഹൃത്തുക്കളുടെയും സഹോദരന്റെയും സഹായത്താൽ ഒളിവിൽ കഴിയവെയാണ് പൊലീസിന്റെ കുറ്റമറ്റ അന്വേഷണത്തിലൂടെ പിടിയിലായത്. കണ്ണൂരിലെ സുഹൃത്തിന്റെ ഫോണിൽ ബന്ധുവിനെ വിളിക്കുകയും അതു വഴി പുതിയ താവളം കണ്ടെത്തി ഒളിവിൽ കഴിയവേയാണ് ഇന്നലെ പൊലീസ് വലയിലായത്.

ജൂലൈ 27നു കമ്മത്ത് ലൈനിലെ 11 ജ്വല്ലറികളിൽ നിന്ന് ആഭരണം വാങ്ങി തിരികെ നിൽകാമെന്നു അറിയിച്ചാണു തട്ടിപ്പു ആസൂത്രണം ചെയ്തത്. ഇതിനു സഹോദരൻ പി.ടി.ഷഫീഖിന്റെ ഒത്താശയുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആസൂത്രിതമായി ആഭരണം കൈവശപ്പെടുത്തി പ്രതി സ്കൂട്ടറിൽ മുങ്ങുകയായിരുന്നു. തുടർന്നു കുന്നമംഗലത്തെത്തി. അവിടെ നിന്നു നേരത്തെ കമ്മത്ത് ലൈനിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം വയനാട്ടിലേക്കു പോകുകയായിരുന്നു. സുഹൃത്തിന്റെ സഹായത്താൽ റിസോട്ടിൽ മുറിയെടുത്തു. സുഹൃത്തിനെ ഉപയോഗിച്ചു പ്രതിയെ പിടികൂടാൻ പൊലീസ് തന്ത്രം ഒരുക്കിയെങ്കിലും വിവരം അറിഞ്ഞു പ്രതി വയനാട്ടിൽ നിന്നു മുങ്ങി ബെംഗളൂരുവിലേക്കു പോയി. സിസിടിവി പരിശോധിച്ചു പൊലീസ് പിന്തുടർന്നെങ്കിലും പ്രതി അവിടെ നിന്നു പരിചയപ്പെട്ട സുഹൃത്തിനൊപ്പം കണ്ണൂരിൽ മട്ടന്നൂരിൽ ഒളിവിൽ കഴിഞ്ഞു.

പൊലീസ് നിരന്തരം പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ നിരീക്ഷിച്ചു. ഒരു തവണ പൊലീസ് പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തി ഭാര്യയിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരം ശേഖരിച്ചു. മട്ടന്നൂരിൽ പ്രതിയുള്ള വിവരം അറിഞ്ഞു പൊലീസ് എത്തിയെങ്കിലും പ്രതി മുങ്ങി. ഇതോടെ പൊലീസ് നീക്കം കൃത്യമായി അറിയുന്നത് അടുത്ത ബന്ധുവുമായി ബന്ധപ്പെട്ടാണെന്നു കണ്ടെത്തി. തുടർന്നാണു പ്രതിയുടെ സഹോദരൻ പി.ടി.ഷഫീഖിനെ പൊലീസ് പിടികൂടിയത്. അന്വേഷണത്തിൽ സഹോദരനുമായി ചേർന്നാണു പ്രതി തട്ടിപ്പു ആസൂത്രണം ചെയ്തതെന്നു പൊലീസ് കണ്ടെത്തി. തുടർന്ന് ഷഫീഖിന്റെ ഫോൺ പരിശോധിച്ചപ്പോഴാണു വെള്ളയിൽ സ്വദേശിയായ സുഹൃത്തിന്റെ സഹായം ലഭിച്ചത് അറിഞ്ഞത്. സുഹൃത്തിനെ തിരഞ്ഞു പൊലീസ് വെള്ളയിലെ വീട്ടിൽ എത്തിയെങ്കിലും ഇയാൾ മുങ്ങി. ഇയാൾക്കായി അന്വേഷണം തുടരുന്നുണ്ട്.

മുങ്ങിയ സുഹൃത്തിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ മലപ്പുറം ചെറുകാവിൽ നിന്നു പിടികൂടിയത്. കമ്മിഷണർ എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിൽ എസ്ഐ സജീഷ് ഷിനോബ്, ടി.എ.വിഷ്ണു, ടി.കെ.ബിനിൽ കുമാർ, എസ്‌സിപിഒമാരായ പി.ശ്രീജിത്ത് കുമാർ, വിശോഭ് ലാൽ, ജുനൈസ്, രതീഷ്, എൻ.രഞ്ജിത്ത് പാതിരിയിൽ, സിറ്റി ക്രൈം സ്ക്വാഡ് എം.ഷാലു, സി.കെ.സുജിത്ത്, സൈബർ സെൽ പൊലീസുകാരായ സ്കൈലേഷ്, പി.പ്രജിത്ത് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

പരാതിയുമായി പ്രതിയുടെ ഭാര്യ
വനിത പൊലീസ് ഇല്ലാതെ ടൗൺ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് പുലർച്ചെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നു പ്രതിയുടെ ഭാര്യ എൻ.പി.ജംഷീറ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. അന്വേഷണ സംഘം പ്രതിയുടെ വിവരങ്ങൾ ശേഖരിക്കാൻ വീട്ടിൽ വനിത പൊലീസിനൊപ്പമാണ് പോയതെന്നും ഇൻസ്പെക്ടർ അന്വേഷണത്തിനു വീട്ടിൽ പോയിട്ടില്ലെന്നും ടൗൺ പൊലീസ് പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments