*കോഴിക്കോട്ട് 9 ലക്ഷം ചതുരശ്ര അടിയിൽ പുതിയ സൈബർ ടവർ വരുന്നു; ഒക്ടോബർ 3ന് തറക്കല്ലിടൽ*
കോഴിക്കോട് : മലബാറിലെ ഐടി മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴി തുറന്ന് ഹൈലൈറ്റ് ഗ്രൂപ്പിന്റെ പുതിയ ഐടി സംരംഭമായ ‘ഹൈലൈറ്റ് സൈബർ ടവർ’ കോഴിക്കോട്ട് വരുന്നു. 2.5 ഏക്കറിൽ 9 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ ഒക്ടോബർ മൂന്നിന് കോഴിക്കോട് സൈബർ പാർക്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
അടുത്ത വർഷങ്ങൾക്കുള്ളിൽ 12 ദശലക്ഷം ചതുരശ്ര അടി ഓഫിസ് സ്പേസ് വികസിപ്പിക്കാനുള്ള ഹൈലൈറ്റ് ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ സൈബർ ടവർ. 600 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിക്കുന്ന ഈ ടവർ, ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ അത്യാധുനിക ഐടി അടിസ്ഥാനസൗകര്യ സമുച്ചയമായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. റിയൽ എസ്റ്റേറ്റ്, സാങ്കേതിക മേഖലകളിൽ മലബാറിന് പ്രത്യേകിച്ച് കോഴിക്കോടിന്, മികച്ച മുന്നേറ്റം നൽകുന്നതിനൊപ്പം പതിനായിരത്തിലധികം നേരിട്ടുള്ള ഐടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, തദ്ദേശീയമായ സാമൂഹിക-സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കാനും ഈ പദ്ധതി സഹായിക്കും.
യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാനും വളരാനും തിളങ്ങാനുമുള്ള സാധ്യതകളും അവസരങ്ങളും ഒരുക്കുക എന്നതാണ് ഹൈലൈറ്റ് സൈബർ ടവറിലൂടെ ലക്ഷ്യമിടുന്നതെന്നും തൊഴിലവസരങ്ങൾക്കും സംരംഭകത്വത്തിനും ഇത് പുതിയ വഴി തുറക്കുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കുള്ള ഇടങ്ങളുടെ ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, പദ്ധതി പൂർത്തിയാകുന്നതിനു മുൻപു തന്നെ സ്പേസ് പൂർണമായും ലീസ് നൽകാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കർശനമായ ഹരിത മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ഗ്രേഡ് എ കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്. നൂതനവും സുസ്ഥിരവും ഊർജക്ഷമതയുമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് മുൻഗണന നൽകി നിർമിക്കുന്ന ഹൈലൈറ്റ് സൈബർ ടവർ, ആഗോള സഹകരണം, നവ ആശയങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന മാറ്റങ്ങൾക്ക് അനുയോജ്യമായ തൊഴിലിടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
ചടങ്ങിൽ വ്യവസായ, ഐടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, റവന്യു മന്ത്രി എ.പി. അനിൽ കുമാർ, എം. കെ. രാഘവൻ എംപി, കോഴിക്കോട് കോർപറേഷൻ മേയർ ഒ. സദാശിവൻ, എംഎൽഎയും ഡിസിസി പ്രസിഡന്റുമായ കെ. പ്രവീൺ കുമാർ, എംഎൽഎമാരായ എം.എ. റസാഖ്, ഫൈസൽ ബാബു, കെ. ജയന്ത്, പി.എം.എ. സമീർ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഹൈലൈറ്റ് ബിൽഡേഴ്‌സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഹോൾഡിങ്‌സ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് ഓഫീസ് പാർക്സ് എക്സിക്യൂട്ടീവ് മേധാവി ഹാനു ഷെൽക്ക്, ഹൈലൈറ്റ് ഹോൾഡിങ്‌സ് കോർപറേറ്റ് ഹെഡ് സോണൽ സതീഷ് തുടങ്ങിയവരും പങ്കെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments