*വടകര എംഡിഎംഎ കേസ്: ക്രിമിനൽ പശ്ചാത്തലമില്ല; മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം*
കൊച്ചി : അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ ലഹരിമരുന്ന് കേസിലെ മൂന്നാം പ്രതി കൊയിലാണ്ടി സ്വദേശിനി കാവ്യ കെ. (29)യ്ക്ക് ജാമ്യം. ഇക്കഴിഞ്ഞ ജൂലൈ 25 മുതൽ കാവ്യ റിമാൻഡിൽ കഴിയുന്ന കേസിന്റെ അന്വേഷണം ഏതാണ്ട് പൂർത്തിയായതായും തൊണ്ടിമുതലുകൾ കണ്ടെടുത്തിട്ടുണ്ടെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്. മുൻപ് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്തതിനാൽ ഹർജിക്കാരിയെ തുടർന്ന് തടവിൽ പാർപ്പിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും ഹാജരാക്കണം, എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, വിചാരണക്കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. നേരത്തെ കേസിലെ രണ്ടാം പ്രതിയായ കീർത്തനയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
താൻ നിരപരാധിയാണെന്നും കേസിൽ തെറ്റായി ഉൾപ്പെടുത്തിയതാണെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. കുറ്റകൃത്യവുമായി ഹർജിക്കാരിയെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും നിലവിലില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, ഹർജിക്കാരി ബോധപൂർവം നടത്തിയ കുറ്റകൃത്യത്തിന്റെ ഭാഗമായാണ് സംഭവം നടന്നതെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.
ഇക്കഴിഞ്ഞ ജൂൺ 28ന് പുലർച്ചെ രണ്ടു മണിയോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽ വെച്ച് സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്കും വെളിപ്പെട്ടത്. കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജൻ്റുമായ ജിജിൽ കുര്യാക്കോസ് തുടങ്ങിയവരും പിന്നാലെ അറസ്റ്റിലായി. കേസിലെ ഒന്നാം പ്രതിയുടെ പക്കൽ നിന്ന് 2.108 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ലഹരിമരുന്ന് കടത്താനും വിൽപന നടത്താനുമായി പ്രതികൾ തമ്മിൽ ഗൂഢാലോചന നടത്തിയെന്നും ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക ഇടപാടുകൾ നടന്നത് ഹർജിക്കാരിയുടെയും രണ്ടാം പ്രതിയുടെയും ബാങ്ക് അക്കൗണ്ടുകൾ വഴിയാണെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments