Breaking News

*മുസ് ലിം ഐഡന്റിറ്റി വെളിപ്പെടുത്തിയതോടെ ക്രൂര മര്‍ദ്ദനം'; ഡല്‍ഹിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരേ മര്‍ദ്ദിച്ച് പോലിസ്; പ്രതിഷേധവുമായി മാധ്യമ സംഘടനകള്‍*

ന്യൂഡല്‍ഹി : രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകരെ സാകേത് പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ചതായി ആരോപണം. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത പരിപാടി റിപോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക ഷഹീന്‍ ഖാനും സഹപ്രവര്‍ത്തക നഫീസ ഖാനുമാണ് ഡല്‍ഹി പോലിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. പ്രശസ്ത യൂട്യൂബ് ചാനലായ ഫോര്‍ പിഎം ന്യൂസ് നെറ്റ്വര്‍ക്കിനുവേണ്ടി സെപ്റ്റംബര്‍ 3ന് പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവമെന്നാണ് ഷഹീന്‍ ഖാന്‍ പറയുന്നത്. മുഖ്യമന്ത്രി രേഖ ഗുപ്തയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ചോദ്യം ചോദിച്ചതിനെ തുടര്‍ന്നാണ് തങ്ങളെയും സഹപ്രവര്‍ത്തകരെയും പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും അവര്‍ ആരോപിച്ചു.പോലിസ് സ്റ്റേഷനില്‍ വച്ച് തങ്ങളോട് മോശമായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി ഷഹീന്‍ ഖാന്‍ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. തന്റെ പേര് വെളിപ്പെടുത്തിയതിന് പിന്നാലെ മതപരമായ സ്വത്വം ചൂണ്ടിക്കാട്ടി പോലിസ് കൂടുതല്‍ ഉപദ്രവിച്ചെന്നും അവര്‍ പറഞ്ഞു. പോലിസ് സ്റ്റേഷന്റെ തറയില്‍ ഷഹീന്‍ ഖാന്‍ കിടക്കുന്നതുള്‍പ്പെടെയുള്ള ക്രൂരമായ പോലിസ് നടപടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് പോലിസിനെതിരേ ഉയരുന്നത്. പ്രസ് ക്ലബ് ഓഫ് ഇന്ത്യ (പിസിഐ), ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സ് , ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ്, പ്രസ് അസോസിയേഷന്‍, കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് തുടങ്ങിയ സംഘടനകളും സംഭവത്തെ അപലപിച്ചു.സാകേത് പോലിസ് സ്റ്റേഷനിലെത്തിയ ഇരുവരെയും ഒരു മുറിയിലേക്ക് മാറ്റിയ ശേഷം വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദിച്ചതായി മാധ്യമ സംഘടനകള്‍ വ്യക്തമാക്കി. ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും മതപരമായ അധിക്ഷേപങ്ങള്‍ നടത്തിയതായും സംഘടനകളുടെ പ്രസ്താവനയില്‍ പറയുന്നു.  ഫോര്‍ പിഎം ന്യൂസ് നെറ്റ്വര്‍ക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സഞ്ജയ് ശര്‍മയും സംഭവത്തെ ശക്തമായി അപലപിച്ചു. അടുത്ത ദിവസങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിനെയും മുഖ്യമന്ത്രി രേഖ ഗുപ്തയെയും സംബന്ധിച്ച് ചാനല്‍ നിരന്തരം ചോദ്യങ്ങളും റിപോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിരുന്നുവെന്നും അതുമായി ബന്ധപ്പെട്ടാണോ നടപടിയെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.'മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് എപ്പോഴാണ് കുറ്റകൃത്യമായത്? അധികാരത്തിലിരിക്കുന്നവരോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ എപ്പോഴാണ് ഇത്ര അപകടകരമായത്? 'ഖാന്‍' എന്ന പേര് ഒരു മാധ്യമപ്രവര്‍ത്തകയെ ആക്രമിക്കാനുള്ള കാരണമാകുമോ?' എന്നായിരുന്നു സഞ്ജയ് ശര്‍മയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭയമോ ഭീഷണിയോ വിവേചനമോ കൂടാതെ തങ്ങളുടെ ജോലി ചെയ്യാന്‍ കഴിയേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണെന്ന് മാധ്യമ സംഘടനകള്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്നും പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, സംഭവത്തില്‍ ഡല്‍ഹി പോലിസിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. '

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments