Breaking News

*അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്"*

ടെഹ്‌റാൻ : നിലവിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടങ്ങാൻ അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ. ഖത്തർ വഴിയാണ് ഇറാൻ ഈ ആവശ്യങ്ങൾ അമേരിക്കയെ അറിയിച്ചത്. അമേരിക്ക ഈ ആവശ്യങ്ങൾ തള്ളിയാൽ കടുത്ത യുദ്ധത്തിന് തയ്യാറാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഖത്തർ തങ്ങളുടെ നിബന്ധനകൾ അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് മൊഹ്‌സെൻ റെസായി പറഞ്ഞു. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ ഫണ്ടുകൾ വിട്ടുനൽകുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന നിബന്ധനകളെന്ന് റെസായി വ്യക്തമായി.

"അമേരിക്ക സ്വയം സൃഷ്ടിച്ച ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനും കൂടുതൽ കുടുങ്ങാതിരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ഇറാന്റെ അവകാശങ്ങളും നിബന്ധനകളും അംഗീകരിക്കുകയല്ലാതെ അവർക്ക് മറ്റ് വഴിയില്ല. ഈ നിബന്ധനകൾ അംഗീകരിക്കുന്നതാണ് യുഎസിന് നല്ലത്. ട്രംപിന്റെ ഭീഷണികൾ കൊണ്ട് ഒരു ഫലവുമുണ്ടാകില്ല. നിർണായകമായ ഒരു യുദ്ധത്തിന് ഞങ്ങൾ തയ്യാറാണ്"- റെസായി അൽ ജസീറയോട് പറഞ്ഞു. അമേരിക്കയുമായി ചർച്ചകൾ തുടങ്ങാൻ ഇറാൻ ഏഴ് നിബന്ധനകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇറാൻ്റെ നിലപാട് വ്യക്തമാണെന്നും റെസായി എക്സിലൂടെ സ്ഥിരീകരിച്ചു.

അതേസമയം അമേരിക്കയുടെ ഭാഗത്ത് നിന്ന് മറ്റൊരു ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇറാന്റെ സൈനിക വിലയിരുത്തലുകൾ പ്രകാരം അത് ഉറപ്പാണെന്നും റെസായി പറഞ്ഞു. അത്തരമൊരു സാഹചര്യത്തെ നേരിടാൻ ഇറാൻ സജ്ജമാണെന്നും നേരത്തെയുണ്ടായ രണ്ട് ഘട്ട പോരാട്ടങ്ങൾക്ക് ശേഷം ഇറാന്റെ സൈനിക ആസൂത്രണത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം ഉടൻ അവസാനിക്കുമോ എന്ന ചോദ്യത്തിന്, പ്രായോഗികമായി യുദ്ധം ഇപ്പോഴും തുടരുകയാണെന്ന് മറുപടി നൽകിയ അദ്ദേഹം, എത്രയും വേഗം സംഘർഷം അവസാനിപ്പിക്കാനുള്ള തന്ത്രമാണ് ഇറാൻ പിന്തുടരുന്നതെന്നും അറിയിച്ചു.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് സംസാരിച്ച റെസായി, ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറാൻ ഇറാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാൽ വാഷിംഗ്ടണിന്റെ നടപടികൾ ഇറാനെ അത്തരമൊരു തീരുമാനത്തിലേക്ക് തള്ളിവിട്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ ആണവ നയത്തിൽ മാറ്റമൊന്നുമില്ലെന്നും ആണവായുധങ്ങൾ നിരോധിക്കുന്ന മതപരമായ ഉത്തരവ് ഇപ്പോഴും പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments