*ഷുഹൈബ് വധക്കേസ് വിചാരണ മാറ്റില്ല: പ്രതികളുടെ ഹരജി തള്ളി ഹൈക്കോടതി; സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിന് പൂര്‍ണ്ണ അവസരം നല്‍കണമെന്ന് നിര്‍ദ്ദേശം*
കൊച്ചി : ഷുഹൈബ് വധക്കേസിന്റെ വിചാരണ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണ ലഭിക്കില്ലെന്ന ന്യായമായ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് സി എസ് ഡയസ് തള്ളിയത്. നിലവിലെ കോടതിയില്‍ തന്നെ വിചാരണ തുടരാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി, സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാന്‍ പ്രതിഭാഗത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യവും ന്യായമായ അവസരവും ഉറപ്പാക്കണമെന്നും വ്യക്തമാക്കി. വിചാരണയില്‍ ഇരുവിഭാഗത്തിനും പൂര്‍ണ്ണവും ഫലപ്രദവുമായ പങ്കാളിത്തം ഉറപ്പാക്കാന്‍ സെഷന്‍സ് ജഡ്ജി ശ്രദ്ധിക്കണമെന്ന് കോടതി വിധിന്യായത്തില്‍ ഓര്‍മ്മിപ്പിച്ചു. ആവശ്യമെങ്കില്‍ കോടതിക്ക് സ്വമേധയാ തെളിവെടുപ്പ് പുനരാരംഭിക്കാമെന്നും സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് അനുമതി നല്‍കണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിഭാഗം അഭിഭാഷകര്‍ കോടതിയോട് പൂര്‍ണ്ണമായി സഹകരിക്കണമെന്നും അനാവശ്യ തടസ്സവാദങ്ങളോ വിചാരണ നീട്ടിവെക്കലോ ഒഴിവാക്കണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. 2018-ല്‍ നടന്ന സംഭവമായതിനാലും കേസില്‍ ഒട്ടേറെ സാക്ഷികളുള്ളതിനാലും വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ തലശ്ശേരി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത സാങ്കേതിക കാരണത്താല്‍ ആദ്യ അപേക്ഷ തള്ളുകയും പിന്നീട് സത്യവാങ്മൂലത്തോടെ നല്‍കിയ രണ്ടാമത്തെ അപേക്ഷ കേസിന്റെ വസ്തുതകള്‍ പരിഗണിച്ച് കഴിഞ്ഞ ജൂണ്‍ ആറിന് സെഷന്‍സ് കോടതി തള്ളുകയുമായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയിലെത്തിയത്. ഈ ഉത്തരവിലെ പരാമര്‍ശങ്ങളൊന്നും വിചാരണയെ ബാധിക്കരുതെന്നും കേസില്‍ സ്വതന്ത്രമായി തീര്‍പ്പ് കല്‍പ്പിക്കണമെന്നും കോടതി സെഷന്‍സ് ജഡ്ജിക്ക് നിര്‍ദ്ദേശം നല്‍കി. 2018 ഫെബ്രുവരി 12-നാണ് കണ്ണൂര്‍ മട്ടന്നൂരില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ശരീരത്തില്‍ ആഴത്തിലുള്ള 29 വെട്ടുകളേറ്റ ഷുഹൈബ് രക്തംവാര്‍ന്നാണ് മരിച്ചത്. കൊലപാതകം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിചാരണ അനന്തമായി നീണ്ടുപോകുന്നതിനിടെയാണ് വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ അപേക്ഷ ഹൈക്കോടതി തള്ളിയത്. വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന കോടതി ഉത്തരവ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാണ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments