Breaking News

*മഞ്ചേശ്വരം മറിയം അൽബിർ ഇന്റർനാഷണൽ സ്കൂളിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു*

​മഞ്ചേശ്വരം : 2023-ൽ പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ മഞ്ചേശ്വരം കണ്വതീർത്ഥ റോഡിലെ മൂന്നാം ക്രോസ്സ് ബീച്ച് റോഡിനോട് ചേർന്നുള്ള മറിയം നഗറിലെ 'മറിയം അൽബിർ ഇന്റർനാഷണൽ സ്കൂളിന്റെ' പുതിയ ഗ്രൗണ്ട് ഫ്ലോർ കെട്ടിടം വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ നാടിന് സമർപ്പിച്ചു. 

സയ്യിദ് അത്താഉള്ള തങ്ങൾ എം.എ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
​തുടർന്ന് സയ്യിദ് യഹ്യ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

 എം.എൽ.എ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ കെട്ടിടത്തിലെ വിവിധ ക്ലാസ് മുറികളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.

​ആധുനിക വിദ്യാഭ്യാസ മൂല്യങ്ങളോടൊപ്പം ഇസ്ലാമിക സംസ്കാരവും ധാർമ്മിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചു നൽകുന്ന ഇത്തരം സ്ഥാപനങ്ങൾ കുട്ടികളുടെ ഉജ്ജ്വല ഭാവിക്ക് കരുത്തുറ്റ അടിത്തറയാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു.

 പുതിയ കെട്ടിടത്തിലെ അത്യാധുനിക സൗകര്യങ്ങൾ വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് സഹായകമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

​ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ്, സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ കെട്ടിട നിർമ്മാണത്തിനും സാമ്പത്തികമായും ഭൗതികമായും സഹായങ്ങൾ നൽകിയ ഡോ. യു.എം. ഇഖ്ബാലിനെ അഭിനന്ദിച്ചു.

 നാടിന് സുസംസ്കൃതരും ജ്ഞാനികളുമായ തലമുറയെ സമ്മാനിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

​"ഞാൻ പുറത്തുനിന്നുള്ള ആളല്ല, മഞ്ചേശ്വരത്ത് തന്നെ പഠിച്ചു വളർന്നയാളാണ്. സ്വന്തം നാടിനോട് വലിയ ബഹുമാനമുണ്ട്. സമൂഹത്തിലെ വരുംതലമുറയ്ക്ക് മികച്ചതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് നമ്മളോരോരുത്തരുടെയും കടമയാണ്," എന്ന് അനുമോദനങ്ങൾക്ക് മറുപടിയായി ഡോ. യു.എം. ഇഖ്ബാൽ പറഞ്ഞു.

​കർണ്ണാടക, കേരളം, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലായി നൂറുകണക്കിന് ശാഖകളുള്ള അൽബിർ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമാണ് ഈ സ്ഥാപനം.

 പ്രീ-പ്രൈമറി, പ്രൈമറി വിഭാഗങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാലയം ഖുർആൻ പഠനത്തിനും ഇംഗ്ലീഷ്, അറബിക് ഭാഷാ പ്രവീണ്യത്തിനും മുൻഗണന നൽകുന്നു.

 നിലവിൽ രണ്ടാം ക്ലാസ് വരെയായി 92 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

 വരും ദിവസങ്ങളിൽ പ്ലേ-ബേസ്ഡ് ലേണിംഗ്, സ്മാർട്ട് ക്ലാസ് റൂമുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, കിഡ്സ് ഫെസ്റ്റ് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സുരക്ഷിതമായ അന്തരീക്ഷത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.

​MAISM, NHIC പ്രസിഡന്റ് ഇബ്രാഹിം ഉമർ ഹാജി ചടങ്ങിൽ സ്വാഗതം പറഞ്ഞു. 

അൽബിർ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഡോ. കെ.പി. മുഹമ്മദ്, അൻസാർ തങ്ങൾ, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ബഷീർ കനില, ഷെരീഫ് പാവൂർ, ഇബ്രാഹിം ബട്ടർഫ്ലൈ, ആർ.കെ. ബാവ ഹാജി, ഫറൂഖ് ഹാജി, ഹനീഫ് പടിയാർ, അഹമ്മദ് നസീർ, ശംസുദ്ദീൻ, സൽമാൻ ഫാരിസ് യമാനി, ഹാരിസ് മിസ്ബാഹി എന്നിവരും വിവിധ സംഘടനാ നേതാക്കളും സാമൂഹിക പ്രവർത്തകരും രക്ഷിതാക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പരിപാടിയിൽ സംബന്ധിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments