Breaking News

*തകര്‍ന്ന റോഡ് പരിശോധിക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവിന്റെ മുഖത്തടിച്ച് ഡല്‍ഹി മന്ത്രി പര്‍വേഷ് വര്‍മ്മ*

ന്യൂഡല്‍ഹി : പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ റോഡ് നിര്‍മ്മാണത്തിലെ അപാകത പരിശോധിക്കാനെത്തിയ ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി പര്‍വേഷ് സാഹിബ് സിംഗ് വര്‍മ്മ യുവാവിനെ പരസ്യമായി മുഖത്തടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആം ആദ്മി പാര്‍ട്ടി എംഎല്‍എ ജര്‍ണയില്‍ സിംഗിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പമുണ്ടായിരുന്ന യുവാവിനെയാണ് പി.ഡബ്ല്യു.ഡി മന്ത്രി മുഖത്തടിച്ചത്. വികാസ്പുരി മേഖലയില്‍ പുതുതായി നിര്‍മ്മിച്ച റോഡിലെ അപാകതകള്‍ മന്ത്രിയെ നേരിട്ട് കാണിക്കാന്‍ എത്തിയതായിരുന്നു എഎപി പ്രവര്‍ത്തകര്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രി റോഡ് നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പുതുതായി നിര്‍മ്മിച്ച റോഡ് തകര്‍ന്നുപോയെന്നും റോഡിന്റെ അവശിഷ്ടങ്ങള്‍ കൈകൊണ്ട് പൊളിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി നിര്‍മ്മാണത്തിലെ മോശം നിലവാരം എംഎല്‍എ ജര്‍ണയില്‍ സിംഗും പ്രവര്‍ത്തകരും മന്ത്രിക്ക് മുന്നില്‍ ഉന്നയിക്കുകയായിരുന്നു.  മന്ത്രി റോഡിലൂടെ നടന്നുപോകുമ്പോള്‍ കറുത്ത ടി-ഷര്‍ട്ട് ധരിച്ച ഒരു യുവാവ് മൊബൈല്‍ ഫോണില്‍ സംഭവങ്ങള്‍ പകര്‍ത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ യുവാവ് മന്ത്രിയുടെ അടുത്തേക്ക് നീങ്ങിയപ്പോള്‍ മന്ത്രി ഇയാളുടെ മുഖത്തടിക്കുകയായിരുന്നു. ഇതോടെ എഎപി പ്രവര്‍ത്തകര്‍ യുവാവിനെ മന്ത്രിയുടെ അടുത്തുനിന്ന് മാറ്റിനിര്‍ത്തുകയും മന്ത്രിയുടെ മോശം പെരുമാറ്റത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ലോക്കല്‍ പോലിസ് ഉടന്‍ ഇടപെട്ട് ഇരുവിഭാഗം പ്രവര്‍ത്തകരെയും പിരിച്ചുവിട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. സംഭവം വിവാദമായതോടെ എഎപി നേതാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. 'റോഡ് നിര്‍മ്മാണത്തിലെ അഴിമതി തുറന്നുകാട്ടിയതിന് മോദിജിയുടെ മന്ത്രി ഒരു യുവാവിനെ പരസ്യമായി മുഖത്തടിച്ചിരിക്കുന്നു. ഞാന്‍ നാളെ തിലക് നഗറില്‍ പോയി ഈ റോഡ് പരിശോധിക്കും,' എന്ന് എഎപി ദേശീയ കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എക്സില്‍ കുറിച്ചു. 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments